വയനാട്: വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക്. വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രയങ്ക വയനാട്ടിൽ ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവസാനം വരെ ലീഡ് നിലനിർത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ കുതിപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.
പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 6,12,020 വോട്ടുകളാണ് പ്രിയങ്ക നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി 2,09,906 വോട്ടുകളും ബിജെപിയുടെ നവ്യ ഹരിദാസിന് 1,09,939 വോട്ടുകളും ലഭിച്ചു.
2009ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടത്. അന്നുമുതല്‍ യുഡിഎഫിന്‍റെ ഉറച്ചകോട്ടയാണ് മണ്ഡലം. 2009ല്‍ 1,53,439 വോട്ടിന്‍റെയും 2014ല്‍ 20,870 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ എംഐ ഷാനവാസാണ് വയനാട്ടില്‍ വിജയിച്ചിരുന്നത്.
2019ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷത്തില്‍ രാഹുൽ ഗാന്ധിയും വിജയിച്ചു. അന്ന് മുതല്‍ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് വയനാട്. 2024ല്‍ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 3,64,422 ആയി കുറഞ്ഞെങ്കിലും അതിനെയെല്ലാം മറികടന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മുന്നേറ്റം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 59.69 ശതമാനം വോട്ടുകളായിരുന്നു യുഡിഎഫിന്‍റെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. അതേസമയം രാഹുലിന്‍റെ പ്രധാന എതിരാളികളായ എല്‍ഡിഎഫിന്‍റെ ആനി രാജയ്‌ക്ക് 26.09 ശതമാനവും ബിജെപിയുടെ കെ.സുരേന്ദ്രന് 13 ശതമാനം വോട്ടുകളുമായിരുന്നു ലഭിച്ചത്. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് അന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. 68,684 വോട്ടുകളായിരുന്നു അവിടെ നിന്നുള്ള രാഹുലിന്‍റെ ഭൂരിപക്ഷം. 1,12,310 വോട്ടുകള്‍ വണ്ടൂരില്‍ നിന്നും രാഹുല്‍ ഗാന്ധി സ്വന്തമാക്കിയപ്പോള്‍ ആനിരാജയ്‌ക്ക് ലഭിച്ചത് 43,626 വോട്ടുകളും കെ സുരേന്ദ്രന് ലഭിച്ചത് 13,608 വോട്ടുകളുമാണ്.
അതേസമയം യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചയിടമാണ് മാനന്തവാടി. വെറും 38,721 വോട്ടുകളായിരുന്നു മാനന്തവാടിയില്‍ നിന്നും രാഹുലിന്‍റെ ഭൂരിപക്ഷം. ഇവിടെ നിന്നും രാഹുലിന്‍റെ പെട്ടിയില്‍ വീണതാകട്ടെ 79,029 വോട്ടുകളാണ്. അതേസമയം ആനിരാജയ്‌ക്ക് 40,305 വോട്ടുകളും കെ സുരേന്ദ്രന് 25,503 വോട്ടുകളും ലഭിച്ചിരുന്നു.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കു ലഭിച്ച വന്‍ ഭൂരിപക്ഷം കോണ്‍ഗ്രസിന്റെ മതേതര, ജനാധിപത്യ ആശയങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് ചെയ്തതെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി.