Sunday, December 22, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. ചാരത്തിമിംഗലമെന്ന പേരിൽ അറിയപ്പെട്ടിരുന്ന വാൽദിമിർ തിമിംഗലത്തെ നോർവെയുടെ തീരത്തു ചത്തനിലയിൽ കണ്ടെത്തി. 14 അടി നീളമുള്ള 2700 പൗണ്ട് തൂക്കംവരുന്ന വാൽദിമിറിനെ സ്റ്റെവാംഗറിനു സമീപം റിസാവിക ഉൾക്കടലിൽ മീൻപിടിക്കാൻ പോയ അച്ഛനും മകനുമാണു കണ്ടെത്തിയത്. 2019ൽ ഈ തിമിംഗലത്തെ കണ്ടെത്തുമ്പോള്‍ അതിന്റെ മേലുണ്ടായിരുന്ന പടച്ചട്ടപോലുള്ള ബെൽറ്റിൽ ‘എക്യുപ്മെന്റ് ഫ്രം സെന്റ് പീറ്റേഴ്സ്ബർഗ്’ എന്ന് രേഖപ്പെടുത്തിയിരുന്നു. അന്നുമുതലാണ് ഈ തിമിംഗലം റഷ്യയുടെ ചാരൻ എന്നപേരിൽ ‘കുപ്രസിദ്ധി’യാർജിച്ചത്. എന്നാൽ റഷ്യയിത് തള്ളിക്കളയുകയുകയാണു ചെയ്തത്. മറ്റാരും തിമിംഗലത്തിന്റെ അവകാശവാദം ഉന്നയിച്ചു രംഗത്തു വരാതിരുന്നതോടെ ദുരൂഹത വർധിക്കുകയും ചെയ്തു. തണുത്തുറഞ്ഞ ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്നതരം ബെലൂഗ വിഭാഗത്തിൽപ്പെടുന്ന തിമിംഗലമായിട്ടുകൂടി അവയിൽനിന്നു വിഭിന്നമായി മനുഷ്യരുടെ സാന്നിധ്യം വാൽദിമിറിനെ ഭയപ്പെടുത്തിയിരുന്നില്ല. മനുഷ്യരുടെ സാന്നിധ്യമുള്ളയിടങ്ങളിൽ കഴിയുന്നതിന് വാൽദിമിറിനു പ്രശ്നങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മനുഷ്യരുമായി അടുത്തിടപഴകുന്ന തരത്തിൽ കൂട്ടിൽ കഴിഞ്ഞിട്ടുണ്ടാകാമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.

2. റഷ്യയിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങൾ. മോസ്കോ ഓയിൽ റിഫൈനറി പരിസരത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണു തീപിടിത്തമുണ്ടായി. മധ്യറഷ്യയിൽ ടിവിർ മേഖലയിലെ കനാകവ ഊർജനിലയത്തിനു സമീപവും ഉഗ്രസ്ഫോടനങ്ങളുണ്ടായി. ഒറ്റ രാത്രിയിൽ വിവിധ പ്രവിശ്യകളിലായി 158 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു. മോസ്കോയിലെ 3 വിമാനത്താവളങ്ങൾ കഴിഞ്ഞ ശനിയാഴ്ച രാത്രി സർവീസ് നിർത്തിവച്ചു. മോസ്കോ മേഖലയിലെ കഷിറ ഊർജനിലയത്തിനുനേരെയും ആക്രമണശ്രമമുണ്ടായി. മോസ്കോ റിഫൈനറിക്കു പുറത്തുള്ള സാങ്കേതികവിഭാഗം കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. മോസ്കോ അടക്കം 15 മേഖലകളിൽ ഡ്രോണുകളെ തടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമില്ലെന്നും ഊർജനിലയങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളുമായി യുക്രെയ്ൻ തലസ്ഥാനം ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് കീവ് ഉന്നമിട്ട് 10 ക്രൂസ് മിസൈലുകളും 10 ബാലിസ്റ്റിക് മിസൈലുകളും ഡ്രോണും റഷ്യ പ്രയോഗിച്ചത്. ഇവയെല്ലാം യുക്രെയ്ൻ സേന തകർത്തെങ്കിലും കീവിലെമ്പാടും ഇടതടവില്ലാതെ സ്ഫോടനശബ്ദം മുഴങ്ങിയതോടെ ജനം ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി. തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് കീവിൽ വിവിധയിടങ്ങളിലായി 3 പേർക്കു പരുക്കേറ്റു. 2 കിൻഡർ ഗാർട്ടനുകൾക്കും കേടുപാടുണ്ടായി. നഗരത്തിൽ പലയിടങ്ങളിലും തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. വേനലവധിക്കു ശേഷം കുട്ടികൾ സ്കൂളിൽ തിരികെയെത്തുന്ന വേളയിലാണ് റഷ്യ പിടിമുറുക്കുന്നത്. ഹർ‌കീവിലും ആക്രമണമുണ്ടായി; പാർപ്പിട സമുച്ചയത്തിനു തീപിടിച്ചു. യുക്രെയ്നിന്റെ പ്രത്യാക്രമണം റഷ്യൻ മേഖലകളിലും നാശമുണ്ടാക്കി. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള ബിൽഗെറെദിലെ മിസൈലാക്രമണത്തിൽ ശിശുസംരക്ഷണകേന്ദ്രം തകർന്നു. മേഖലയിലെ സ്കൂളുകൾ പലതും ഓൺലൈൻ പഠനരീതിയിലേക്കു മാറിയതായി അധികൃതർ അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയുമായി യുക്രെയ്നിന്റെ 158 ഡ്രോണുകൾ തകർത്തതായി റഷ്യൻ സേന അറിയിച്ചു. ഇതിൽ രണ്ടെണ്ണം മോസ്കോ ലക്ഷ്യമാക്കിയുള്ളതായിരുന്നു. ഇതിനിടെ, കിഴക്കൻ യുക്രെയ്നിലെ ഡോൺബാസിൽ റഷ്യ അതിവേഗം മുന്നേറുന്നതായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. യുക്രെയ്നിന്റെ 18% ഇപ്പോൾ റഷ്യൻ സേന കയ്യേറിക്കഴിഞ്ഞു. പ്രധാനമായും പൊക്രോവ്സ്ക് നഗരം ലക്ഷ്യമിട്ടാണ് കിഴക്കൻ യുക്രെയ്നിലെ റഷ്യൻ നീക്കം.

3. തെക്കൻ ഗാസയിൽ റഫയിലെ തുരങ്കത്തിൽനിന്ന് 6 ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രയേൽ സൈന്യം കണ്ടെടുത്തു. സൈന്യമെത്തുംമുൻപേ ഹമാസ് ഇവരെ വധിച്ചതാണെന്ന് ഇസ്രയേലും വെടിനിർത്തലിനു വഴങ്ങാത്ത ഇസ്രയേലാണു ബന്ദികളുടെ മരണത്തിന് ഉത്തരവാദികളെന്നു ഹമാസും ആരോപിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയ തുരങ്കത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെനിന്നു കഴിഞ്ഞ ദിവസം മറ്റൊരു ബന്ദിയെ ഇസ്രയേൽ സൈന്യം മോചിപ്പിച്ചിരുന്നു. ബന്ദികളുടെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേൽ നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു.
അതിനിടെ ബന്ദികളുടെ മോചനത്തിനു കരാറുണ്ടാക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് ഇസ്രയേലിൽ ജനകീയപ്രക്ഷോഭം നടന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ ‘ഹിസ്ത‍ഡ്രറ്റ്’ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെ മേഖലകൾ സ്തംഭിച്ചു. പ്രധാന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം 2 മണിക്കൂറോളം തടസ്സപ്പെട്ടു. ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമാണു പണിമുടക്ക്. റഫയിലെ തുരങ്കത്തിൽനിന്ന് 6 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിനു പിന്നാലെ ഞായറാഴ്ച വൈകിട്ട് പതിനായിരങ്ങളാണു നെതന്യാഹുവിനെതിരെ തെരുവിലിറങ്ങിയത്. അന്നേദിവസം സർക്കാർസ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും പുറമേ വൻകിട മാളുകളും അടച്ചിട്ടു. ജറുസലമടക്കം ചില മേഖലകളെ പണിമുടക്ക് ബാധിച്ചില്ല. അതേസമയം, പണിമുടക്കു നിയമവിരുദ്ധമാണെന്നു ലേബർ കോടതി ഉത്തരവിട്ടു. പണിമുടക്കു രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ നിലപാടു ശരിവയ്ക്കുകയാണു കോടതി ചെയ്തത്. ഒക്ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രയേലിൽനിന്ന് 250 പേരെയാണു ബന്ദികളാക്കിയത്. ഇതിൽ നവംബറിൽ വെടിനിർത്തൽ കരാർപ്രകാരം നൂറിലേറെ പേരെ വിട്ടയച്ചു. 35 പേർ തടവിൽ മരിച്ചു. 8 പേരെ ഇസ്രയേൽ സൈന്യം മോചിപ്പിച്ചു. ശേഷിക്കുന്നവരെ തിരിച്ചെത്തിക്കാൻ ഹമാസുമായി വെടിനിർത്തൽ വേണമെന്നാണ് ആവശ്യം. കഴിഞ്ഞമാസങ്ങളിൽ വെടിനിർത്തൽ കരാറിനായി നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. അതേസമയം, ഗാസയിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 11 പേരും ദെയ്റൽ ബലാഹിൽ കാർയാത്രക്കാരായ 4 പേരും കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥിക്യാംപിലെ സൈനിക നടപടി ഏഴാം ദിവസത്തിലേക്കു കടന്നു. മേഖലയിൽ ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാത്ത സ്ഥിതിയാണ്.

വടക്കൻ ഗാസയിലെ ജബാലിയയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ അഭയകേന്ദ്രമായ സ്കൂളിനുമുന്നിൽ ഭക്ഷണത്തിനു വരിനിന്ന 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. പോളിയോ വാക്സിനേഷന്റെ മൂന്നാം ദിനം വെടിനിർത്തൽ സമയപരിധി അവസാനിച്ചതിനു തൊട്ടുപിന്നാലെ മധ്യഗാസയിൽ ബോംബാക്രമണം പുനരാരംഭിച്ചു. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ കാ‍ൽഭാഗത്തോളം പേർക്ക് വാക്സിനേഷൻ പൂർത്തിയായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ആകെ 640,000 കുട്ടികൾക്കുള്ള പോളിയോ വാക്സിനേഷനാണു ലക്ഷ്യമിടുന്നത്. ത്വക്കുരോഗം ഉൾപ്പെടെ പടർന്ന് ഇസ്രയേലിലെ ജയിലുകളിലെ പലസ്തീൻ തടവുകാരുടെ ദുരിതം ഇരട്ടിയായതായി റിപ്പോർട്ടുകളുണ്ട്.

4. രണ്ടാം ലോകയുദ്ധത്തിൽ ജർമനി കൂട്ടക്കൊല ചെയ്ത ഏഴുനൂറിലേറെപ്പേരുടെ ഭൗതികാവശിഷ്ടങ്ങൾ പോളണ്ട് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പോളണ്ടിന്റെ വടക്കുഭാഗത്ത് ‘മരണത്തിന്റെ താഴ്‌വര’ എന്നറിയപ്പെടുന്ന പ്രദേശത്തെ കുഴിമാടങ്ങളിൽ 2021 മുതൽ 2024 വരെ കാലയളവിലാണ് 218 അഭയാർഥികളടക്കമുള്ള പോളിഷ് പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവരിൽ 120 പേരെ തിരിച്ചറിഞ്ഞു. ചോജ്നിസ് നഗരത്തിലെ ബസിലിക്കയിൽ നടന്ന അനുസ്മരണ ശുശ്രൂഷയ്ക്കുശേഷം 188 പേടകങ്ങളിലായാണ് ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊല്ലപ്പെട്ടവരുടെ കല്ലറകളിൽനിന്ന് ജർമൻ സൈനികർ ഉപയോഗിച്ച വെടിയുണ്ടകളും കണ്ടെത്തിയിരുന്നു.

5. നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലുള്ള ടൈറ്റാനിക് കപ്പൽ അവശിഷ്ടങ്ങളിൽനിന്നു ഗ്രീക്ക് ദേവതയായ ഡയാനയുടെ പൗരാണിക വെങ്കല ശിൽപം വീണ്ടെടുത്തു. 112 വർഷം മുൻപു മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളിൽ തിരയാൻ നിയമാവകാശം നേടിയ ആർഎംഎസ് ടൈറ്റാനിക് എന്ന യുഎസ് കമ്പനി നടത്തിയ പര്യവേക്ഷണത്തിലാണു വെങ്കലശിൽപം തിരിച്ചെത്തിച്ചത്. ബിസി 325 കാലത്തെ ഈ ശിൽപം അവശിഷ്ടങ്ങൾക്കിടയിൽ സുരക്ഷിതമായുണ്ടെന്ന് 1986 ൽ കണ്ടെത്തിയിരുന്നു. 20 ദിവസം നീണ്ട പര്യവേക്ഷണത്തിനുശേഷം കഴിഞ്ഞ മാസം 9ന് ആണു സംഘം തിരിച്ചെത്തിയത്. 20 ലക്ഷം ചിത്രങ്ങളുമെടുത്തു. 2010 ൽ ആണു കമ്പനി ആദ്യ പര്യവേക്ഷണം നടത്തിയത്. 2023 ൽ മറ്റൊരു യുഎസ് കമ്പനി ടൈറ്റാനിക് കാണാൻ കടലിന് അടിയിലേക്കു നടത്തിയ യാത്രയ്ക്കിടെ പേടകം പൊട്ടിത്തെറിച്ച് അതിലുണ്ടായ 5 പേരും കൊല്ലപ്പെട്ടിരുന്നു.

6. സ്ഥാനമേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനത്തിനു ജക്കാർത്തയിൽ തുടക്കമിട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആവേശോജ്വലമായ സ്വീകരണം. പ്രത്യേക വിമാനത്തിൽ തലസ്ഥാന നഗരത്തിലിറങ്ങിയ മാർപാപ്പയെ ഇന്തൊനീഷ്യൻ പരമ്പരാഗത വേഷം ധരിച്ച കുട്ടികൾ പൂക്കൾ നൽകി സ്വീകരിച്ചു. കാറിൽ വത്തിക്കാൻ എംബസിയിലേക്കുള്ള യാത്രയിലുടനീളം റോഡരികിൽ കാത്തുനിന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. ആദ്യദിനം വിശ്രമമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇന്തൊനീഷ്യയിലെ അഭയാർഥികളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ശ്രീലങ്ക, സൊമാലിയ, മ്യാൻമർ അഭയാർഥികളുടെ പ്രതിനിധികളാണ് കാണാനെത്തിയത്. 12 ദിവസം നീളുന്ന സന്ദർശനത്തിൽ ഇന്തൊനീഷ്യ, കിഴക്കൻ ടിമോർ, സിംഗപ്പൂർ, പാപുവ ന്യൂഗിനി എന്നീ രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മാർപാപ്പ ആഹ്വാനം ചെയ്യും.

7. ഉത്തര കൊറിയയിൽ ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരത്തോളം പേർ മരിക്കാനിടയായതിൽ രക്ഷാപ്രവർത്തനം വൈകിയെന്നു കുറ്റപ്പെടുത്തി 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ നൽകി. കനത്ത മഴയെത്തുടർന്ന് ചഗാങ് പ്രവിശ്യയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലായിരത്തിലേറെ വീടുകൾ തകരുകയും 15,000 പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. പരമോന്നത നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ട ശിക്ഷാനടപടിയുടെ ഭാഗമായി ഈ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. ശിക്ഷാ നടപടി നേരിട്ടവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇക്കാര്യം നിഷേധിച്ച ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജൻസി കെസിഎൻഎ തികച്ചും തെറ്റായ അഭ്യൂഹങ്ങൾ മാത്രമാണിതെന്ന് അറിയിച്ചു.

