Monday, January 6, 2025
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

* യുക്രെയ്‌നുമായുള്ള യുദ്ധം നിർത്തിവയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ തയാറായതായി റിപ്പോർട്ട്. നിലവിൽ പിടിച്ചെടുത്ത പ്രദേശങ്ങൾ അംഗീകരിച്ചുകൊണ്ടും പോരാട്ടം നടക്കുന്ന മേഖലകളിൽ സാന്നിധ്യം നിലനിർത്തിക്കൊണ്ടുമുള്ള വെടിനിർത്തലിനാണ് പുട്ടിൻ തയാറാകുന്നതെന്ന് റഷ്യൻ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിർദേശത്തോട് യുക്രെ‌യ്‌നും പാശ്ചാത്യശക്തികളും അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കിൽ യുദ്ധം തുടരാനും പുട്ടിൻ തയാറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സമാധാന ചർച്ചകളെ പാശ്ചാത്യശക്തികൾ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതിലും യുക്രെ‌യ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ചർച്ചയില്ലെന്ന് പ്രഖ്യാപിച്ചതിലും പുട്ടിൻ അമർഷം രേഖപ്പെടുത്തിയതായി റഷ്യൻ കേന്ദ്രങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു. ‘‘എത്ര നാളെടുത്താലും യുദ്ധം തുടരാൻ പുട്ടിനാകും. എങ്കിലും വെടിനിർത്തലിനും യുദ്ധം മരവിപ്പിക്കാനും അദ്ദേഹം തയാറാണ്’’– പേരുവെളിപ്പെടുത്താത്ത മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന സൂചനകൾ നൽകി അടുത്ത മാസം സ്വിറ്റ്സർലൻഡിൽ യുക്രെ‌യ്ന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ഉച്ചകോടിയെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് പുട്ടിൻ നടത്തുന്നതെന്ന് യുക്രെ‌യ്‌ൻ വിദേശകാര്യ മന്ത്രി ദിമിത്ര‌ോ കുലേബ എക്സിൽ പ്രതികരിച്ചു. ‘‘യുക്രൈനുനേരെയുള്ള ആക്രമണം അവസാനിപ്പിക്കാൻ പുട്ടിന് ആഗ്രഹമില്ല. യുദ്ധത്തിനുമേൽ സമാധാനം തിരഞ്ഞെടുക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ച് സമ്മർദം ചെലുത്തിയാൽ മാത്രമേ അദ്ദേഹം തയാറാകൂ’–കുലേബ പറഞ്ഞു.
റഷ്യ–യുക്രെ‌യ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര സമൂഹത്തിന്റെ അഭിപ്രായങ്ങൾ ഏകീകരിക്കാൻ ജൂണിലാണ് സ്വിസ് സമാധാന ഉച്ചകോടി നടക്കുന്നത്. സെലൻസ്കിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ പുട്ടിൻ പങ്കെടുക്കരുതെന്ന് യുക്രെ‌യ്‌ൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വിറ്റ്സർലൻഡും റഷ്യയെ ക്ഷണിച്ചിട്ടില്ല.

* ഗാസയിൽ യുദ്ധം എട്ടുമാസം പിന്നിടുമ്പോൾ ഇസ്രയേലിനുനേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. ഇസ്രയേൽ ചില ‘സർപ്രൈസു’കൾക്ക് തയാറായിരിക്കണമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. ലെബനൻ വിമോചനത്തിന്റെ 24–ാം വാർഷികാഘോഷവേളയിൽ പുറത്തിറക്കിയ സന്ദേശത്തിലാണ് നസ്രല്ലയുടെ ഭീഷണി. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്രല്ല ചൂണ്ടിക്കാട്ടി.
‘പലസ്തീനെ മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ കൂടി അംഗീകരിച്ചത് ഇസ്രയേലിനുണ്ടായ വലിയ നഷ്ടമാണ്. ഒക്ടോബർ ഏഴിലെ അൽ–അഖ്സ പോരാട്ടത്തിന്റെയും ദൃഢനിശ്ചയത്തോടെയുള്ള പ്രതിരോധത്തിന്റെയും ഫലമായാണ് ഇന്ന് ഇസ്രയേൽ രാജ്യാന്തര നീതിന്യായ കോടതിക്കു മുന്നിൽ നിൽക്കുന്നത്. റഫയിൽ ആക്രമണം നിർത്തണമെന്ന് ഐസിസി പറഞ്ഞിട്ടും ഇസ്രയേൽ അനുസരിച്ചിട്ടില്ല. എന്നാൽ ഞങ്ങളുടെ പ്രതിരോധത്തിൽ നിങ്ങൾ സർപ്രൈസുകൾ പ്രതീക്ഷിച്ചിരിക്കണം ’– നസ്രല്ല പറഞ്ഞു.
അയർലൻഡ്, സ്പെയിൻ, നോർവേ എന്നീ യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കുകയും റഫയിലെ ആക്രമണം നിർത്തണമെന്ന് ഐസിസി ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് നസ്രല്ലയുടെ പ്രതികരണം.

* ഇസ്രയേലിനു നേരെ വീണ്ടും ഹമാസിന്റെ മിന്നലാക്രമണം. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകൾ തൊടുത്തത്. എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തതെന്നാണ് റിപ്പോർട്ട്.

ടെല്‍ അവീവില്‍ വലിയ മിസൈല്‍ ആക്രണം നടത്തിയെന്ന വിവരം ഹമാസിന്റെ സൈനിക സേനയായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‍സ് തങ്ങളുടെ ടെലഗ്രാം ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. മിസൈലുകളിൽ പലതിനെയും ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മിന്നലാക്രമണത്തിൽ വ്യാപാര സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഹെർസ്‌ലിയ, പേറ്റാ ടിക്വ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് റോക്കറ്റ് സൈറണുകള്‍ മുഴങ്ങി. നിലവില്‍ റഫായില്‍ ഇസ്രായേല്‍ സൈനികനടപടികള്‍ സ്വീകരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആളപായം സ്ഥിരീകരിച്ചിട്ടില്ല.

* ജൂൺ നാലിന് ഉത്തരകൊറിയ രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉപഗ്രവിക്ഷേപണത്തിനുള്ള ലോഞ്ച് വിൻഡോ ഞായറാഴ്ച രാത്രി മുതൽ പ്രവർത്തനം തുടങ്ങിയതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറിയൻ മുനമ്പിനും ഫിലിപ്പീൻസ് ദ്വീപായ ലുസോനും സമീപത്തായി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാനിടയുള്ള മൂന്ന് സ്ഥലങ്ങൾ അപകടമേഖലയായി ഉത്തരകൊറിയ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജപ്പാൻ കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണം യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നും ഉപഗ്രഹ വിക്ഷേപണ പദ്ധതി ഉപേക്ഷിക്കണമെന്നും കിം ജോങ് ഉന്നിനോട് ആവശ്യപ്പെടാൻ യുഎസ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവർ തമ്മിൽ ധാരണയായി.
2023 നവംബറിൽ ആദ്യ ചാര ഉപഗ്രഹം ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ചിരുന്നു. പദ്ധതി യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് അന്നും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്യോങ്‌യാങ് രണ്ടാം ഉപഗ്രഹ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മേഖലയിലെ യുഎസ് സാന്നിധ്യം നിരീക്ഷിക്കാനാണ് ഉപഗ്രഹവിക്ഷേപണമെന്നാണ് പ്യോങ്‌യാങ് പറയുന്നത്.

വൈറ്റ്്ഹൗസ്, പെന്റഗൺ തുടങ്ങിയ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങൾ ഉപഗ്രഹം പകർത്തിയതായും അവർ അവകാശപ്പെടുന്നു. ഉത്തരകൊറിയയുടെ പ്രധാന ശത്രുവായ ദക്ഷിണകൊറിയൻ മേഖലയിൽനിന്നുള്ള നിർണായക വിവരങ്ങൾ ഉപഗ്രഹത്തിലൂടെ പ്യോങ്‌യാങ്ങിന് ലഭിക്കുമെന്നും ഇത് സുരക്ഷാ ഭീഷണിയുയർത്തുമെന്നുമാണ് സോളിന്റെ ഭീതി. ഉപഗ്രഹവിക്ഷേപണ നീക്കം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണകൊറിയ പ്രതികരിച്ചു. ഉപഗ്രഹ പദ്ധതിക്കായി ഉത്തരകൊറിയയ്ക്ക് റഷ്യൻ സഹായം ലഭിച്ചിട്ടുണ്ടെന്നും സോൾ ആരോപിക്കുന്നു. 2024 മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉത്തരകൊറിയ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്.

* പാപുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ ജീവനോടെ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്. പാപുവ ന്യൂഗിനി ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. അപകടം രാജ്യത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. ഒട്ടേറെ കെട്ടിടങ്ങളും വയലുകളും ഇല്ലാതായെന്നും രാജ്യത്തിന്റെ സാമ്പത്തികമേഖലയെ ദുരന്തം ബാധിച്ചെന്നും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ഇപ്പോഴും മണ്ണിടിച്ചിൽ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തകർക്കും ദുരന്തത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കും ഭീഷണിയുയർത്തുന്നുണ്ട്.

* കാറിൽനിന്നു മോഷണം നടത്താൻ ശ്രമിച്ചവരെ തടയുന്നതിനിടെ യുഎസ് നടൻ‍ ജോണി വാക്റ്റർ (37) വെടിയേറ്റു മരിച്ചു. എബിസി ടെലിവിഷൻ നെറ്റ്‌വർക്കിലെ ‘ജനറൽ ഹോസ്പിറ്റൽ’ സീരീസിൽ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ജനറൽ ഹോസ്പിറ്റൽ’ കൂടാതെ ഒട്ടേറെ സീരീസുകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. റൂഫ് ടോപ്പ് ബാറിലെ ജോലി കഴിഞ്ഞ് ശനിയാഴ്ച പുലർച്ചെ മൂന്നിനു സഹജീവനക്കാരിക്കൊപ്പം പുറത്തിറങ്ങി വന്നപ്പോഴാണ് തന്റെ കാറിൽ മോഷണ ശ്രമം നടക്കുന്നതു കണ്ടത്. കാറിനടുത്തു ചെന്നപ്പോഴേയ്ക്കും മോഷ്ടാക്കൾ വെടിയുതിർത്ത ശേഷം സ്ഥലംവിട്ടു. ഇവരെ പിടികൂടിയിട്ടില്ല.

* തെക്കൻ ഗാസയിൽ റഫ നഗരത്തിലെ അഭയാർഥിക്കൂടാരത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിലും തുടർന്നുണ്ടായ വൻ തീപിടിത്തത്തിലും കൊല്ലപ്പെട്ട പലസ്തീൻകാർ 45 ആയി. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 249 പേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഇസ്രയേൽ അതിക്രമത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരവേ, റഫയിലേതു ദാരുണമായ പിഴവാണെന്നും അന്വേഷണം നടത്തുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ആക്രമണം നിർത്തണമെന്ന യുഎൻ ലോകകോടതിയുടെ ഉത്തരവ് ഇസ്രയേൽ മാനിക്കണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി റഫയ്ക്കു തെക്കുപടിഞ്ഞാറു തലാസ് സുൽത്താൻ അഭയാർഥിക്യാംപിൽ അന്തേവാസികൾ ഉറങ്ങാൻ പോകുന്ന നേരമാണു ബോംബാക്രമണമുണ്ടായത്. പിന്നാലെ കൂടാരങ്ങളിലേക്കു തീപടർന്നു. കത്തിയമർന്ന കൂടാരങ്ങളുടെയും മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. വടക്കൻ ഗാസയിലെ ജബാലിയ, മധ്യഗാസയിലെ അൽ നുസുറത്ത് അഭയാർഥി ക്യാംപുകളിലും ആക്രമണം തുടർന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും ഹമാസിന്റെ 2 സീനിയർ കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ഹമാസ് കമാൻഡർ യാസീൻ റാബിയ, മുതിർന്ന നേതാവ് ഖാലിദ് നാഗർ എന്നിവരെയാണു ലക്ഷ്യമിട്ടതെന്നാണു സൂചന. ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

വെന്തുമരിച്ച കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഉടൻ വെടിനിർത്തണമെന്നും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ ആവശ്യപ്പെട്ടു. ആക്രമണത്തെ ഫ്രാൻസ്, മെക്സിക്കോ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. അതിനിടെ, ഇന്ത്യൻ സമുദ്രത്തിൽ മൂന്നു കപ്പലുകൾക്കും ചെങ്കടലിൽ 2 യുഎസ് യുദ്ധക്കപ്പലുകൾക്കും നേർക്ക് മിസൈലാക്രമണം നടത്തിയെന്ന് യെമനിലെ ഹൂതികൾ പറഞ്ഞു.
ഇതേസമയം പടിഞ്ഞാറൻ റഫയിലെ മറ്റൊരു കൂടാരത്തിനുനേരെ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ 21 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ ടാങ്കുകളും മെഷീൻ ഗണ്ണുകളേന്തിയ കവചിതവാഹനങ്ങളും റഫ നഗരമധ്യത്തിലെത്തി. മൂന്നാഴ്ചയ്ക്കിടെ റഫയിൽനിന്നു പലായനം ചെയ്ത പലസ്തീൻകാരുടെ എണ്ണം 10 ലക്ഷമായെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) അറിയിച്ചു.

* യുഎസിലെ ഒട്ടേറെ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും. കഴിഞ്ഞ ദിവസങ്ങളിലായി 22 പേർ മരിച്ചു. ഒട്ടേറെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർന്നു. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു. മെമ്മോറിയൽ ഡേ അവധിയോടു കൂടിയ വാരാന്ത്യം ആഘോഷിക്കാനിറങ്ങിയ ജനം ശരിക്കും ദുരിതത്തിലായി. ടെക്സസ് (7), ഓക‍്‍ലഹോമ (2), അർകെൻസ (8), കെന്റക്കി (5) എന്നിവിടങ്ങളിലാണ് മരണം. രാജ്യത്തിന്റെ ചില ഭാഗങ്ങൾ കടുത്ത ഉഷ്ണവാതത്തിൽ വലയുന്നിതിനിടെയാണ് മറ്റു ചിലയിടത്ത് ചുഴലിക്കാറ്റും മഴയും. ചുഴലിക്കാറ്റ് കിഴക്കൻ തീരത്തേക്കു മാറാൻ സാധ്യതയുള്ളതിനാൽ നോർത്ത് കാരലൈന മുതൽ മേരിലാൻഡ് വരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അലബാമ മുതൽ ന്യൂയോർക്ക് വരെ കനത്ത ജാഗ്രതയിലാണ്.

* കാർഗിൽ യുദ്ധത്തിനു വഴിതുറന്ന പർവേസ് മുഷറഫിന്റെ നീക്കം ഇന്ത്യയുമായുള്ള കരാറിന്റെ ലംഘനമായിരുന്നെന്ന് മുൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിൽ സമാധാനം ലക്ഷ്യമിട്ടുള്ള ലഹോർ പ്രഖ്യാപനത്തെക്കുറിച്ചു പരാമർശിച്ചാണ് പാക്കിസ്ഥാൻ ആ കരാർ ലംഘിച്ചെന്നും തെറ്റായിപ്പോയെന്നും പാർട്ടി ജനറൽ കൗൺസിലിൽ നവാസിന്റെ കുറ്റസമ്മതം. 1999 ഫെബ്രുവരി 21നായിരുന്നു ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌‍പേയിയും അന്നു പാക്ക് പ്രധാനമന്ത്രിയായിരുന്ന ഷരീഫും ലഹോർ പ്രഖ്യാപനത്തിൽ ഒപ്പിട്ടത്. ഏതാനും മാസങ്ങൾക്കു ശേഷം കശ്മീരിലെ കാർഗിലിൽ പാക്ക് സേന കടന്നു കയറിയത് ഏറ്റുമുട്ടലിനു വഴിതുറന്നു.

* ചൈന നടപ്പാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ ഹോങ്കോങ്ങിൽ നടന്ന പ്രതിഷേധങ്ങളിൽ 14 ജനാധിപത്യവാദി നേതാക്കൾ കുറ്റക്കാരെന്ന് കോടതി. നിയമനിർമാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥികളെ കണ്ടെത്താൻ 2020ൽ ‘അനൗദ്യോഗിക’ തിരഞ്ഞെടുപ്പ് നടത്തിയെന്നും ഇതിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

2020ൽ ചൈന കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ 47 ജനാധിപത്യ നേതാക്കളെ ഒന്നിച്ച് വിചാരണ ചെയ്ത കേസ് ‘ഹോങ്കോങ് 47’ എന്നാണ് അറിയപ്പെടുന്നത്. വിചാരണയ്ക്കിടെ കുറ്റാരോപിതരിൽ 31 പേർ തങ്ങൾ കുറ്റം ചെയ്തുവെന്ന് സമ്മതിച്ചെങ്കിലും 16 പേർ കേസുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ഹോങ്കോങ് മുൻ ജനപ്രതിനിധികളായ ലിയുങ് ക്വോക് ഹങ്, ലാം ചെയുക് ടിങ്, ഹെലെന വോങ്, റയ്മണ്ട് ചാൻ എന്നിവരും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ഉൾപ്പെടുന്നു. കുറ്റക്കാർക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കാം. രണ്ടു പേരെ കോടതി വെറുതേവിട്ടു.

അർധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ലക്ഷ്യമിട്ട് 2020ലാണ് ചൈന ഹോങ്കോങ് ദേശീയ സുരക്ഷാനിയമം പാസാക്കിയത്. രാജ്യദ്രോഹം, അട്ടിമറി തുടങ്ങിയ നിയമംമൂലം നിയന്ത്രിക്കുന്നതാണ് നിയമം. ഹോങ്കോങ്ങിന്റെ പരമാധികാരം ഇല്ലാതാക്കി ചൈനയുടെ വരുതിയിൽ നിർത്താനാണ് നിയമം കൊണ്ടുവന്നതെന്ന ആരോപണം ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. അതിനിടെയാണ് ജനാധിപത്യ നേതാക്കളെ കുറ്റക്കാരായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി.

* യുഎൻ ലോകകോടതിയുടെ ഉത്തരവ് ലംഘിച്ചു റഫയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന കൂട്ടക്കൊലയ്ക്കെതിരെ രാജ്യാന്തര പ്രതിഷേധം തുടരവേ, ഇസ്രയേലിൽ നേരത്തേ തിരഞ്ഞെടുപ്പിനുള്ള നീക്കം തുടങ്ങി. പാർലമെന്റ് പിരിച്ചുവിടാനുള്ള വോട്ടെടുപ്പിനായി തന്റെ കക്ഷി ശുപാർശ ചെയ്തതായി ഇസ്രയേൽ വാർ കാബിനറ്റ് അംഗം ബെന്നി ഗാന്റ്സ് അറിയിച്ചു. ഗാസ വിഷയത്തിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള ഭിന്നതയെത്തുടർന്നാണു നീക്കം. പാർലമെന്റ് പിരിച്ചുവിടാനാവശ്യമായ പിന്തുണ ഗാന്റ്സിനു ലഭിക്കുമോ എന്നു വ്യക്തമല്ല. യുദ്ധം തുടങ്ങിയപ്പോൾ ദേശീയ സർക്കാർ രൂപീകരിച്ചപ്പോഴാണു പ്രതിപക്ഷ നേതാവായ ഗാന്റ്സ് നെതന്യാഹുവിന്റെ കൂട്ടുകക്ഷി സർക്കാരിൽ ചേർന്നത്.
അതേസമയം, റഫയിൽ കനത്ത ബോംബാക്രമണവും തെരുവുയുദ്ധവും തുടരുകയാണ്. പടിഞ്ഞാറൻ റഫയിൽ തലാസ് സുൽത്താൻ ക്യാംപിൽ പരുക്കേറ്റവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പലസ്തീൻ ക്രസന്റ് സൊസൈറ്റിയിലെ 2 അംഗങ്ങൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. മേയ് 6 നു റഫയിൽ ആരംഭിച്ച സൈനികനടപടിയിൽ സായുധരായ 300 പലസ്തീൻകാരെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കടൽമാർഗം ജീവകാരുണ്യസഹായമെത്തിക്കാൻ ഗാസതീരത്ത് യുഎസ് സേന പണികഴിപ്പിച്ച താൽക്കാലിക ജെട്ടി തകർന്നു.

* ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ. ആറാഴ്ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഖത്തർ വഴിയാണ് ഹമാസിനെ നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്. സമ്പൂർണ വെടിനിർത്തൽ, ഇസ്രയേൽ സൈനിക പിന്മാറ്റം, ബന്ദികളുടെ മോചനം തുടങ്ങിയ കാര്യങ്ങൾ ആദ്യഘട്ടത്തിൽ നടപ്പാക്കും. അമേരിക്കൻ നയതന്ത്രശ്രമങ്ങളുടെ ഫലമായാണ് പുതിയ നിർദേശങ്ങളുമായി ഇസ്രയേൽ രംഗത്തെത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറ​​ഞ്ഞു. ഇസ്രയേൽ നിർദേശിച്ച വെടിനിർത്തൽ വാഗ്ദാനം ഹമാസ് സ്വീകരിക്കണമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗമിതാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറ​​ഞ്ഞു. ആറാഴ്ച കൊണ്ടു മൂന്നുഘട്ടമായി നടപ്പാക്കാൻ കഴിയുന്ന വെടിനിർത്തൽ പദ്ധതി ബൈഡൻ വിശദീകരിച്ചു. ഇസ്രയേൽ സൈന്യം ഗാസയിൽനിന്നു പിന്മാറുകയും ഇതോടൊപ്പം ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയയ്ക്കുകയുമാണ് ആദ്യഘട്ടം. നൂറുകണക്കിനുള്ള പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുമായി ദിവസേന 600 ട്രക്കുകൾ വീതം ഗാസയിലെത്തും. തർക്കങ്ങൾക്കു സ്ഥിരം പരിഹാരമുണ്ടാക്കാൻ ഇസ്രയേലും ഹമാസും ചർച്ച നടത്തുന്നതാണ് രണ്ടാംഘട്ടം. ചർച്ചകൾ തുടരുന്നിടത്തോളം കാലം വെടിനിർത്തലും തുടരും. ഗാസയുടെ പുനർനിർമാണമാണു മൂന്നാംഘട്ടം. നിർദേശത്തോട് ഹമാസ് പ്രതികരിച്ചിട്ടില്ല.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments