മലയാളി മനസ്സിന്റെ’ സ്ഥിരം എഴുത്തുകാർ ‘ എന്ന പംക്‌തിയിലേക്ക് എല്ലാവർക്കും സ്വാഗതം.
ഞാനിതുവരെ പരിചയപ്പെടുത്തിയ എല്ലാ എഴുത്തുകാരിൽ നിന്നും വ്യത്യസ്തയാണീ എഴുത്തുകാരി. നിന്നെ ഞാൻ ഒരിക്കലും തനിച്ചു വിടില്ല, ആരു നിന്നെ കൈയ്യൊഴിഞ്ഞാലും മരണം വരെ ഞാൻ നിന്നോടൊപ്പം ഉണ്ടാകും എന്ന് വാക്ക് കൊടുത്ത് ‘സങ്കടങ്ങൾ ‘ പെരുമഴ പോലെ ജീവിതത്തിലേക്കു ഒഴുകുമ്പോൾ പ്രതിസന്ധികളെ അനുഭൂതിയായി മനസ്സിൽ സ്വീകരിച്ച സുജ പാറുകണ്ണിൽ ആണ് ഇന്നത്തെ നമ്മുടെ അതിഥി.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മാമ്മൂട് പാറുകണ്ണിൽ പരേതനായ വർഗീസ് ചാക്കോയുടെയും ഏലിയാമ്മ വർഗീസിന്റെയും മകൾ.ധാരാളം ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ചെറുപ്പം മുതൽ എഴുത്തിന്റെയും വായനയുടെയും ലോകമായിരുന്നു സുജയുടേത്. നീണ്ട പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ എഴുത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞു.
സുജയുടെ പല രചനകളുടെയും തലക്കെട്ട് നർമ്മകഥ, അനുഭവകഥ എന്നൊക്കയാണെങ്കിലും അത് വായിക്കുമ്പോൾ അതിൽ വെറുതെ ചിരിച്ചു തള്ളാനുള്ള കാര്യങ്ങളല്ല ഉണ്ടാകാറുള്ളത്. ചിരിയോടോപ്പം വായനക്കാർക്ക് ചിന്തിക്കാനും കൂടിയുള്ള ഒരു സന്ദേശം അതിലുണ്ടാകും.
സമൂഹത്തിൽ നടമാടുന്ന അനീതികൾക്കെതിരെ ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിക്കുന്ന സുജയുടെ രചനകൾ വായനക്കാർക്ക് വളരെ ഹൃദ്യമാണ്. ഒരു ‘ശ്രീനിവാസൻ ‘സിനിമ കാണുന്നതു പോലുള്ള സുഖമാണ് സുജയുടെ എഴുത്തുകൾക്ക്. നർമ്മം കൈകാര്യം ചെയ്യുന്ന എഴുത്തുകാരികൾ നന്നേ കുറവ്. ആക്ഷേപഹാസ്യം എഴുതുന്ന എഴുത്തുകാരികൾ ഇല്ലെന്നുതന്നെ പറയാം. അതാണ് സുജയെ മറ്റ് എഴുത്തുകാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്
മലയാളിമനസ്സിന്റെ കോപ്പി എഡിറ്റർ എന്ന നിലയിൽ സുജയുടെ ഇന്റർവ്യൂ എടുക്കുക എന്ന ദൌത്യവുമായി എത്തിയ എനിക്ക് വ്യക്തിപരമായി സുജയോട് മറ്റൊരു അടുപ്പം കൂടിയുണ്ട്.
മലയാളി മനസ്സിന്റെ തുടക്കകാലത്ത് എല്ലാ ലേഖന മത്സരങ്ങളിലും സമ്മാനങ്ങൾ വാരികൂട്ടുന്ന ഈ സുന്ദരി സുജയുടെ കഥകൾ പണ്ടേ എനിക്ക് പ്രിയപ്പെട്ടവ ആയിരുന്നു.
കോട്ടയത്തെ മലയാളിമനസ്സിന്റെ ‘സ്നേഹ സംഗമം ‘ പരിപാടിയിൽ വച്ചാണ് നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചത്. പിന്നീട് വരികളിലൂടെ, വാക്കുകളിലൂടെ, ഏതോ മുജ്ജന്മ സൗഹൃദമെന്നപോലെ ആ അടുപ്പം തുടരുന്നു.
താമസിയാതെ ഞാൻ അഡ്മിൻ ആയ സംസ്കൃതി &ആർഷഭാരതി ഗ്രൂപ്പിലേക്ക് അഡ്മിൻ സ്ഥാനം നൽകി സുജയെ കൂട്ടി കൊണ്ടുവന്നു. വളരെ കുറച്ചു നാളുകൾക്കുള്ളിലാണ് കാഴ്ച സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതും ഗ്രൂപ്പിൽ നിന്ന് വിരമിക്കുന്നതും. ഞങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും ഒരുമിച്ചു നിന്ന് സുജയെ എഴുത്തിന്റെ ലോകത്തേക്ക് തന്നെ തിരിച്ചു കൊണ്ടുവന്നതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിട്ടിരുന്ന സുജ ഈ പ്രതിസന്ധിയേയും അതിജീവിച്ച് എഴുത്ത് തുടരുന്നത് പ്രശംസനീയം!
“കലപ്പയ്ക്ക് കൈ വച്ചിട്ട് പുറകോട്ടു നോക്കരുത് “ എന്ന തിരുവചനം അന്വർത്ഥം ആക്കുന്ന ജീവിതമായിരുന്നു സുജയുടേത് എന്ന് നിസ്സംശയം പറയാം. തോല്ക്കാൻ മനസ്സില്ലാത്തവരെ തോൽപ്പിക്കാൻ ആരെക്കൊണ്ടുമാകില്ല!
ചേർത്തു പിടിക്കാനും പ്രത്യാശയുടെ തിരി തെളിക്കാനും അമല എന്ന പൊന്നുമോളും സ്നേഹിക്കുന്ന കുടുംബവും ബന്ധുക്കളും ഉത്തമ സുഹൃത്തുക്കളും ഉള്ളപ്പോൾ വിജയത്തിലേക്കുള്ള വഴികൾ താനെ തെളിഞ്ഞു വരും!
വിപരീത ദിശയിൽ വന്ന ദുർഘടങ്ങളെയെല്ലാം തോൽപ്പിച്ച് വിധിയെ നേരിടാൻ സഹായിച്ചത് അക്ഷരങ്ങളുടെ ലോകമാണ്. ആ ലോകത്തിലേയ്ക്ക് മുന്നോട്ടു കുതിക്കാൻ സഹായിച്ചത് മലയാളിമനസ്സിന്റെ സാരഥി ശ്രീ രാജു ശങ്കരത്തിലിന്റെ പ്രോത്സാഹനം കൂടിയാണ്. എഴുത്തുകാരിയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു നിന്നു. രാജു ശങ്കരത്തിൽ സർ ആണ് സുജയെ എഴുത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയത്. ആദ്യ കഥ പ്രസിദ്ധീകരിച്ചുവന്നപ്പോഴുണ്ടാ
ഈ വർഷം സുജയുടെചെറുകഥാസമാഹാരം`ഓലഞ്ഞാലി
പ്രശസ്ത സാഹിത്യകാരൻ ശ്രീ ടി. പി. വേണുഗോപാലൻ, കവി കെ. വി. ജിജിൽ….തുടങ്ങിയവരുടെയൊക്ക സാന്നിധ്യത്തിൽ സാഹിത്യകാരി എച്മിക്കുട്ടി ആണ് പുസ്തക പ്രകാശനം നടത്തിയത്.
ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം നേരിട്ട് എഴുത്തിന്റെ ലോകത്ത് മുന്നേറുന്ന ഈ എഴുത്തുകാരി പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. മലയാളത്തിൽ മുന്നിട്ട് നിൽക്കുന്ന പല പ്രസിദ്ധീകരണങ്ങളിലും സുജയുടെ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.
വായനക്കാർക്ക് ഒട്ടും വിരസത ഉണ്ടാക്കാത്ത അവതരണ രീതിയാണ് സുജയുടേത്. സാധാരണ മനുഷ്യരുടെ അസാധാരണജീവിതം അതിസാധാരണഭാഷയിൽ ആവിഷ്കരിക്കുന്നതാണ് സുജയുടെ രീതി. ഈ കഥാകാരിക്കു മലയാള ചെറുകഥാരംഗത്ത് സ്വന്തം ആയ ഒരു ഇരിപ്പിടം ഉണ്ടാകുന്ന കാലം ഒട്ടും വിദൂരമല്ല.
ജീവിതത്തിന്‍റെ നടവഴികളിൽ താൻ കണ്ടുമുട്ടിയ ചിലരുടെ അനുഭവം, പച്ചയായ ജീവിതം കുത്തിക്കുറിച്ചപ്പോൾ കഥകളും ലേഖനങ്ങളും ആയ സന്തോഷം സുജ പങ്കുവച്ചു.പ്രവാസ ജീവിത്തിന്റെ കയ്പ്പും മധുരവും ഒരു പോലെ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കഥകൾ സുജ എഴുതിയിട്ടുണ്ട്. ഭാഷയുടെ ലാളിത്യം, നർമ്മം കലർന്ന ആഖ്യാന ശൈലി ഇവ രണ്ടുമാണ് സുജയെ വായനക്കാരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.ഇപ്പോൾ എറണാകുളത്തു മകൾ അമലയും മരുമകൻ അനീഷ് ജോർജും കൊച്ചുമക്കൾ ഹെസലും ക്രിസാന്റോയോടുമൊപ്പം വിശ്രമജീവിതത്തിൽ.
ഇനിയും ഒരുപാട് രചനകൾ ഈ അനുഗ്രഹീത തൂലികയിൽ നിന്ന് ഉദ്ഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്….
നന്ദി! നമസ്കാരം!