Monday, January 6, 2025
Homeഅമേരിക്കചൈനയിലെ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും :കേരളം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു

ചൈനയിലെ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും :കേരളം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു

ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.

മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. എങ്കിലും മലയാളികൾ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുൾപ്പെടെ ലോകത്തിന്‍റെ പലഭാഗങ്ങളിൽ നിന്നും പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും നാം ജാഗ്രത പുലർത്തണം.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയിൽ ഭീതി പടർത്തുന്ന രീതിയിൽ ശ്വാസകോശ അണുബാധകൾ ഉണ്ടെങ്കിൽ അവക്ക് കാരണം. . ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV), കോവിഡ് 19 ന്റെ ചില വകഭേദങ്ങൾ, ഇൻഫ്‌ലുവൻസ എ വൈറസ്ബാധകൾ എന്നിവയാണ് അവ. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങൾ ഇവയിൽ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ നാം കരുതിയിരിക്കണം.

മേൽപ്പറഞ്ഞ മൂന്നുതരം വൈറസുകളിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് ആണ് താരതമ്യേന നമുക്ക് അപരിചിതമായ വൈറസ്. ഈ വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി കേരളം ഉൾപ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.

നമുക്ക് തന്നെ മുൻപ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. അതുകൊണ്ടുതന്നെ HMPV യെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല. കേരളത്തിലും കുട്ടികളിൽ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളിൽ ന്യൂമോണിയകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഈ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളും ഉണ്ട്. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ല എങ്കിൽ HMPV വളരെയധികം ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ സാധ്യത കുറവാണ്. എങ്കിലും നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. അതാണ് നിലവിൽ നാം ചെയ്യുന്നത്. അതോടൊപ്പം ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന പക്ഷം അവരെയും പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. എന്നാൽ പ്രവാസികൾക്ക് പ്രത്യേകമായ നിയന്ത്രണങ്ങൾ ഒന്നും തന്നെ നിലവിൽ ആവശ്യമില്ല.

നേരത്തെ പറഞ്ഞ വൈറസ് വിഭാഗങ്ങളിൽ രണ്ടാമത്തേത് കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങളാണ്. മറ്റൊരു മഹാമാരിയാകാൻ സാധ്യത കൽപിക്കപ്പെടുന്ന വൈറസുകളിൽ കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ ചൈനയിൽ ചർച്ചചെയ്യപ്പെടുന്ന തരത്തിൽ ന്യൂമോണിയ രോഗം പടരുന്നുണ്ടെങ്കിൽ, അതിന് കാരണങ്ങളിൽ ഒന്ന് കോവിഡിന്റെ പുതിയ ജനിതകവ്യതിയാനങ്ങൾ ആണെങ്കിൽ നാം കരുതിയിരിക്കണം. എങ്കിലും നേരത്തെ തന്നെ കോവിഡ് വന്നിട്ടുള്ള ആളുകൾക്കും കോവിഡ് രോഗത്തിനെതിരെ വാക്‌സിൻ സ്വീകരിച്ചിട്ടുള്ള ആളുകൾക്കും പുതിയ ജനിതക വ്യതിയാനം അപകടകരമായ രോഗാവസ്ഥ ഉണ്ടാക്കാൻ സാധ്യത കുറവാണ്. പക്ഷെ അണുബാധ പടരുന്ന സാഹചര്യം ഉണ്ടായാൽ പ്രായമുള്ളവരെയും രോഗികളെയും അത് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ നാം കരുതിയിരിക്കണം. ഇനിയും പൂർണമായി അപ്രത്യക്ഷമായിട്ടില്ലാത്ത കോവിഡ് 19 ജനിതക വ്യതിയാനങ്ങൾ തിരിച്ചുവരുന്ന ഒരു സാഹചര്യം ഉണ്ടായാലും അതിനെ നേരിടാനും സംസ്ഥാനം സുസജ്ജമാണ്. സംസ്ഥാനത്തെവിടെയും കോവിഡ് 19 സമാനമായ ലക്ഷങ്ങൾ ക്ലസ്റ്ററുകളായി രൂപപ്പെടുന്ന സാഹചര്യം നേരിടാൻ നാം തയ്യാറായിരിക്കണം.

മേൽപ്പറഞ്ഞ വൈറസ് വിഭാഗങ്ങളിൽ മൂന്നാമത്തെത് ഇൻഫ്‌ലുവൻസ എ എന്ന വിഭാഗത്തിൽപ്പെടുന്ന, പ്രാഥമികമായി ജന്തുക്കളിൽ നിന്നോ പക്ഷികളിൽ നിന്നോ ഉത്ഭവിച്ച് പിന്നീട് മനുഷ്യരിലേക്ക് കടന്നെത്തുന്ന ഇൻഫ്‌ലുവൻസ വിഭാഗത്തിൽ പെടുന്ന വൈറസ് ബാധകളാണ്. കേരളം ഇന്ന് ഏകാരോഗ്യ സമീപനത്തിലൂടെ നേരിടാൻ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളുടെ ഒരു വിഭാഗമാണ് ഇൻഫ്‌ലുവൻസ. മാത്രമല്ല, വിവിധങ്ങളായ വൈറസ് ബാധകളിൽ മഹാമാരികളാകാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നതും ഇൻഫ്‌ലുൻസ വിഭാഗത്തിൽപ്പെട്ട പനികൾക്കാണ്.

ചൈനയിൽ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന രോഗാണു ബാധയിൽ ഇൻഫ്‌ലുവൻസ രോഗത്തിന് എത്രത്തോളം സ്വാധീനം ഉണ്ട്, ഉണ്ടെങ്കിൽ അത് ഏതുതരം ഇൻഫ്‌ലുവൻസ ആണ് തുടങ്ങിയ കാര്യങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും H1N1 പോലെ നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇൻഫ്‌ലുൻസ വൈറസിൽ അപകട സ്വഭാവമുള്ള പുത്തൻ ജനിതക വ്യതിയാനങ്ങളോ പുത്തൻ ഇൻഫ്‌ലുവൻസ വൈറസ് തന്നെയോ കടന്നുവന്നതായി നിലവിൽ റിപ്പോർട്ടുകളില്ല. എങ്കിലും ഇൻഫ്‌ലുവൻസാ രോഗങ്ങളുടെ നിരീക്ഷണ സംവിധാനവും നാം ശാക്തീകരിക്കുകയാണ്. ഇൻഫ്‌ലുൻസ രോഗവ്യാപനത്തെപ്പറ്റിയുള്ള നമ്മുടെ പ്രധാന ഉത്കണ്ഠ, അത് ഗർഭിണികൾക്ക് അപൂർവ്വമായെങ്കിലും അപകടം വരുത്താം എന്നതാണ്. അതിനാൽ ഗർഭിണികളായ സ്ത്രീകൾ മാസ്‌കുകൾ ഉപയോഗിക്കുകയും ശ്വാസകോശ അണുബാധയുള്ള ആളുകളിൽ നിന്നും അകലം പാലിക്കുകയും വേണം.

ചൈനയിൽ നിന്നും പുത്തൻ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒന്ന് രണ്ട് കാര്യങ്ങൾ നാം പരിഗണിക്കേണ്ടത്തുണ്ട്. ചൈനയിലുണ്ടാകുന്ന രോഗാണു ബാധകളെ ലോകം മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതുകൊണ്ടും അതിന് കൂടുതൽ വാർത്താപ്രാധാന്യം ഉള്ളതുകൊണ്ടും വാർത്തകൾ പർവതീകരിക്കാനുള്ള സാധ്യതകൾ ഉണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം.

2000 ആണ്ടിൽ ഉണ്ടായ സാർസിന് ശേഷവും 2019ൽ ഉണ്ടായ കോവിഡ് 19 മഹാമാരിക്ക് ശേഷവും ചൈനയുടെ രോഗനിരീക്ഷണ സംവിധാനം വളരെ ശക്തമായി എന്നതിനാൽ സത്യത്തിൽ ഉണ്ടാകുന്ന അണുബാധകളുടെ സിംഹഭാഗവും ചൈന കണ്ടെത്തുന്നു എന്നതാണ് എന്നുള്ളതാണ് രണ്ടാമത്തെ വസ്തുത. ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതൽ കാലം ലോക്ക്ഡൗൺ അനുഭവിച്ച ഒരു രാജ്യമാണ് ചൈന എന്നതുകൊണ്ട് തന്നെ ഇപ്പോഴും കോവിഡ് 19 സമൂഹത്തിൽ പൂർണ്ണമായും വ്യാപിച്ചിട്ടില്ല എന്നാണ് മറ്റൊരു വിലയിരുത്തൽ. നീണ്ടുനിൽക്കുന്ന ലോക്ഡോണുകൾ കോവിഡിന്റെ മാത്രമല്ല, ഇൻഫ്‌ലുൻസ, HMPV എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങളുടെയും വ്യാപനം താൽക്കാലികമായി കുറയ്ക്കുകയും ലോക്ക് ഡൌൺ പിൻവലിക്കുമ്പോൾ പ്രസ്തുത അണുബാധകൾ തിരിച്ചുവരികയും ചെയ്യുന്ന അവസ്ഥയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇപ്പോൾ ബാധിച്ചു കൊണ്ടിരിക്കുന്ന വൈറസ് അണുബാധകൾ ചൈനക്ക് പുറത്ത് വളരെയധികം ഭീഷണി ഉയർത്താൻ സാധ്യതയില്ല എന്നും ഒരു വിലയിരുത്തലുണ്ട്. എങ്കിലും നാം ജാഗ്രത കൈവെടിയാൻ പാടില്ല.

ഹ്യൂമൻ മെറ്റാന്യൂമോണിയ വൈറസ് ഉൾപ്പെടെയുള്ള അണുബാധകൾ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അവരും മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ളവർ പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകൾ തുടങ്ങിയവരും കൂടുതൽ ജാഗ്രത പുലർത്തണം. രോഗങ്ങൾ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്‌കൂളിൽ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും മാസ്‌കുകൾ ഉപയോഗിക്കണം. നിലവിൽ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ല. ചൈനയിലെ അവസ്ഥ നാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും രീതിയിൽ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ള രോഗാണുബാധ കണ്ടെത്തുന്ന പക്ഷം വളരെ വേഗത്തിൽ തന്നെ അതിനെ നിയന്ത്രിക്കാനും നമുക്ക് കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments