Tuesday, December 24, 2024
Homeഅമേരിക്കജോസഫ് പറഞ്ഞത് (കഥ) ✍ പിഎം കോങ്ങാട്ടിൽ

ജോസഫ് പറഞ്ഞത് (കഥ) ✍ പിഎം കോങ്ങാട്ടിൽ

പിഎം കോങ്ങാട്ടിൽ

“ഇന്നുമുതൽ ഇതാണ് തന്റെ ലോകം. “മനസ്സിൽ ഉറച്ച ഒരു തീരുമാനം എടുത്തുകൊണ്ടു അനന്തനാരായണ പൈ തന്റെ കിടക്കയിൽ കിടന്നുകൊണ്ട്
ചുവരിൽ തൂക്കിയിട്ടിട്ടുള്ള രൂപത്തിലേക്ക് നോക്കി.
മരക്കുരിശിൽ ക്രൂശിതനായി കിടക്കുമ്പോഴും, ശാന്തതയോടെ, ആകാശത്തേക്ക് കൈ ഉയർത്തി നിന്ദിതർക്കും പീഡിതർക്കും ദുഃഖിതർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ശ്രീയേശുദേവന്റെ രൂപത്തിലേക്ക് കണ്ണുനട്ട് കിടക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും നീർച്ചാലുകൾ ധാരയായി ഒഴുകി.
നരച്ചു തുടങ്ങിയ താടിരോമങ്ങൾക്കിടയിലൂടെ കണ്ണീർ ചെവിയിലേക്ക് ഒലിച്ചിറങ്ങിയപ്പോഴാണ് താൻ കരയുകയാണെന്ന ബോധം അദ്ദേഹത്തിന് ഉണ്ടായത്.

ശ്രീകൃഷ്ണഭക്തനായ താൻ ജീവിതത്തിന്റെ അവസാനദശയിൽ ക്രിസ്തുദാസനാകുവാൻ പോകുന്ന വിധിവൈപരീത്യമോർത്തപ്പോൾ സങ്കടമോ, സന്തോഷമോ, നിരാശയോ, വൈരാഗ്യമോ ഏതു വികാരമാണ് മനസിൽ ഉണരുന്നത് എന്നറിയാതെ അദ്ദേഹം പതുക്കെ കറങ്ങിക്കൊണ്ടിരിക്കുന്ന പങ്കയിലേക്ക് ഉറ്റുനോക്കിക്കിടന്നു.
“അച്ഛൻ എന്താ ഉറങ്ങുകയാണോ, ഇപ്പോൾ എങ്ങനെയുണ്ട്”
ചോദ്യം കേട്ടപ്പോഴാണ് വാതിൽക്കലേക്ക് നോക്കിയത്.
” ഓ തനിക്ക് കൗൺസിലിംഗ് തരാൻ രണ്ടുമൂന്നു ദിവസമായി വന്നിരുന്ന ഡോക്ടർ ബെറ്റിയാണ്.കൂടെ പുതിയ നഴ്സിംഗ് അസിസ്റ്റന്റും ഉണ്ട്. തന്റെ ഏറ്റവും താഴെയുള്ള മകളുടെ പ്രായമേ കാണൂ, ആ ഡോക്ടർക്ക് . ഇന്നലെ താനാണ് പറഞ്ഞത് സാർ വിളി വേണ്ട അച്ഛാ എന്ന് വിളിച്ചോളൂ എന്ന് ”
” ഇപ്പോൾ നല്ല സുഖമുണ്ട് മോളു,. ”
‘ ആഹാ നല്ല മിടുക്കനായല്ലോ ഇപ്പോൾ. രാത്രിയിൽ നന്നായി ഉറങ്ങിയോ ”
” ഒരുവിധം നന്നായി ഉറങ്ങിട്ടോ, മോളുടെ മരുന്നും തെറാപ്പിയും ഫലിച്ചു എന്ന് അർത്ഥം ”
അദ്ദേഹം ചിരിച്ചു.
” അച്ഛൻ കരയുകയായിരുന്നോ., കണ്ണുകൾ കലങ്ങിയിരിക്കുന്നല്ലോ ”
കസേര കട്ടിലിനരികിലേക്ക് വലിച്ചിട്ടിരിക്കുമ്പോൾ ആണ് ഡോക്ടർ ബെറ്റി നനഞ്ഞ താടിരോമങ്ങളും ഈറനണിഞ്ഞ കണ്ണുകളും കണ്ടത്.
“ഹേയ്, ഞാൻ ഇപ്പോൾ സന്തോഷത്തിലാ മോളെ,. എനിക്ക് എന്റെ ഓർമ്മകൾ തിരിച്ചു കിട്ടിയല്ലോ.”
” ഓഹോ അത് നല്ല കാര്യമാണല്ലോ, എങ്കിൽ അച്ഛൻ എല്ലാം പറയൂ, ഞാൻ വീട്ടുകാരെ വിവരമറിയിക്കാം. ഒരാഴ്ചയിൽ അധികമായില്ലേ അച്ഛനിവിടെ എത്തിയിട്ട്. കൃത്യമായി പറഞ്ഞാൽ 11 ദിവസമായി.”
“ങ്‌ഹേ, 11 ദിവസമായോ, അത് ഞാൻ ഓർക്കുന്നില്ല, അല്ല ഞാനെങ്ങനെയാണ് ഇവിടെ എത്തിയത് ”
” കുട്ടികളുടെ പാർക്കിന് മുമ്പിലെ റോഡിൽ ബോധമില്ലാതെ വീണുകിടക്കുന്നത് കണ്ട് ഒരു ഓട്ടോറിക്ഷക്കാരനാണു ഇവിടെ കൊണ്ടുവന്നാക്കിയത്.
ഫാദർ ഫ്രാൻസിസിനെ എല്ലായിടത്തേക്കും കൊണ്ടുപോകാറുള്ളത് അയാളാണ്. അതുകൊണ്ടാണ് ഇവിടേക്ക് കൊണ്ടുവന്നത്. ഫാദർ ഫ്രാൻസിസ് നടത്തുന്ന
ചാരിറ്റബിൾ ഓൾഡേജ് ഹോം ആണിത് എന്നു മനസ്സിലായോ അച്ഛന് ”
“അത് മനസ്സിലായി, മോളേ, ഇന്നലെ സന്ധ്യക്ക് ഞാനിവിടെ മുഴുവൻ നടന്നു, ഇവിടത്തെ കുറെ അന്തേവാസികളുമായി സംസാരിച്ചു.”
“അത് നല്ലൊരു സൈൻ ആണല്ലോ.
അപ്പോൾ ആള് പെർഫെക്റ്റ്ലി ഓൾറൈറ് ആയി എന്നർത്ഥം ല്ലേ ”
ഡോക്ടർ ചിരിച്ചുകൊണ്ടു ചോദിച്ചു.
യെസ്, മുന്നാ മേ അഭി ഏക് നൗജവാൻ തരഹ് മസ്ബൂത്ത് ഹും ‘
അദ്ദേഹവും പൊട്ടിച്ചിരിച്ചു. ” “ആഹാ ആളു കൊള്ളാമല്ലോ ഇപ്പോൾ ഹിന്ദിയിൽ ആണല്ലോ സംസാരം, അച്ഛനെവിടെയായിരുന്നു ഇത്രയും കാലം. അച്ഛനെ കുറിച്ച് ഇവിടെ ആർക്കും ഒന്നും അറിയില്ലല്ലോ. വന്നിട്ട് രണ്ടുമൂന്നു ദിവസം ഒരു ബോധവും ഉണ്ടായിരുന്നില്ല. അച്ഛന്റെ ഫോൺ ലോക്ക് ആയിരുന്നതുകൊണ്ട് ആരെയും അറിയിക്കാനും പറ്റിയില്ല. അത് അൺലോക്ക് ആക്കാൻ ഫാദർ ഫ്രാൻസിസ് സമ്മതിച്ചില്ല. ആദ്യം ഇദ്ദേഹത്തിന് പൂർണ്ണമായും സുഖമാകട്ടെ അതിനുശേഷം എല്ലാ കാര്യങ്ങളും അന്വേഷിച്ചാൽ മതി എന്നായിരുന്നു ഫാദറിന്റെ അഭിപ്രായം. വിവരങ്ങൾ അദ്ദേഹം എസ് ഐ റസാക്കിനെ വിളിച്ചു പറഞ്ഞിരുന്നു. ഫാദറിന്റെ സ്റ്റുഡന്റ് ആയിരുന്നു എസ് ഐ റസാക്ക്. അതുകൊണ്ട് പേടിക്കേണ്ട കാര്യമൊന്നുമില്ല.
വിരോധമില്ലെങ്കിൽ അച്ഛന്റെ വിശേഷങ്ങൾ എന്നോട് പറയൂ. അച്ഛൻ വിദ്യാസമ്പന്നനും നല്ല ഒരു പദവിയിൽ ജോലി ചെയ്തിരുന്ന ആളാണെന്നും എനിക്ക് മനസ്സിലായിട്ടുണ്ട്.”
” ഒരു പരിചയവും ഇല്ലാതെ മോളെന്നെ അച്ഛാ എന്നും ഞാൻ മോളെ എന്നും അല്ലേ വിളിക്കുന്നത്. അതുകൊണ്ട് ഞാൻ എല്ലാം മോളോട് പറയാം. ഈ കുഞ്ഞുമോളോട് പുറത്തേക്ക് നിൽക്കാൻ പറയൂ,, ”
ഡോക്ടർ കണ്ണുകൊണ്ട് കാണിച്ചപ്പോൾ ആ കുട്ടി പുറത്തേക്ക് പോയി.
” അച്ഛനെന്നെ വിശ്വസിക്കാം എന്ത് കാര്യവും മനസ്സു തുറന്നു എന്നോട് പറയാം. ആരെയാണ് വിളിക്കേണ്ടത് എന്ന് പറയൂ ”

അനന്തനാരായണ പൈ കട്ടിലിൽ എഴുന്നേറ്റിരുന്നു. കണ്ണടച്ചിരുന്നു ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്തു. എന്തോ മന്ത്രജപം പോലെ ആ ചുണ്ടുകൾ ചലിക്കുന്നത് ഡോക്ടർ സസൂക്ഷ്മം നോക്കി കണ്ടു .
ക്ഷീണിച്ചതെങ്കിലും ഐശ്വര്യമാർന്ന മുഖം.അല്പം കഷണ്ടികയറി,നരച്ചു തുടങ്ങിയ മുടിയും, താടി രോമങ്ങളും. അതെല്ലാം നോക്കി നിൽക്കവേ അദ്ദേഹത്തിന്റെ ജീവിതം എന്തെന്നറിയാനുള്ള ആകാംക്ഷ അവരിൽ നിറഞ്ഞു.
കുറച്ചുനേരം എന്തോ ജപിച്ച ശേഷം അദ്ദേഹം കണ്ണു തുറന്നു ഡോക്ടറെ നോക്കി പറഞ്ഞു.
” ഞാൻ എല്ലാം പറയാം. പക്ഷേ ഒരിക്കലും ഞാൻ ഇവിടെ ഉണ്ടെന്ന് എന്റെ മക്കൾ അറിയരുത്.
ഞാൻ അനന്തനാരായണ പൈ. സെൻട്രൽ ഇൻകം ടാക്സ് ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ കമ്മീഷണർ ഓഫീസർ ആയിരുന്നു. റിട്ടയർആയിട്ട് ആറേഴു വർഷത്തോളമായി”
കേട്ടത് വിശ്വസിക്കാനാവാതെ ഡോക്ടർ ചോദിച്ചു,
“അച്ഛാ ഞാൻ ഫാദറിനെ കൂടി വിളിക്കട്ടെ, അദ്ദേഹം ഇവിടെ ഓഫീസിൽ ഉണ്ട്.”
“വിളിച്ചോളൂ,കുട്ടി. ഫാദർ കൂടി എല്ലാം അറിയണമല്ലോ. ”
ഡോക്ടർ ബെറ്റി ഫോൺ ചെയ്യുന്നതിനിടയിൽ അനന്തനാരായണ പൈ എഴുന്നേറ്റ് കൂജയിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു. മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അദ്ദേഹത്തിന്റെ മാനസിക സംഘർഷം ഡോക്ടർക്ക് മനസ്സിലായി.
” അച്ഛൻ ഇവിടെ വന്നിരിക്കൂ ഫാദർ ഇപ്പോൾ എത്തും”
ഡോക്ടർ അദ്ദേഹത്തെ പിടിച്ചു കട്ടിലിൽ ഇരുത്തുമ്പോഴേക്കും ഫ്രാൻസിസച്ചൻ അവിടെ എത്തി.

” ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, ” അനന്തനാരായണ പൈ അച്ച നെ നോക്കി പറഞ്ഞു

“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ ”
അച്ചനും പ്രത്യഭിവാദ്യം ചെയ്തു.
” ആഹാ ആളിന്നു ഉഷാർ ആണല്ലോ കൊച്ചു ഡോക്ടറേ”

” അതേയച്ചോ ഇദ്ദേഹത്തിന് എന്തെല്ലാമോ പറയാനുണ്ട്.
ഇദ്ദേഹം അനന്ത നാരായണ പൈ. സെൻട്രൽ ഇൻകം ടാക്സ് ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ കമ്മീഷണർ ഓഫീസർ പദവിയിൽ നിന്നും ആറു കൊല്ലം മുൻപാണ് റിട്ടയർ ചെയ്തത് എന്ന് പറയുന്നു.
“അതെയോ, അപ്പോൾ താങ്കളുടെ കുടുംബം ഇപ്പോൾ എവിടെയാണ്, അവരെ വിവരം അറിയിക്കാം, നമ്പർ തരൂ മാഷേ ”
ഫ്രാൻസിസ്അച്ചൻ ഉദ്വേഗത്തോടെ ചോദിച്ചൂ.
“ഇല്ല ഫാദർ, അവരെ അറിയിക്കേണ്ട.ഞാൻ എന്റെ കഥ പറയാം, ഇതൊരു കുമ്പസാരരഹസ്യംപോൽ സൂക്ഷിക്കണം.ഞാൻ
ഞാൻ സ്വയം ഇറങ്ങിപോന്നതാണ്. അവർ തേടി വരാതിരിക്കാൻ വേണ്ടിയാ ഞാൻ ഫോൺ ലോക്ക് ചെയ്തു വെച്ചിരിക്കുന്നത്.ഞാൻ ഇവിടെ എത്തിയിട്ട് കുറച്ചു നാളായി. തീർത്ഥാടനംകഴിഞ്ഞു വരാംന്നു പറഞ്ഞു പോന്നതാണ്. എനിക്കു മൂന്നു പെണ്മക്കളാണ്. മൂന്നുപേർക്കും നല്ല വിദ്യാഭ്യാസം നൽകി, നല്ല രീതിയിൽ വിവാഹവും നടത്തിക്കൊടുത്തിട്ടുണ്ട്.അവർ സുഖമായി കഴിയട്ടെ.”
അദ്ദേഹം ഒന്ന് എഴുന്നേറ്റു നടന്നു.

“അപ്പോൾ അമ്മ —?
ഡോക്ടർ ബെറ്റി അർദ്ധോക്തിയിൽ നിർത്തി.
“ഞാൻ റിട്ടയർ ചെയ്ത വർഷമാണ് ആ ദുരന്തം ഞങ്ങളെ തേടിഎത്തിയത്. യാത്രകൾ ചെയ്യാൻ ഒത്തിരി ഇഷ്ടമുള്ളവർ ആയിരുന്നു ഞങ്ങൾ. മക്കളെല്ലാം നല്ലനിലയിൽ ജീവിക്കുന്നു എന്റയും തിരക്കുകൾ ഒഴിഞ്ഞിരിക്കുന്നു. ഇനിയുള്ള കാലം നമുക്കു ലോകസഞ്ചാരം നടത്താൻ ഉള്ളതാണ് എന്നു പറഞ്ഞു അതിനുള്ള ഒരുക്കങ്ങൾ നടതുകയായിരുന്നു. ഒരു ദിവസം എന്റെ ലക്ഷ്മി എന്നോട് പറഞ്ഞു, അടിവയറ്റിൽ അസഹ്യമായ വേദനയുണ്ടെന്നു. വിദഗ്ദ പരിശോധനയിൽ അവൾക്കു ഓവേറിയൻ കാൻസർ ആണെന്ന് അറിഞ്ഞു. ട്രീറ്റ്‌മെന്റ് നടക്കുന്നതിനിടയിലും ഞങ്ങൾ കൊച്ചു കൊച്ചു ട്രിപ്പുകൾ നടത്തി,ജീവിതം ആഘോഷിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം അവർ എന്നെ തനിച്ചാക്കി പോയി.”
നല്ല ഘനഗാംഭീര്യത്തിൽ സംസാരിച്ചു തുടങ്ങിയ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നതും, മിഴികൾ സജലങ്ങൾ ആകുന്നതും ശ്രദ്‌ധിച്ച ഡോക്ടർ ആ കൈകൾ കൂട്ടിപ്പിടിച്ചു കട്ടിലിൽ ഇരുത്തി.
“അപ്പോൾ മക്കൾ അങ്ങയെ നോക്കിയില്ല? അവരെ ഞാൻ എന്തായാലും വിളിക്കുന്നുണ്ട്,” ഫ്രാൻസിസ് അച്ചന് അതുൾക്കൊള്ളാൻ കഴിഞ്ഞില്ല.
“അരുത് അച്ചോ, ഞങ്ങളുടെ സമ്പ്രദായം അനുസരിച്ചു കല്യാണം കഴിഞ്ഞ പെണ്മക്കളുടെ കൂടെ മാതാപിതാക്കൾ താമസിക്കില്ല. പ്രത്യേകിച്ചു അവരുടെ ഇൻലാസ് അവരുടെ കൂടെയുണ്ടെങ്കിൽ. മക്കൾ കുറേ നിർബന്ധം പിടിച്ചു കൂടെ ചെല്ലാൻ,.എനിക്കു അതു ഇഷ്ടമല്ല. അതുകൊണ്ട് മക്കളെ അറിയിക്കാതെ വിൽപ്പത്രമെഴുതി എന്റെ ഫ്രണ്ട് രാജശേഖരനെ ഏൽപ്പിച്ചു. തീർത്ഥയാത്ര കഴിഞ്ഞു വരാമെന്നു പറഞ്ഞിറങ്ങിയതാണ് ഞാൻ. ഡൽഹിയിൽ നിന്നും ഇവിടെ വരെയുള്ള പ്രശസ്ത വിഷ്ണു ക്ഷേത്രങ്ങളിൽ എല്ലാം ദർശനം നടത്തിയാണ് കഴിഞ്ഞമാസംഇവിടെ ഗുരുവായൂർ എത്തിയത്. അവിടെ ഒരാഴ്ച ഭജനം ഇരുന്നു.പാർക്കിൽ കുട്ടികൾ കളിക്കുന്നത് നോക്കി നിന്നത് ഓർമ്മയുണ്ട്.
ഈ മോൾ തന്ന കൗൺസിലിംഗ് ആണു എന്നെ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. എല്ലാംഓർത്തെടുത്തത് ഇന്നലെ രാത്രിയാണ്. വൈകുന്നേരം ഇവിടുത്തെ അന്തേവാസികളിൽ പലരുടെയും ജീവിതം കേട്ടറിഞ്ഞപ്പോൾ, അവരെക്കാൾ എത്രയോ ഭാഗ്യവാൻ ആണ് ഞാൻ എന്നു എനിക്കു മനസ്സിലായി. ഇനി ഇതാണെന്റെയും ലോകം എന്നു ഞാൻ മനസിൽ ഉറപ്പിച്ചു
ഫാദർ, അതിനിനി എന്തായാലും മാറ്റമില്ല. ഇനി മുതൽ അനന്തനാരായണപൈ ജോസഫ് ആണു ഫാദർ. എന്നെ അന്വേഷിച്ചു ആരും വരാതിരിക്കാൻ ആ പേര് ഉപകരിക്കും.”

വികാരവിക്ഷുബ്ധനായ അദ്ദേഹത്തിന്റെ ദുർബലശരീരം വിറക്കുന്നതു കണ്ടവർ അദ്ദേഹത്തെ പിടിച്ചു കിടത്തി.ഡോക്ടർ ബെറ്റി ആ അച്ഛന്റെ നെറ്റിയിൽ മൃദുവായി തലോടി ഉറക്കാൻ ശ്രമിച്ചു.

പിഎം കോങ്ങാട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments