Wednesday, November 27, 2024
Homeഅമേരിക്കചെറി ലെയിന്‍ സെന്‍റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ പെരുന്നാള്‍ കൊണ്ടാടി

ചെറി ലെയിന്‍ സെന്‍റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ പെരുന്നാള്‍ കൊണ്ടാടി

വര്‍ഗീസ്‌ പോത്താനിക്കാട്‌

ന്യൂയോര്‍ക്ക്: വിശുദ്ധന്മാരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ട പ്രഥമ ഭാരതീയനും മലങ്കര സഭയുടെ ആദ്യ പ്രഖ്യാപിത പരിശുദ്ധനും വിശ്വവിഖ്യാതനുമായ പരിശുദ്ധ ഗീവര്‍ഗീസ്‌ മാര്‍ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ 122-ാമത് ഓര്‍മ്മ പെരുന്നാള്‍ ചെറി ലെയിന്‍ സെന്‍റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.

ഒക്ടോബര്‍ 26 ഞായറാഴ്ച കര്‍ബാനാനന്തരം കൊടിയേറ്റോടു കൂടി ആരംഭിച്ച്‌ ഒരാഴ്ച നീണ്ടുനിന്ന പെരുന്നാള്‍ പരിപാടികള്‍ നവംബര്‍ 2 ശനിയാഴ്ച വിശുദ്ധ കര്‍ബാനയോടും, റാസയോടും കൂടെ പരിസമാപിച്ചു.

നവംബര്‍ 1 വെള്ളിയാഴ്ച രാവിലെ മുതല്‍ അനേകം ഭക്തജനങ്ങള്‍ ധ്യാന പ്രാര്‍ത്ഥനകള്‍ നടത്തി ദേവാലയത്തില്‍ ഭജനം ഇരുന്നു. വൈകീട്ട് 5:00 മണിയോടെ വിവിധ ദേവാലയങ്ങളില്‍ നിന്ന് നിന്ന്‌ പദയാത്രയായി ഭക്തജനങ്ങള്‍ ദേവാലയത്തില്‍ വന്നുചേരുകയും സന്ധ്യാ പ്രാര്‍ത്ഥനയിലും ധ്യാന പ്രസംഗത്തിലും പങ്കെടുക്കുകയും ചെയ്തു. വന്ദ്യ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിലും വന്ദ്യ പൗലോസ്‌ ആദായി കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ്‌ ചെറിയാന്‍, ബെല്‍റോസ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്സ്‌ ചര്‍ച്ച്‌ വികാരി, ഡാളസ്‌ സെന്‍റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ വികാരി ഫാ. ജോഷ്വാ ജോര്‍ജ്‌ എന്നിവരുടെ സഹ നേതൃത്വത്തിലും സന്ധ്യാ പ്രാര്‍ത്ഥന നടന്നു. വന്ദ്യ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ നടത്തിയ ധ്യാന പ്രസംഗത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ കൊണ്ടാടുന്ന അവസരത്തില്‍ തിരുമേനിയുടെ ജീവിത മാതൃകയെ അടിസ്ഥാനമാക്കിയുള്ള ചിന്തകള്‍ക്കും പരാമര്‍ശങ്ങള്‍ക്കും ഈന്നല്‍ കൊടുത്തുകൊണ്ട്‌ നമ്മുടെ ജീവിതത്തില്‍ അവയെ പ്രായോഗികമാക്കാന്‍ ശ്രമിക്കുക എന്നതായിരിക്കണം പരമപ്രധാനമായ ലക്ഷ്യം എന്ന്‌ കോര്‍ എപ്പിസ്‌കോപ്പാ ഉദ്ബോധിപ്പിച്ചു.

നവംബര്‍ 2 ശനിയാഴ്ച രാവിലെ 8:30ന് ആരംഭിച്ച ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും വന്ദ്യ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പാ പ്രധാന കാര്‍മികത്വം വഹിച്ചു. വികാരി ഫാ. ഗ്രിഗറി വര്‍ഗീസ്‌, ഫാ. ജോണ്‍ തോമസ്‌ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച്‌ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന നടത്തി. കുര്‍ബാനാനന്തരം ആണ്ടുതോറും നടത്തിവരാറുള്ള റാസയും നടന്നു. ഗാനങ്ങളും പ്രാര്‍ത്ഥനകളുമായി കുരിശ്‌, മുത്തുക്കുട, കൊടികള്‍ എന്നിവയേന്തി ഭക്തജനങ്ങള്‍ ന്യൂ ഹൈഡ്‌ പാര്‍ക്കിലെ നിരത്തിലൂടെ നടന്നു നീങ്ങിയപ്പോള്‍ അനേകര്‍ തങ്ങളുടെ ഭവനങ്ങള്‍ക്ക്‌ മുന്‍പില്‍ കത്തിച്ച തിരികളുമായി നിന്ന്‌ റാസയെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തത്‌ പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ ഒരു ദേവാലയം എന്ന നിലയ്ക്ക്‌ മാത്രമല്ല, ചെറി ലെയിന്‍ പള്ളി പ്രശസ്തമാകുന്നത്‌. തിരുമേനിയുടെ തിരുശേഷിപ്പുകള്‍ പള്ളിയില്‍ സ്ഥാപിച്ചിട്ടുണ്ട്‌ എന്നുള്ളത്‌ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതയാണ്‌. പരിശുദ്ധ പരുമല തിരുമേനി ഉപയോഗിച്ചിരുന്ന കാപ്പാ വര്‍ഷങ്ങളായി ഈ പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ളതും അനേകര്‍ പ്രത്യേകിച്ചും, പെരുന്നാള്‍ സമയത്ത്‌ എത്തിച്ചേര്‍ന്ന്‌ പ്രാര്‍ത്ഥിച്ചും, അവയെ സ്പര്‍ശിച്ചും അനുഗ്രഹം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

തപസ്സുകൊണ്ടും ത്യാഗ ജീവിതം കൊണ്ടും വിശുദ്ധിയുടെ പ്രകാശഗോപുരമായി മാറിയ പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥത നാനാ ജാതി മതസ്ഥരായ അനേകര്‍ക്ക്‌ അഭയ കേന്ദ്രവും ആശ്വാസവുമായിരുന്നു. ക്രിസ്തു സമാന ജീവിത ദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട്‌ അശരണരെയും നിരാലംബരേയും പിന്നോക്ക സമുദായക്കാരായി പിന്തള്ളപ്പെട്ടവരെയും ചേര്‍ത്തുപിടിച്ച്‌ അവരുടെ ഉയര്‍ച്ചയ്ക്കായി പരിശ്രമിക്കുകയും പരിരക്ഷിക്കുകയും ചെയ്ത പുണ്യ പിതാവായിരുന്നു പരിശുദ്ധ തിരുമേനി.

ഭക്തിനിര്‍ഭരമായ റാസക്ക്‌ ശേഷം നേര്‍ച്ച വിളമ്പും ഉച്ചഭക്ഷണത്തോടും കൂടെ പെരുന്നാള്‍ ആഘോഷങ്ങള്‍ പര്യവസാനിച്ചു.

പെരുന്നാള്‍ ആഘോഷങ്ങളുടെ നടത്തിപ്പിനായി വികാരി ഫാ. ഗ്രിഗറി വര്‍ഗീസിനൊപ്പം പെരുന്നാള്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി സജി തോമസ്‌, റോയ്‌ തോമസ്‌ എന്നിവരും, സെക്രട്ടറി കെന്‍സ്‌ ആദായി, ട്രസ്റ്റിമാരായ മാത്യു മാത്തന്‍ , ബിജു മത്തായി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയും പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: വര്‍ഗീസ്‌ പോത്താനിക്കാട്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments