എഡ്മന്റൻ: കുട്ടികളുടെ അഭിനയ മിടുക്ക്, ക്രിയത്മകശേഷി, ടീം വർക്, ആശയവിനിമയം എന്നിങ്ങനെയുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന എഡ്മന്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (ASSET) കുട്ടികളുടെ നാടക കേന്ദ്രം ആരംഭിക്കുന്നു. പ്ലേഹൗസ് എന്ന് പേരിട്ടിരിക്കുന്ന കുട്ടികളുടെ നാടകവേദിയുടെ ആദ്യ പ്രൊഡക്ഷൻ 2025 ഫെബ്രുവരി 9 ന് എഡ്മന്റണിലെ പ്രശസ്തമായ ഗേറ്റ് വേ തീയേറ്ററിൽ വെച്ച് അരങ്ങേറും.
ഈവർഷം ഒക്ടോബർ അവസാനം നാടകത്തിനുള്ള പരിശീലനം ആരംഭിക്കും. എഡ്മന്റൻ സൗത്തിലെ മിൽഹെർസ്റ്റ് കമ്മ്യൂണിറ്റി ഹാളാണ് മുഖ്യ പരിശീലന വേദി. കുട്ടികളുടെ അവധി ദിനങ്ങളിലാണ് രണ്ട് മണിക്കൂർ പരിശീലനം നടത്തുന്നത്. 8 മുതൽ 15 വയസ് വരെയുള്ള ആണ്കുട്ടികൾക്കും, പെണ്കുട്ടികൾക്കുമാണ് നാടകത്തിൽ പങ്കെടുക്കാനാകുക.
ഒക്ടോബർ അഞ്ചിന് നടത്തുന്ന റിക്രൂട്ട്മെന്റ് പാർട്ടിയിൽ മാതാപിതാക്കൾക്കും, കുട്ടികൾക്കും ഉള്ള ഓറിയെന്റേഷൻ നടക്കും. ആൽബെർട്ടയിലെ പ്രശസ്തമായ കമ്പനി ഫാമിലി തീയറ്റർ ഗ്രൂപ്പ് ആണ് നാടകത്തിന്റെ പരിശീലനവും, സംവിധാനവും നിർവ്വഹിക്കുന്നത്.
നാടകപരിശീലനവും, അവതരണവും പൂർണമായും സൗജന്യമാണ്. നാടകത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ assettheatre@gmail.com എന്ന മെയിലിൽ അയക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: സാം 7809070593, ബൈജു 5877104620 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.