8. യുക്രെയ്ൻ സർക്കാരിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വൻ അഴിച്ചുപണിക്കൊരുങ്ങുന്നു. വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അടക്കം 6 മന്ത്രിമാർ രാജി നൽകി. ഇവരിൽ 4 പേരുടെ രാജി പാർലമെന്റ് അംഗീകരിച്ചു. റഷ്യയെ നേരിടാൻ പുതു ഊർജം തേടിയാണ് മാറ്റമെന്ന് സെലെൻസ്കി പറഞ്ഞു. കുലേബ മാറുമെങ്കിലും യുക്രെയ്നിന്റെ വിദേശനയത്തിൽ മാറ്റത്തിനു സാധ്യതയില്ല. പുതിയ വിദേശകാര്യമന്ത്രിയെ സെലെൻസ്കി നിർദേശിക്കും. ഫസ്റ്റ് ഡപ്യൂട്ടി വിദേശകാര്യമന്ത്രി ആൻഡ്രി സൈബിഹയ്ക്കാണ് കൂടുതൽ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ അധിനിവേശം നടത്തിയതിനെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിൽ യുക്രെയ്ൻ ഈയിടെ നിർണായകനേട്ടങ്ങളുണ്ടാക്കിയിരുന്നു.

അതേസമയം റഷ്യയെ പിന്തിരിപ്പിക്കാൻ ദീർഘദൂര മിസൈലുകൾ ആവശ്യപ്പെട്ട് യുക്രെയ്ൻ. യുഎസും സഖ്യകക്ഷികളും യുക്രെയ്നിന് കൂടുതൽ സഹായം വാഗ്ദാനം ചെയ്തു. ജർമനിയിലെ റാംസ്റ്റീൻ വ്യോമത്താവളത്തിൽ നടന്ന യുക്രെയ്നിന്റെ സഖ്യകക്ഷികളുടെ യോഗത്തിലാണ് സെലെൻസ്കി ദീർഘദൂര മിസൈലുകൾ നൽകണമെന്ന് അഭ്യർഥിച്ചത്. യുക്രെയ്നിന് 25 കോടി ഡോളറിന്റെ ആയുധസഹായം ഉടൻ നൽകുമെന്ന് യുഎസ് അറിയിച്ചു. ജർമനി 12 ഹവിസ്റ്ററുകളും കാനഡ 80,840 ഹ്രസ്വദൂര റോക്കറ്റുകളും നൽകും. എന്നാൽ റഷ്യയിൽ കനത്ത ആക്രമണം നടത്തി അവരെ പിന്തിരിപ്പിക്കാൻ മികച്ച ദീർഘദൂര മിസൈലുകൾ നൽകണമെന്നാണ് യുക്രെയ്നിന്റെ ആവശ്യം. യുക്രെയ്നിലെങ്ങും നടത്തുന്ന നിരന്തരമായ ആക്രമണത്തിൽ നിന്നു റഷ്യയെ പിന്തിരിപ്പിക്കാൻ കർസ്കിൽ നടത്തിയ ആക്രമണത്തിനായിട്ടില്ലെന്ന് സെലെൻസ്കി അറിയിച്ചു. കർസ്കിനെ അവഗണിച്ച് കിഴക്കൻ യുക്രെയ്നിലെ മുന്നേറ്റത്തിലാണ് റഷ്യയുടെ ശ്രദ്ധയെന്നും കർസ്കിൽ നിന്ന് അവർ സേനയെ പിൻവലിക്കുന്നതായും പറഞ്ഞു.

9. 50 ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി മൈക്കൽ ബാർനിയറെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പ്രഖ്യാപിച്ചു. ജൂലൈ 16നു സ്ഥാനമൊഴിഞ്ഞ ഗബ്രിയേൽ അത്താലിന്റെ പിൻഗാമിയായി ചുമതലയേൽക്കുന്ന ബാർനിയർ (73) യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തെത്തുടർന്ന് ചർച്ചകളിൽ മുഖ്യ മധ്യസ്ഥനായിരുന്നു. ജൂലൈ ആദ്യ ആഴ്ച ഫലമറിഞ്ഞ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടാണു (എൻഎഫ്പി) 182 സീറ്റുമായി മുന്നിലെത്തിയത്. മക്രോയുടെ സഖ്യം 166 സീറ്റും മരീൻ ലെ പെന്നിന്റെ നാഷനൽ റാലി 143 സീറ്റും നേടി. ലെ പെന്നിന്റെ വലതുപക്ഷ സഖ്യത്തിലെ ദ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവാണ് ബാർനിയർ. 39 സീറ്റിന്റെ കരുത്തുമാത്രമുള്ള ഇദ്ദേഹത്തിനു പാർലമെന്റിൽ ഭൂരിപക്ഷം നേടണമെങ്കിൽ നാഷനൽ റാലിയുടെ പിന്തുണ വേണം. ഇതാണ് മക്രോ ലക്ഷ്യമിടുന്നത്.

10. ജർമ്മനിയിലെ മ്യൂണിക്ക് നഗരത്തിൽ ഇസ്രയേൽ നയതന്ത്രകാര്യാലയത്തിനും നാത്സി ചരിത്രമ്യൂസിയത്തിനും സമീപം തോക്കുമായെത്തിയ യുവാവ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 18 വയസ്സുള്ള ഇയാൾ ഓസ്ട്രിയൻ പൗരനാണെന്നു സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടവർ പൊലീസിനെ അറിയിച്ചു. ഇയാൾ വെടിയുതിർത്തതോടെ പൊലീസും തിരിച്ചു വെടിവച്ചുവെന്ന് ബവേറിയ ആഭ്യന്തരമന്ത്രി ജോക്കിം ഹെർമൻ അറിയിച്ചു. കൂട്ടാളികളുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നു. 1972 ലെ മ്യൂണിക് ഒളിംപിക്സിനിടെ ഇസ്രയേലി അത്‌ലീറ്റുകളെ ഭീകരർ കൊലപ്പെടുത്തിയതിന്റെ 52–ാം വാർഷികദിനത്തിലാണു സംഭവം. ഇതിന്റെ ഓർമപുതുക്കലിനായി കാര്യാലയത്തിന് അവധിയായിരുന്നെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു. മ്യൂണിക് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

11. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ പൊക്കം 2,723 അടിയാണ് (830 മീറ്റർ). അത്തരം 4 കെട്ടിടങ്ങൾ ഒന്നിനുമുകളിൽ ഒന്നായി നിൽക്കുന്നതൊന്നു ചിന്തിച്ചുനോക്കൂ. അത്രയും ഉയരമുള്ള ഒരു പർവതം കടലിനടിയിലുണ്ട്. യുഎസിലെ കലിഫോർണിയയിലുള്ള ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണു കണ്ടെത്തൽ. ചിലെ തീരത്തുനിന്ന് ഏകദേശം 1,448 കിലോമീറ്റർ അകലെ പസിഫിക് സമുദ്രത്തിലാണു പർവതം കണ്ടെത്തിയത്. 10,200 അടി (3109 മീറ്റർ) ഉയരമുണ്ട്. ഗ്രീസിലെ ഒളിംപസ് പർവതത്തിന്റെ ഉയരം 9,572 അടിയാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഈ പർവതം. 1000 മീറ്ററിലേറെ ഉയരമുള്ള ഒരുലക്ഷം പർവതങ്ങൾ സമുദ്രങ്ങളിലുണ്ടെന്നാണു ‌ഗവേഷകരുടെ കണ്ടെത്തൽ.

12. യാഗി ചുഴലിക്കാറ്റ് ചൈനയിലെ ഹൈനാൻ ദ്വീപിൽ കരതൊട്ടു. തെക്കൻ ചൈനീസ് തീരപ്രദേശങ്ങളിലും ഹോങ്കോങ്ങിലും മക്കാവുവിലും കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. 4,00,000ലധികം പേരെ മാറ്റിപ്പാർപ്പിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് ഹൈനാൻ ദ്വീപിന്റെ വടക്കേ അറ്റത്ത് എത്തിയത്. ചൈനയുടെ വലിയൊരു ഭാഗത്തെ ഇത് ബാധിക്കുമെന്നാണ് നിഗമനം. കാറ്റിന്റെ വേഗത മണിക്കൂറിൽ 245 കിലോമീറ്ററെത്തിയതോടെ 2024ലെ ഏറ്റവും വലിയ രണ്ടാമത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റായി യാഗി മാറി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലമായ ഹോങ്കോങ്-മക്കാവു-സുഹായ് പാലം ഉൾപ്പെടെ, പ്രദേശത്തുടനീളമുള്ള ഗതാഗത സംവിധാനങ്ങൾ വിച്ഛേദിച്ചു. ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചും അടച്ചു. സ്കൂളുകൾ അടച്ചിടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിൽ വടക്കൻ ഫിലിപ്പീൻസിൽ 16 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 2014ൽ 46 പേരുടെ മരണത്തിനിടയാക്കിയ റമ്മാസൺ (Rammasun) ചുഴലിക്കാറ്റിന് ശേഷം ഹൈനാനിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയത് യാഗി ചുഴലിക്കാറ്റാണ്.

13. ബോയിങ് സ്റ്റാർലൈനർ പേടകം കേടായതുമൂലം തിരികെ വരാനാകാതെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലെത്തിക്കാനുള്ള ദൗത്യത്തിൽ കുപ്പായവും തടസ്സമാകുന്നു. മടക്കയാത്രയ്ക്കുള്ള ‘അടുത്ത വണ്ടി’ പിടിക്കാൻ സുനിതയ്ക്കും ബുച്ചിനും ‘സ്പേസ് സ്യൂട്ട്’ വേറെ വേണം. ബഹിരാകാശ നിലയത്തിൽ ഒരാഴ്ച തങ്ങാൻ ജൂൺ 5ന് സ്റ്റാർലൈനർ പേടകത്തിൽ പോയപ്പോൾ ഇവർ ധരിച്ച ‘സ്പേസ് സ്യൂട്ട്’ മടക്കയാത്രയ്ക്കുള്ള സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകത്തിന്റെ സംവിധാനങ്ങളുമായി ഒത്തുപോകില്ല. ഏതായാലും ‘നാസ’ അതിനും പോംവഴി കണ്ടെത്തിക്കഴിഞ്ഞു. നിലയത്തിൽ ഇപ്പോൾ ഉപയോഗമില്ലാതെയിരിക്കുന്ന ഒരു സ്പേസ് എക്സ് കുപ്പായം സുനിത‌യ്ക്കു നൽകാനാണു തീരുമാനം. ബുച്ചിനുള്ള സ്യൂട്ട് ഭൂമിയിൽനിന്ന് ഏതാനും ദിവസങ്ങൾക്കകം പുറപ്പെടുന്ന സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകത്തിൽ കൊടുത്തയയ്ക്കും. ഈ പേടകം ഫെബ്രുവരിയിൽ തിരികെ വരുമ്പോൾ സുനിതയും ബുച്ചും പുതിയ കുപ്പായമിട്ട് സീറ്റു പിടിക്കും.

ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന സ്റ്റാ‍ർലൈനർ പേടകം ആളില്ലാതെ ഇന്നലെ പുലർച്ചെ തിരിച്ചെത്തി. 6 മണിക്കൂറിനു ശേഷം ന്യൂ മെക്സിക്കോയിൽ ഇറങ്ങി. യാത്രയ്ക്കിടെ വീണ്ടും സാങ്കേതിക തകരാർ ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് സുനിതയും ബുച്ചും ഇതിൽ വരേണ്ടെന്ന് നാസ തീരുമാനിച്ചത്.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments