1. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഫോമുകളിൽ ഔദ്യോഗികമായി ഒപ്പിട്ടുവെന്നു വൈസ് പ്രസിഡന്റ് കമല ഹാരിസ് (59) അറിയിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് ആദ്യമുണ്ടാകും. പാർട്ടിസ്ഥാനാർഥിയാകാൻ മറ്റാരും രംഗത്തുവന്നിട്ടില്ല. നിലവിൽ 40ൽ ഏറെ യുഎസ് സംസ്ഥാനങ്ങളിൽനിന്നുള്ള പാർട്ടിപ്രതിനിധികളുടെ പിന്തുണ കമല നേടിയിട്ടുണ്ട്. ഓഗസ്റ്റ് 7ന് അകം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെയും തിരഞ്ഞെടുക്കണം. തിരഞ്ഞെടുപ്പു പ്രചാരണം ശക്തമായതോടെ കമല–ട്രംപ് വാക്പോര് കനത്തു. ട്രംപിന്റെ വാദങ്ങളെല്ലാം വിചിത്രമാണെന്നും അദ്ദേഹം അമേരിക്കയെ പിന്നോട്ടു കൊണ്ടുപോകുകയാണെന്നും കമല തിരഞ്ഞെടുപ്പുയോഗത്തിൽ പറഞ്ഞു. സ്ഥിരതയില്ലാത്തവളും ദുഷ്ടബുദ്ധിയുമാണു കമല എന്ന് ട്രംപ് ആക്ഷേപം ചൊരിഞ്ഞു. കമല ജയിച്ചാൽ അമേരിക്കൻ സ്വപ്നത്തിന് അന്ത്യമാകുമെന്നും പറഞ്ഞു.വിവിധ അഭിപ്രായ വോട്ടെടുപ്പുകളിൽ നിലവിൽ കമലയാണു മുന്നിലുള്ളത്. അതേസമയം യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ എതിരാളികളില്ലാതെ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ഉറപ്പിച്ചു. ഡെലിഗേറ്റ് പിന്തുണ സമാഹരിക്കാനുള്ള ഔദ്യോഗിക സമയപരിധി ചൊവ്വാഴ്ച രാത്രി അവസാനിച്ചതോടെയാണ് കമലയാണ് ഏക സ്ഥാനാർഥിയെന്നു സ്ഥിരീകരിച്ചത്. പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമല തിരഞ്ഞെടുക്കുന്നത് ആരെയെന്ന് വൈകാതെ അറിയാം. ചൊവ്വാഴ്ച മുതൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഇരുവരും ഒന്നിച്ചുള്ള പ്രചാരണപരിപാടികൾ നടക്കും. ആദ്യത്തേത് പെൻസിൽവേനിയയിലാണ്. വിസ്കോൻസെൻ, മിഷിഗൻ, നോർത്ത് കാരലൈന, ജോർജിയ, അരിസോന എന്നിവിടങ്ങളും പിന്നിട്ട് നെവാഡയിൽ അവസാനിക്കും. തിരഞ്ഞെടുപ്പു ഫലം പ്രവചനാതീതമായേക്കാവുന്ന സംസ്ഥാനങ്ങളാണ് ഏഴും.
2. മാലദ്വീപിന്റെ കടം തിരിച്ചടവ് ലഘൂകരിച്ചതിനും സാമ്പത്തിക പിന്തുണയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ സ്വാതന്ത്ര്യദിന ചടങ്ങിലാണ് മുയിസുവിന്റെ പ്രഖ്യാപനം. ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്രവ്യാപാര കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കടക്കെണിയുമായി ബന്ധപ്പെട്ട് അപകടസാധ്യത നേരിടേണ്ടിവരുമെന്ന് മാലദ്വീപിനു രാജ്യാന്തര നാണയ നിധി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുമായി മുയിസു സർക്കാർ അനുരഞ്ജന നയം സ്വീകരിച്ചത്. നേരത്തേ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇടക്കുവച്ച് മോശമായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു പങ്കെടുത്തതോടെ മഞ്ഞുരുകി. ഇന്ത്യാവിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തിയാണു മുയിസു അധികാരത്തിലെത്തിയത്. ഇന്ത്യൻ സേനയെ ദ്വീപിൽനിന്ന് ഒഴിപ്പിക്കുമെന്ന് അധികാരത്തിൽ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചു. ഈ വർഷം മേയിലാണ് ഇന്ത്യൻ സൈനികർ മാലദ്വീപിൽനിന്ന് പൂർണമായും പിൻവാങ്ങിയത്.
3. തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോയ്ക്ക് വിജയം. 51.20 ശതമാനം വോട്ടുകൾ നേടിയാണ് മഡുറോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം വെനസ്വേലയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. എതിർ സ്ഥാനാർഥിയായ എഡ്മുണ്ടോ ഗോൺസാലസിൻ 44.02 ശതമാനം വോട്ടാണ് നേടിയത്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയാണ് ജനം വോട്ടു ചെയ്തതെന്ന് മഡുറോ പറഞ്ഞു. പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള എഡ്മണ്ടോ ഗോൺസാലസിൻ കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് ഗോൺസാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയിൽ എക്സിറ്റ് പോളുകൾക്ക് വിലക്കുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഗോൺസാലസിൻ രംഗത്തെത്തി.
4. ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമായതോടെ തെക്കൻ ലബനനിലെ അതിർത്തിഗ്രാമങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ശക്തമായ ബോംബാക്രമണം നടത്തി. ശനിയാഴ്ച ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ റോക്കറ്റാക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടതിനു തിരിച്ചടിയാണിത്. റോക്കറ്റാക്രമണം നടത്തിയിട്ടില്ലെന്നു ഹിസ്ബുല്ല വ്യക്തമാക്കിയെങ്കിലും ഗാസ സംഘർഷം ലബനനിലേക്കും കത്തിപ്പടരുന്ന സാഹചര്യമാണുള്ളത്. ഗോലാൻ കുന്നുകളിലെ മജ്ദൽ ഷംസ് ഗ്രാമത്തിൽ കുട്ടികളുടെ ഫുട്ബോൾ മൈതാനത്താണു റോക്കറ്റാക്രമണമുണ്ടായത്. ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണു ലബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചത്. ഹിസ്ബുല്ല നടത്തുന്ന തുടർച്ചയായ റോക്കറ്റാക്രമണങ്ങൾ മൂലം വടക്കൻ ഇസ്രയേൽ അതിർത്തിയിലെ ഒരു ലക്ഷത്തോളം ഇസ്രയേൽ പൗരന്മാരെ നേരത്തേ ഒഴിപ്പിച്ചിരുന്നു. 1982 ൽ ഇസ്രയേൽ ലബനൻ ആക്രമിച്ചപ്പോഴാണ് ഇറാൻ സൈനിക സഹായത്തോടെ ഹിസ്ബുല്ല രൂപമെടുത്തത്. വർഷങ്ങൾ നീണ്ട ഹിസ്ബുല്ലയുടെ ഒളിപ്പോരിനൊടുവിൽ 2000 ൽ ഇസ്രയേൽ സൈന്യം ലബനനിൽനിന്നു പിൻവാങ്ങി. 2006 ലാണ് ഒടുവിൽ ഹിസ്ബുല്ല–ഇസ്രയേൽ യുദ്ധമുണ്ടായത്.
അതേസമയം, ഗോലാൻ കുന്നിൽ 12 കുട്ടികൾ കൊല്ലപ്പെട്ട റോക്കറ്റാക്രമണത്തിനു ഹിസ്ബുല്ലയ്ക്കുള്ള തിരിച്ചടി എങ്ങനെ വേണമെന്നു തീരുമാനിക്കാൻ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് ബെന്യാമിൻ നെതന്യാഹു സർക്കാരിനെ ചുമതലപ്പെടുത്തി. തെക്കൻ ലബനനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളോ ഹിസ്ബുല്ലയുടെ സൈനികകേന്ദ്രങ്ങളോ ലക്ഷ്യമിടുന്ന ആക്രമണമാണു പരിഗണനയിൽ. എന്നാൽ, ഇതു സമ്പൂർണയുദ്ധത്തിലേക്ക് വഴുതിപ്പോകരരുതെന്നും ഇസ്രയേൽ കരുതുന്നു. ഇസ്രയേലിനു പിന്തുണയുമായി യുഎസും യുകെയും രംഗത്തെത്തിയെങ്കിലും ഇറാന്റെ സൈനികപിന്തുണയുള്ള ഹിസ്ബുല്ലയുമായി യുദ്ധം ഒഴിവാക്കണമെന്ന നയമാണ് അവർ സ്വീകരിച്ചിട്ടുള്ളത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇക്കാര്യം ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗുമായി ഫോണിൽ ചർച്ച ചെയ്തു. ലബനൻ വിഷയത്തിൽ സംയമനം വേണമെന്ന് ജർമനിയും ഈജിപ്തും ആവശ്യപ്പെട്ടു.
അതേസമയം സായുധ സംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ചൊവാഴ്ച രാത്രി ബെയ്റൂട്ടിൽ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് എക്സിലൂടെ അറിയിച്ചു. ഒരു മുതിർന്ന ഹിസ്ബുല്ല കമാൻഡറെ ലക്ഷ്യം വച്ചാണ് മിസൈൽ ആക്രമണം നടന്നതെന്ന് ലെബനൻ സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർ ഫുആദ് ഷുക്കറിനെ ഇല്ലാതാക്കിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. അതേസമയം ഹിസ്ബുല്ലയും ലെബനീസ് അധികൃതരും ഇതുവരെ കമാൻഡറുടെ മരണം സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ തെക്കൻ ബെയ്റൂട്ടിലെ ശക്തികേന്ദ്രമായ ഷൂറ കൗൺസിലിന് ചുറ്റുമുള്ള പ്രദേശത്തെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്.
5. ദക്ഷിണ ചൈനാക്കടലിലെ സുരക്ഷാ ഭീഷണിയിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ആശങ്ക പ്രകടിപ്പിച്ചു. ടോക്കിയോവിൽ ചേർന്ന വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് ചൈനയെ പേരെടുത്തു സൂചിപ്പിക്കാതെ ഈ മേഖലയിൽ നടക്കുന്ന അപകടകരമായ കുതന്ത്രങ്ങളെപ്പറ്റി സൂചിപ്പിച്ചത്. ദക്ഷിണ ചൈനാക്കടലിൽ പരമാധികാരമുണ്ടെന്നാണ് ചൈനയുടെ നിലപാട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. യുഎസ്, ജപ്പാൻ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ചൈനയെ ഈ മേഖലയിലെ ‘ഏറ്റവും വലിയ വെല്ലുവിളി’യെന്ന് വിശേഷിപ്പിച്ചു. ഫിലിപ്പീൻസും ചൈനയും തമ്മിൽ കടലിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ആശങ്ക രേഖപ്പെടുത്തി. അതേസമയം, ക്വാഡ് രാഷ്ട്രങ്ങൾ കൃത്രിമമായി സംഘർഷമുണ്ടാക്കുകയും അതു മൂർഛിപ്പിക്കുകയും ചെയ്യുന്നതായി ചൈന ആരോപിച്ചു. ഏഷ്യ പസിഫിക് മേഖലയിലെ രാജ്യങ്ങളുടെ പുരോഗതി തടസ്സപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആരോപിച്ചു.
6. പ്രസിഡന്റായിരുന്നു എന്ന പേരിൽ ഡോണൾഡ് ട്രംപിനെപ്പോലെയുള്ളവർ ക്രിമിനൽ കേസിൽ തടിയൂരുന്ന സാഹചര്യം ഒഴിവാക്കാൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിയമപരിഷ്ക്കാരത്തിന് ഒരുങ്ങുന്നു. 6 മാസം മാത്രം കാലാവധി ശേഷിക്കെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ ആജീവനാന്ത നിയമനം നിർത്തലാക്കാനും പ്രസിഡന്റിന്റെ നിയമ പരിരക്ഷയ്ക്കു നിയന്ത്രണമേർപ്പെടുത്താനുമുളള ഭരണഘടനാ ഭേദഗതിക്കായി ശ്രമിക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയത്. വാഷിങ്ടൻ പോസ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബൈഡൻ ഇതൊക്കെ വിശദീകരിച്ചു. യുഎസ് കോൺഗ്രസിൽ നിയമം പാസ്സാകാനുള്ള സാധ്യത പക്ഷേ വിരളമാണ്. ഇത്തരമൊരു പരിഷ്ക്കാരത്തിന് കോൺഗ്രസിന്റെ ഇരു സഭകളിലും മൂന്നിൽ രണ്ട് അംഗങ്ങളുടെ അംഗീകാരം ലഭിക്കണം. അല്ലെങ്കിൽ, 50 ൽ 38 സംസ്ഥാനങ്ങളിലെ നിയമസഭകളിൽനിന്നുള്ള അംഗീകാരം വേണം. പ്രസിഡന്റിന്റെ അധികാരപരിധിക്കുള്ളിൽനിന്നുകൊണ്ടുള്ള ട്രംപിന്റെ പ്രവൃത്തികളുടെ പേരിൽ പ്രോസിക്യൂഷൻ നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി ഈയിടെ വിധിച്ചിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാൻ പ്രസിഡന്റിനുള്ള പരിരക്ഷയ്ക്കു പൊതുവിൽ നിയന്ത്രണം ഏർപ്പെടുത്താനാണു ബൈഡൻ ലക്ഷ്യമിടുന്നത്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെതിരെ ഡെമോക്രാറ്റ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പുള്ള ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രചാരണത്തിൽ ഇനി ഇതും ഇടം നേടിയേക്കാം.
ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ നിയമിച്ചവർ ഉൾപ്പെടെ സുപ്രീം കോടതിയിൽ നിലവിൽ യാഥാസ്ഥിതികരായ ജഡ്ജിമാർക്കാണു ഭൂരിപക്ഷം (6–3). അധികാരത്തിലുള്ള പ്രസിഡന്റിന് 2 വർഷത്തിലൊരിക്കൽ ഒരു ജഡ്ജിയെ നിയമിക്കാമെന്നും പരമാവധി കാലാവധി 18 വർഷമായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണു ബൈഡൻ നിർദേശിക്കുന്നത്. പദവിയിലിരിക്കുമ്പോൾ പൊതുപ്രവർത്തനമരുത്, പാരിതോഷിക വിവരങ്ങൾ വെളിപ്പെടുത്തണം, വ്യക്തിപരമായി ബന്ധമുള്ള കേസുകളിൽനിന്നു വിട്ടുനിൽക്കണം എന്നിങ്ങനെ ജഡ്ജിമാർക്കുള്ള പെരുമാറ്റ മാർഗരേഖയും മുന്നോട്ടുവച്ചു. നിലവിലെ ജഡ്ജിമാരിൽ പലരും ഇത്തരം വിവാദങ്ങളിൽപ്പെട്ടിട്ടുള്ളവരാണ്.
6. ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ ഹനിയെ താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2017 മുതൽ ഹമാസിന്റെ തലവനാണ് ഇസ്മയിൽ ഹനിയെ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്റാനിലെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതേതുടർന്ന് ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടു. ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. ‘ഇറാൻ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോൺ–മിസൈൽ സംയോജിത ആക്രമണമാണ് ഇറാൻ സൈനിക കമാൻഡർമാരുടെ പരിഗണനയിലുള്ളത്.’’ ഇറാൻ കമാൻഡർമാർ പറഞ്ഞു. ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും സൈനിക കമാൻഡർമാരും ഉൾപ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേൽ നേരത്തേ വധിച്ചിട്ടുണ്ട്. അതേസമയം ഹമാസിന്റെ സൈനിക വിഭാഗം തലവനും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേലിന്റെ സ്ഥിരീകരണം. ജൂലൈയിൽ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു ദെയ്ഫ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. ജൂലൈ 13 ന് തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിന്റെ പ്രാന്തപ്രദേശത്തുണ്ടായ ആക്രമണത്തിലാണു ദെയ്ഫിനെ വധിച്ചതെന്ന് ഇസ്രയേൽ സൈന്യമായ ഐഡിഎഫ് (ഇസ്രയേലി ഡിഫൻസ് ഫോഴ്സ്) അറിയിച്ചു.
7. ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അഭിമുഖത്തിനു ശ്രമിച്ച ബ്രിട്ടിഷ്–അമേരിക്കൻ മാധ്യമപ്രവർത്തകൻ ചാൾസ് ഗ്ലാസിനെ (72) പാക്കിസ്ഥാൻ നാടുകടത്തി. ന്യൂസ് വീക്ക്, ദ് ടെലിഗ്രാഫ്, എബിസി ടിവി തുടങ്ങിയ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഫ്രീലാൻസ് ജേണലിസ്റ്റായ അദ്ദേഹത്തിന്റെ വീസ റദ്ദാക്കുകയും 5 മണിക്കൂറിനകം നാടുവിടാൻ നിർദേശിക്കുകയുമായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ സാഹിദ് ഹുസൈന്റെ വീട്ടിൽനിന്നാണ് ഒരു മണിക്കൂർ നീണ്ട വാഗ്വാദത്തിനുശേഷം പൊലീസ് സംഘം ചാൾസ് ഗ്ലാസിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. 5 മണിയോടെ ഇദ്ദേഹം രാജ്യം വിട്ടതായി പിന്നീട് പൊലീസ് വെളിപ്പെടുത്തി. ഇമ്രാൻ ഖാൻ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിനുസമീപം ഇമ്രാന്റെ സഹോദരി അലീനയോടൊപ്പം ചാൾസിനെ കണ്ടതായി വാർത്തയുണ്ടായിരുന്നു.
8. ന്യൂയോർക്കിൽ വേൾഡ് ട്രേഡ് സെന്ററിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും 2001 സെപ്റ്റംബർ 11നു നടന്ന ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെ 3 പ്രതികളുമായി യുഎസ് ഭരണകൂടം ഒത്തുതീർപ്പിലെത്തി. വലീദ് ബിൻ അത്താഷ്, മുസ്തഫ അൽ ഹൗസാവീ എന്നിവരാണു മറ്റു 2 പേർ. 3 പേരും കുറ്റസമ്മതം നടത്തണമെന്നും പകരം വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാമെന്നുമാണു ധാരണയെന്നു യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രോസിക്യൂട്ടർമാർ കത്തയച്ചു. ഇവർക്കു പ്രതികളോടുള്ള ചോദ്യങ്ങൾ 45 ദിവസത്തിനുള്ളിൽ നൽകാം. ഈ വർഷാവസാനത്തോടെ പ്രതികൾ ഇതിനു മറുപടി നൽകണമെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. 9/11 ഭീകരാക്രമണത്തിൽ ഏകദേശം 3000 പേരാണു കൊല്ലപ്പെട്ടത്. അടുത്തയാഴ്ച വിചാരണ ആരംഭിക്കുമ്പോൾ 3 പേരും കുറ്റം സമ്മതിച്ചേക്കുമെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു പതിറ്റാണ്ടോളം ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിൽ കഴിഞ്ഞ പ്രതികളുമായി 27 മാസത്തെ ചർച്ചകൾക്കു ശേഷമാണു സൈനിക കമ്മിഷനുകളുടെ ഏകോപനച്ചുമതലയുള്ള സൂസൻ എസ്കാലിയർ ധാരണയിലെത്തിയത്. കരാർ വ്യവസ്ഥകൾ വെളിപ്പെടുത്തിയിട്ടില്ല.
ജയിലിലെ ക്രൂരപീഡനത്തിനിടെ ലഭിച്ച തെളിവുകൾ വിചാരണവേളയിൽ കോടതി സ്വീകരിക്കില്ലെന്ന വാദമാണ് യുഎസിനെ ഒത്തുതീർപ്പിന് പ്രേരിപ്പിച്ചതെന്നു കരുതുന്നു. 2003 മാർച്ച് ഒന്നിനാണു പാക്കിസ്ഥാനിൽനിന്നു ഖാലിദ് ഷെയ്ഖ് പിടിയിലായത്. വിമാനം ഇടിച്ചുകയറ്റിയുള്ള ആക്രമണമെന്ന ആശയത്തിനു പിന്നിൽ ഖാലിദാണെന്നാണു പ്രോസിക്യൂട്ടർമാരുടെ വാദം. കുവൈത്തിൽ എൻജിനീയറായ ഇദ്ദേഹം പാക്ക് വംശജനാണ്.