Thursday, December 26, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. ഇസ്രയേൽ-ഹമാസ് യുദ്ധം തുടരവേ ഗാസയിൽ 2 ദിവസത്തെ വെടിനിർത്തൽ എന്ന നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. ബന്ദികളെ വിട്ടയയ്ക്കുന്നതും പൂർണ വെടിനിർത്തലിന് വഴിയൊരുക്കുന്നതുമായ നിർദേശമാണ് അൽസീസി മുന്നോട്ടുവച്ചത്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിലാണ് അൽസീസി സർക്കാർ. ‘‘2 ദിവസത്തെ വെടിനിർത്തൽ നിർദേശമാണു മുന്നോട്ട് വച്ചിരിക്കുന്നത്. ഹമാസിന്റെ പക്കലുള്ള 4 ഇസ്രായേലി ബന്ദികളെ പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറും. തുടർന്ന്, പൂർണ വെടിനിർത്തലും ഗാസയിലേക്ക് സഹായവും ലക്ഷ്യമിട്ട് 10 ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തും’’– കെയ്റോയിൽ അൾജീരിയൻ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അൽസീസി പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നു 10 ദിവസത്തിനുള്ളിൽ സ്ഥിരമായ വെടിനിർത്തൽ കരാറിലെത്തുന്നതിനായി ചർച്ചകൾ പുനഃരാരംഭിക്കണമെന്നും അൽസീസി വ്യക്തമാക്കി. അൽസീസിയുടെ നിർദേശത്തോട് ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല. എന്നാൽ നിർദേശങ്ങൾ ഹമാസ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു പലസ്തീനീയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. എന്നാൽ ഏത് കരാറും യുദ്ധം അവസാനിപ്പിക്കുകയും ഇസ്രയേൽ സൈന്യത്തെ ഗാസയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നതായിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതിനിടെ ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന് ലബനീസ് പ്രധാനമന്ത്രി. 60 ദിവസത്തെ വെടിനിർത്തൽ ധാരണയുടെ കരട് തയാറായിട്ടുണ്ടെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. യുഎസ് ആണ് വെടിനിർത്തലിന് പിന്നിലെന്നാണ് പുറത്തുവന്ന രേഖയിൽനിന്നു വ്യക്തമാകുന്നത്. അതേസമയം, ഇക്കാര്യത്തോട് ലബനനിലെ സായുധസംഘമായ ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല. അതേസമയം, ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ വെടിനിർത്തൽ ധാരണ യാഥാർഥ്യമാകൂയെന്നാണ് ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി പറ​യുന്നത്. കരട് ധാരണാപത്രം ഇസ്രയേലിന്റെ ഭരണനേതൃത്വത്തിലുമെത്തിയിട്ടുണ്ടെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ നജീബ് മികാട്ടിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുളളിൽ ഇസ്രായേലിനു നേരെ ലബനൻ റോക്കറ്റാക്രമണം നടത്തുകയുണ്ടായി.

2. വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ 6 വീടുകളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 11 സ്ത്രീകളും 2 കുട്ടികളുമടക്കം 45 പലസ്തീൻകാർ കൊല്ലപ്പെട്ടു. 15 പേർക്കു പരുക്കേറ്റു. ജബാലിയയിലും വീടുകളിൽ ബോംബിട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. മേഖലയിലേക്കു സഹായമെത്തിക്കുന്നതു തടഞ്ഞ ഇസ്രയേൽ നടപടി സാധാരണജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയെന്ന് റെഡ് ക്രോസ് അടക്കം സന്നദ്ധസംഘടനകൾ പറഞ്ഞു. വടക്കൻ ഗാസ കേന്ദ്രീകരിച്ചു ഹമാസും സൈന്യവും തമ്മിൽ കനത്ത വെടിവയ്പു തുടരുന്നുവെന്നാണു റിപ്പോർട്ട്.
അടുത്ത ദിവസങ്ങളിലായി ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പട്ടണങ്ങളിലെ ഉൾമേഖലകളിലേക്ക് ഇസ്രയേൽ ടാങ്കുകൾ ആക്രമണം വ്യാപിപ്പിച്ചു. മൂന്നാഴ്ചയിലേറെയായി 3 പട്ടണങ്ങളിലായി ഒരുലക്ഷത്തിലേറെ പലസ്തീൻകാരെയാണു സൈന്യം വളഞ്ഞുവച്ചിരിക്കുന്നത്. സഹായവിതരണം നിലച്ചതോടെ ജനങ്ങൾ പട്ടിണിയിലും കടുത്ത ദുരിതത്തിലുമാണെന്ന് സന്നദ്ധസംഘടനകൾ പറഞ്ഞു. അതിനിടെ, ജബാലിയ ക്യാംപിലെ കമൽ അദ്‌വാൻ ആശുപത്രിയിൽനിന്നു 100 ഹമാസുകാരെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇവരെല്ലാം ആരോഗ്യപ്രവർത്തകരായി വേഷമിട്ടവരായിരുന്നുവെന്നും ആരോപിച്ചു. ആശുപത്രിയിൽ ഹമാസ് താവളമുണ്ടായിരുന്നെന്ന ആരോപണം അധികൃതർ നിഷേധിച്ചു. സൈന്യം തട്ടിക്കൊണ്ടുപോയത് ആരോഗ്യപ്രവർത്തകരെയും രോഗികളെയുമാണെന്നും പറഞ്ഞു. സൈന്യം തകർത്ത ആശുപത്രി കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും വിഡിയോയും പുറത്തുവന്നു.

3. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയിൽ തുടങ്ങിയ അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു. 2 ദിവസം മുൻപാണു ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്സിൽ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്. ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെ നിശിതമായി വിമർശിക്കുന്ന 2 പോസ്റ്റുകളും ഖമനയി പങ്കുവച്ചിരുന്നു. ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയാണ് ഹീബ്രു. ‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റു ചെയ്തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലും തെറ്റിയിരിക്കുന്നു. ഇറാനെന്ന ദേശത്തിന് എന്തുമാത്രം ശക്തിയും കഴിവും ആഗ്രഹവും പ്രേരണകളുമാണ് ഉള്ളതെന്ന് അവർക്ക് ഉടൻ മനസ്സിലാകും’ എന്നായിരുന്നു പോസ്റ്റ്. ഖമനയിയുടെ പ്രധാന ഔദ്യോഗിക അക്കൗണ്ടിൽ അപൂർവമായി മാത്രമാണ് ഹീബ്രുവിൽ വിവരങ്ങൾ പങ്കുവച്ചിരുന്നത്. കൂടുതലും ഇംഗ്ലിഷിലാണ് പോസ്റ്റുകൾ. പ്രധാന അക്കൗണ്ടിൽ ഇസ്രയേലിനെതിരെ കടുത്ത ഭാഷ ഉപയോഗിക്കാതിരിക്കാനും ഖമനയി ശ്രദ്ധിച്ചിരുന്നു.

4. ഹിസ്ബുല്ലയുടെ പുതിയ തലവനായി നയിം ഖാസിം. ഹസൻ നസ്റല്ല ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 മുതൽ 33 വർ‌ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. ഹിസ്ബുല്ലയുടെ വക്താവ് കൂടിയാണ് നയിം ഖാസിം. ഇസ്രയേലുമായുള്ള സംഘർഷങ്ങൾക്കിടെ അദ്ദേഹം പലപ്പോഴും വിദേശ മാധ്യമങ്ങളുടെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമായിരുന്നു. ഹസൻ നസ്റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷൻ പരാമർശങ്ങൾ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം. 1982ൽ ഇസ്രയേൽ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഖാസിം. 1992ൽ മുതൽ ഹിസ്ബുല്ലയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറൽ കോർഡിനേറ്ററും നയിം ഖാസിം ആയിരുന്നു.

വെളുത്ത തലപ്പാവാണ് നയിം ഖാസിം ധരിക്കുന്നത്. അദ്ദേഹത്തിന്റെ മുൻഗാമികളായ നസ്റല്ലയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നത്.

5. ജർമൻ പൗരത്വമുള്ള ഇറാൻ വിമതൻ ജംഷിദ് ഷർമാദിനെ (69) ഭീകരപ്രവർത്തനം ആരോപിച്ച് ഇറാൻ ഭരണകൂടം തൂക്കിക്കൊന്നു. 2003 മുതൽ യുഎസിലെ കലിഫോർണിയയിൽ സ്ഥിരതാമസമാക്കിയിരുന്ന ഷർമാദിനെ 4 വർഷം മുൻപ് ദുബായിൽനിന്നാണ് ഇറാൻ ഏജന്റുമാർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്. 2008ൽ ഇറാനിലെ പള്ളിയിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്നാരോപിച്ച് 2023ൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണു തൂക്കിലേറ്റിയത്. നടപടിയിൽ പ്രതിഷേധിച്ച് ജർമനി ഇറാനിലെ അംബാസഡറെ തിരിച്ചുവിളിച്ചു. ഷർമാദിനെ വധശിക്ഷയ്ക്കു വിധിച്ചതിന്റെ പേരിൽ 2023ൽ ജർമനി ഇറാന്റെ 2 നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.

6. യുക്രെയ്‌നുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. നിരവധി തവണ പരീക്ഷണം ഉണ്ടായതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കര, കടൽ, ആകാശ മാർഗങ്ങളിലൂടെയാണ് മിസൈലുകൾ പരീക്ഷിച്ചത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായിരുന്നു പരീക്ഷണം. യുഎസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ മിസൈൽ പരീക്ഷണമെന്നാണ് വിലയിരുത്തൽ. റഷ്യ – യുക്രെയ്ൻ യുദ്ധം രണ്ടരവർഷം പിന്നിട്ടിരിക്കെ, രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന വിവരം റഷ്യയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം, ഉത്തര കൊറിയൻ സൈനികർ റഷ്യയിലേക്ക് എത്തിയെന്ന നാറ്റോ വാദത്തെ റഷ്യ തള്ളിക്കളഞ്ഞിരുന്നു. വർധിച്ചുവരുന്ന ഭീഷണികൾ, പുതിയ ശത്രുക്കൾ വർധിച്ചു വരുന്ന സാഹചര്യം എന്നിവ കണക്കിലെടുത്താണ് പരീക്ഷണമെന്ന് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. റഷ്യ എന്തിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുക്കളുടെ എന്തു തരത്തിലുളള ആക്രമണത്തെയും പ്രതിരോധിക്കാനാണ് നീക്കമെന്ന് റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവും പറഞ്ഞു.

7. ചരിത്രത്തിലാദ്യമായി ദീപാവലി പ്രമാണിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ദീപാവലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ നടക്കുന്ന നവംബര്‍ 1 അവധിയായിരിക്കുമെന്നും ഡപ്യൂട്ടി കമ്മിഷണർ ഓഫ് മേയറിന്റെ ഓഫിസ് അറിയിച്ചു. ദീപാവലി ദിനത്തില്‍ കുട്ടികള്‍ക്ക് ക്ഷേത്രത്തില്‍ പോകേണ്ടിവരും. അതുകൊണ്ടാണ് അവധി അനുവദിക്കുന്നതെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ദിലീപ് ചൗഹാന്‍ പറഞ്ഞു. ജൂണ്‍ മാസത്തിൽ തന്നെ ദീപാവലിയ്ക്ക് സ്കൂൾ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിൽ 1.1 ദശലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുണ്ട്. വിവിധ മത വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ. ദീപാവലി വിളക്കുകളുടെ ഉത്സവമാണെന്നും ഹിന്ദുക്കളും ജൈനരും സിഖുകാരും ബുദ്ധമതക്കാരും എല്ലാവരും ആഘോഷിക്കുന്നതാണെന്നും ന്യൂയോര്‍ക്ക് സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസും എക്സിലൂടെ ദീപാവലി ആശംസ അറിയിച്ചിട്ടുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് ലോക വ്യാപര സംഘടനയുടെ അടക്കം ന്യൂയോർക്ക് നഗരത്തിലെ വിവിധ കെട്ടിടങ്ങൾ ദീപാലംകൃതമാക്കിയിട്ടുണ്ട്.

8. കാനഡയിൽ സിഖ് വംശജർക്കെതിരായ പ്രചാരണം നടത്തുന്നതിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കാനഡയുടെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ. രാജ്യത്തെ സിഖ് വംശജരെ ലക്ഷ്യമിട്ട് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുകയും ഭീഷണിയും അതിക്രമവും ഉൾപ്പെടെയുള്ളവ നടത്തുകയും ചെയ്യുന്നതിനു പിന്നിൽ അമിത് ഷായുടെ ഉത്തരവാണെന്ന് യുഎസ് മാധ്യമമായ ‘ദി വാഷിങ്ടൻ’ പോസിറ്റിനോടു സ്ഥിരീകരിച്ചത് താനാണെന്നും ഡേവിഡ് മോറിസൺ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ സുരക്ഷാ കമ്മിറ്റിയെ അറിയിച്ചു. അതേസമയം, കാനഡയുടടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. വാഷിങ്ടൻ പോസ്റ്റാണ് ആദ്യമായി ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദികൾക്കെതിരായ നീക്കങ്ങൾക്കുപിന്നിൽ അമിത് ഷാ ആണെന്ന് കനേഡിയൻ അധികൃതർ ആരോപിക്കുന്നുവെന്നായിരുന്നു വാഷിങ്ടൻ പോസ്റ്റിൽ വന്ന വാർത്ത. ‘‘മാധ്യമപ്രവർത്തകൻ എന്നെ വിളിച്ചുചോദിച്ചു, ആ വ്യക്തിയാണോയെന്ന്. ആ വ്യക്തിയാണെന്നു ഞാൻ സ്ഥിരീകരിച്ചു’’ – മോറിസൺ കമ്മിറ്റിക്കു മുൻപാകെ പറഞ്ഞു. അതേസമയം, അമിത് ഷാ ഇടപെട്ടെങ്കിൽ അതേക്കുറിച്ച് കാനഡ അറിഞ്ഞത് എങ്ങനെയെന്ന് മോറിസൺ പറഞ്ഞില്ല. 2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയയിൽ വച്ചാണ് കനേഡിയൻ പൗരനായ സിഖ് വംശജൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടത്.
ഇതേതുടർന്ന് കാനഡ സൈബർ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കാനഡയുടെ പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയെ സൈബർ എതിരാളികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സർക്കാർ സ്പോൺസർ ചെയ്യുന്നവർ ചാരപ്രവർത്തനത്തിനായി കാനഡയുടെ ഔദ്യോഗിക നെറ്റ്‌വർക്കുകൾ ലക്ഷ്യമിടുകയാണെന്നാണ് റിപ്പോർട്ടിലെ ആരോപണം. ആഗോളതലത്തിൽ പുതിയ അധികാരകേന്ദ്രങ്ങളാകാൻ ശ്രമിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങൾ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബർ പ്രോഗ്രാമുകൾ നിർമിക്കുകയാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. എന്നാൽ ഒരു തെളിവുകളുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

9. യുക്രെയ്നിനെതിരെ പോരാടാൻ റഷ്യൻ സൈനിക യൂണിഫോമിൽ ഉത്തര കൊറിയൻ സൈനികർ റഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ കർസ്കിലേക്ക് നീങ്ങുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. അപകടകരവും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നും അദ്ദഹം പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനൊപ്പം പെന്റഗണിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു ലോയ്ഡ് ഓസ്റ്റിൻ. യുക്രെയ്നിനെതിരെ പോരാടാൻ സൈന്യത്തെ വിട്ടുനൽകുന്നതിനു പകരമായി ഉത്തര കൊറിയ റഷ്യയിൽ നിന്ന് തന്ത്രപരമായ ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും നേടിയെടുക്കാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുൻ പറഞ്ഞു. അത്തരത്തിലുള്ള നീക്കം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിനെതിരെ പോരാടാൻ അയച്ച സൈന്യത്തെ ഉത്തര കൊറിയ പിൻവലിക്കണമെന്ന് ലോയ്ഡ് ഓസ്റ്റിനും കിം യോങ് ഹ്യുനും ആവശ്യപ്പെട്ടു.
രണ്ട് ഉത്തര കൊറിയൻ സേനാ യൂണിറ്റുകളിലായി 11000 സൈനികർ റഷ്യയ്ക്കൊപ്പം ചേർന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച ലോയ്ഡ് ഓസ്റ്റിൻ, എന്താണ് അവിടെ സംഭവിക്കുകയെന്ന് തങ്ങൾ നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി. ‘ഉത്തര കൊറിയയും റഷ്യയും യുദ്ധ പങ്കാളികളായാൽ, റഷ്യക്കൊപ്പം പോരാടാൻ ഉത്തര കൊറിയ തീരുമാനിച്ചാൽ അത് വളരെയേറെ ഗുരുതരമായ സ്ഥിതിയാണ്’ – ഓസ്റ്റിൻ പറഞ്ഞു.
ഇതേസമയം ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈൽ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഉത്തര കൊറിയ പരീക്ഷിച്ചത് ബാലിസ്റ്റിക് മിസൈൽ ആകാനിടയുണ്ടെന്ന് ജപ്പാന്റെ തീരസംരക്ഷണ സേനയും അറിയിച്ചു. ഇതിനു മുൻപ് ജൂലൈയിലും സെപ്റ്റംബറിലും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു.

10. ചൈനയുടെ ബഹിരാകാശ നിലയമായ ടിയൻഗോങ് സ്പേസ് സ്റ്റേഷനിൽ പുതുതായി 3 യാത്രികരെത്തി. ഷെൻസൂ–19 ബഹിരാകാശ പേടകത്തിലാണ് ഇവർ എത്തിയത്. നിലയത്തിൽ നേരത്തേ തന്നെ 3 യാത്രികരുണ്ട്. ഇവർ എത്തിയിട്ട് 6 മാസമായി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശനം നിഷേധിച്ചതിനാലാണു ചൈന സ്വന്തമായി ബഹിരാകാശ നിലയമുണ്ടാക്കിയത്. നിലവിൽ സ്വന്തമായി ബഹിരാകാശ നിലയമുള്ള ഒരേയൊരു രാജ്യമാണു ചൈന.

11. 3 പതിറ്റാണ്ടിനു ശേഷം സ്പെയിനിലുണ്ടായ പ്രളയത്തിൽ 72 പേർ മരിച്ചു. കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. പൂർണമായി മുങ്ങിയ പലപ്രദേശങ്ങളിലും രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. പലയിടത്തും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന് അധികൃതർ പറഞ്ഞു. ബോട്ടുകൾ ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണ്. ഒരു വർഷത്തിൽ പെയ്യേണ്ടിയിരുന്ന മഴ 8 മണിക്കൂറിൽ പെയ്തതാണ് വലൻസിയയിൽ പ്രളയത്തിനു വഴിവച്ചത്.
വലൻസിയയിൽനിന്ന് പ്രധാനനഗരങ്ങളായ മഡ്രിഡിലേക്കും ബാഴ്സലോനയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ നിർത്തി.
കാലാവസ്ഥാ വ്യതിയാനം മൂലം മെഡിറ്ററേനിയൻ കടലിൽ ചൂടുകൂടുന്നതാണ് പെരുമഴയ്ക്കു കാരണമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

12. കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്‌, ഡെംചോക്‌ മേഖലകളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്മാറ്റ നടപടികള്‍ പൂർത്തിയാക്കി അതിർത്തിയിൽ പട്രോളിങ് ആരംഭിച്ചു. സൈനിക പിന്മാറ്റത്തിനൊപ്പം മേഖലയിലെ താൽക്കാലിക നിർമാണങ്ങളും പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പട്രോളിങ്. സേനകളുടെ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും സൈന്യം പരിശോധന നടത്തും. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള 3 ഘട്ട പ്രക്രിയയുടെ ആദ്യപടിയാണിത്. സംഘർഷാവസ്ഥ കുറയ്ക്കൽ, സൈനികരെ പിൻവലിക്കൽ തുടങ്ങിയവയാണ് മറ്റ് ഘട്ടങ്ങൾ. കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്നായിരുന്നു നിലപാട്. നിയന്ത്രണ രേഖയിൽനിന്ന്‌ പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ്‌ ഇന്ത്യ പ്രഖ്യാപിച്ചത്‌. പട്രോളിങ്‌ 2020 ഏപ്രിലിന്‌ മുൻപുള്ള നിലയിലാണ് പുനരാരംഭിച്ചത്. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ്‌ നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വർധിപ്പിച്ചത്‌.

13. യുക്രെയ്നിലെ യുദ്ധത്തിനു റഷ്യയ്ക്ക് യുദ്ധസാമഗ്രികളടക്കം നൽകിയതിന് ഇന്ത്യയും ചൈനയുമടക്കം ഡസനിലേറെ രാജ്യങ്ങളിലെ 398 കമ്പനികൾക്കും 120 വ്യക്തികൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. പട്ടികയിൽ 19 ഇന്ത്യൻ കമ്പനികളും 2 ഇന്ത്യക്കാരുമുണ്ട്. പാശ്ചാത്യ ഉപരോധത്തിനു കീഴിലായ റഷ്യയെ ഉപരോധം മറികടക്കാൻ മറ്റുരാജ്യങ്ങൾ സഹായിക്കുന്നതു തടയുന്നതിന്റെ ഭാഗമാണു നടപടി. ഇതിൽ 274 കമ്പനികളും റഷ്യയ്ക്കു നവീന പ്രതിരോധ സാങ്കേതികവിദ്യയും വെടിക്കോപ്പുകളും വിൽപന നടത്തി. ഇതിനൊപ്പം ഒട്ടേറെ മുതിർന്ന റഷ്യൻ പ്രതിരോധ ഉദ്യോഗസ്ഥർക്കു യാത്രാവിലക്കും യുഎസ് ഏർപ്പെടുത്തി. മലേഷ്യ,യുഎഇ, തുർക്കി എന്നീ രാജ്യങ്ങളിലെ കമ്പനികളും വിലക്കുപട്ടികയിലുണ്ട്.

14. ലേസർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘അയൺ ബീം’ പ്രതിരോധ സംവിധാനം അടുത്ത വർഷത്തോടെ ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമാകുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ. ഇപ്പോഴുള്ള പ്രതിരോധ സംവിധാനമായ അയൺ ഡോമിനു പുറമേയാണ് അയൺ ബീം സംവിധാനം വികസിപ്പിക്കുന്നത്. മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ അടക്കമുള്ളവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാനാണ് അയൺ‌ ബീം വികസിപ്പിക്കുന്നത്. ഈ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ ഇസ്രയേൽ സ്വന്തം രാജ്യത്തെ കമ്പനികളിൽ 500 മില്യൺ ഡോളർ നിക്ഷേപം നടത്തിയതായി മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്. 2021ൽ അയൺ ബീം പ്രതിരോധ സംവിധാനത്തിന്റെ മാതൃക വികസിപ്പിച്ചിരുന്നു. പുതിയ പ്രതിരോധ സംവിധാനം ഇസ്രയേലിന്റെ സൈന്യത്തെ ശക്തിപ്പെടുത്തുമെന്ന് സൈനിക വിദഗ്ധർ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.
ഇതേസമയം ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനു മുൻപായി ഗാസയിലും ലബനനിലും വെടിനിർത്തലിനുവേണ്ടിയുള്ള യുഎസ് ശ്രമങ്ങൾ തുടരുന്നതിനിടെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസയിൽ 68 കൊല്ലപ്പെട്ടു. തെക്കൻ ഗാസ പട്ടണമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി.
അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു മേഖലകളിലും വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ നടപടി. എന്നാൽ താൽക്കാലിക വെടിനിർത്തലിന് ഹമാസ് അനുകൂലമല്ലെന്ന് ഹമാസ് അനുകൂല വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
ഇതേസമയം ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേൽ സൈന്യം. വടക്കൻ ലബനനിൽ കടന്നുകയറിയാണ് ഇസ്രയേൽ നാവികസേന ഇയാളെ പിടികൂടിയത്. ഇസ്രയേലിലേക്കു മാറ്റിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സൈന്യം അറിയിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്താൻ സൈന്യം തയാറായില്ല. ഇസ്രയേലിന്റെ ആക്രമണം സംബന്ധിച്ച് പ്രസ്താവന ഇറക്കിയ ലബനൻ എന്നാൽ മുതിർന്ന നേതാവിനെ ഇസ്രയേൽ പിടികൂടിയോ എന്നു വ്യക്തമാക്കിയില്ല. അതേസമയം, സൈനിക നടപടിയെ കുറിച്ച് ഇസ്രയേൽ പുറത്തുവിട്ടതിനു പിന്നാലെ ലബനീസ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി നജീബ് മികാട്ടി, ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിയിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments