ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ശബ്ദം നല്‍കാന്‍ ഹോളിവുഡ് താരങ്ങള്‍ക്ക് മെറ്റ പ്ലാറ്റ്‌ഫോം ലക്ഷക്കണിക്കിന് ഡോളറുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ഹോളിവുഡ് താരങ്ങളുടെ ശബ്ദം എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കുന്നതിനാണ് കമ്പനി പണം മുടക്കുന്നത്.
ജുഡി ഡെഞ്ച്, ഓക്ക് വാഫിന, കീഗന്‍ മിഷേല്‍ കീ എന്നിവരുമായി കമ്പനി ചര്‍ച്ചയിലാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എത്രയും വേഗം ഈ കരാറുകളിലേര്‍പ്പെടാനുള്ള ശ്രമത്തിലാണ് കമ്പനി. സെപ്റ്റംബറില്‍ നടക്കുന്ന മെറ്റയുടെ കണക്ട് 2024 എന്ന പരിപാടിയ്ക്ക് മുന്നോടിയായി താരങ്ങളുമായി ധാരണയിലായേക്കുമെന്നും പുതിയ എഐ ടൂളുകള്‍ പരിപാടിയില്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
താരങ്ങളുടെ ശബ്ദം എങ്ങനെയാണ് മെറ്റ ഉപയോഗിക്കുക എന്ന് വ്യക്തമല്ല. ചിലപ്പോള്‍ മെറ്റ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് വേണ്ടിയാവാം. അതേസമയം ശബ്ദത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മെറ്റയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പല താരങ്ങളും തയ്യാറാവുന്നില്ലെന്നാണ് വിവരം. ഒരൊറ്റ പദ്ധതിയ്ക്ക് വേണ്ടി നിശ്ചിത കാലയളവിലേക്ക് നിരവധി ഉപയോഗങ്ങള്‍ക്കായി ശബ്ദങ്ങളുടെ അവകാശം സ്വന്തമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്. എന്നാല്‍ ശബ്ദത്തിന്റെ ഉപയോഗത്തിന് പരിമിതികള്‍ വേണമെന്നാണ് ഹോളിവുഡ് താരങ്ങളുടെ ആവശ്യം.