ഭുവി ജീവിതവീഥിതന്നിലായ്
കവനം വന്നുഭവിക്കുമാരിലും.
കവിതാരുചിയുള്ളവർക്കതിൽ
നവകാവ്യാവലി സ്വന്തമാക്കിടാം!
നവജാതശിശുക്കളെത്തവേ
ചെവിതന്നിൽ പകരുന്നു ഗീതകം.
കവിയല്ലിവരിന്നുമെങ്കിലും
നവതാരാട്ടുകളോതുമമ്മമാർ.
പൊഴുതേറെയുമുള്ള കൂരയിൽ
മഴവെള്ളത്തിലലിഞ്ഞ രാത്രിയിൽ
വഴിയുംമിഴിനീരിനൊപ്പമായ്
തൊഴുകൈയാലൊരു കാവ്യസാധകം.
ഒരുനേരമൊരിറ്റുവറ്റിനായ്
കരയുംമക്കളുമായിരിക്കവേ
മരണത്തെ വരിച്ച താതനെ-
ക്കരുതി, പാടിയൊരശ്രുഗീതകം.
കഴിവില്ല പഠിച്ചുനേടുവാൻ
തൊഴിലേതും വശമില്ലയെങ്കിലും
പഴികേൾക്കരുതെന്നു നിത്യവും
മൊഴിയുന്നമ്മയൊരാത്മഗീതകം.
ഹൃദി ശുദ്ധതയുള്ള മാനവ
ൻ
സദയം രക്ഷകനായിയെത്തവേ
മദമേറി, രചിച്ചു നാട്ടുകാർ
“സുകൃതത്തിൻക്ഷയ”മെന്ന മുക്തകം.
പ്രണയപ്പനി വന്നു മൂത്തയാൾ
പുറകേ പോയി,യൊരുത്തനെത്തവേ!
പ്രതിരോധമവൾക്കു നൽകി, വൻ-
പ്രതിയാക്കാനൊരു ജാതിഗീതകം.
പ്രണയാഗ്നിയിലുദ്ഭവിച്ചതാം
പുതുജീവൻ നിറവായ്ത്തുടിക്കവേ
പല വായ്മൊഴിയായറിഞ്ഞതും
പുതുകാവ്യം, പിഴയെന്ന പേരിലായ്!
പകൽമാന്യതയുള്ള നാട്ടുകാർ
കതകിൽ മുട്ടിടുമർദ്ധരാത്രിയിൽ
വിധിയില്ലിതിനെന്നു കണ്ടവർ
കഥപാടുന്നവൾ വേശ്യയല്ലയോ!!
ഗൃഹവാടകയില്ലയെന്നതാൽ
തെരുവിൻതിണ്ണയിലന്തികൂടവേ,
ദ്രുതമെത്തി, സുരക്ഷകാക്കുവോർ
തെറിതൻ വാക്കുകളാലെ, നിർദ്ദയം!
ഗതിമുട്ടിയ മാനസമോടുടൻ
നദിയിൽച്ചാടിയലിഞ്ഞു നീരിലായ്
പുതുഗാഥ രചിച്ചു,മാനുഷർ
“വിധിയാലാണിതു, കഷ്ടമീശ്വരാ!”
മഴ പെയ്തു, കലക്കലേറിടും-
പുഴയിൽ പൊന്തിയ ദേഹമാളുകൾ
കുഴിവെട്ടിയടക്കിയപ്പൊളും
മൊഴിയുന്നൂ കഥ, “പാപിയല്ലവൾ!”