ജോർജിയ: അമേരിക്കയിലെ ഒരു സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ജോർജിയ വിൻഡറിലെ അപാലാച്ചി ഹൈസ്കൂളിലാണ് വെടിവെയ്പ്പ് നടന്നത്. കോൾട്ട് ക്രേ (14)ആണ് സ്കൂളിൽ വെടിയുതിർത്തത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.ബുധനാഴ്ച രാവിലെ 9: 45 ഓടെ ക്ലാസിൽ നിന്നും പുറത്തേക്ക് പോയ കോൾട്ട് കുറച്ച് കഴിഞ്ഞ് വെടിയുതിർത്തതായി സ്കൂളിലെ ഒരു ജൂനിയർ വിദ്യാർത്ഥി അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്തികരിച്ചു.
സംഭവത്തിൽ പൊലീസും വിശദീകരണം നടത്തി. ആക്രമണത്തെ തുടർന്ന് സ്കൂൾ പൂട്ടിയിടുകയും വിദ്യാർത്ഥികളെ അടുത്തുള്ള സ്റ്റേഡിയത്തിലേക്ക് മാറ്റുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി ആക്രമണത്തിൽ ജോർജിയ ഗവർണർ ബ്രയാൻ കെംപും പ്രസ്താവന ഇറക്കി. അപാലാച്ചി ഹൈസ്‌കൂളിൽ നടന്ന സംഭവത്തോട് പ്രതികരിക്കാൻ സംസ്ഥാനത്തെ എല്ലാ മേഖലയിലുള്ളവർക്കും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തുടനീളമുള്ള ക്ലാസ് മുറികളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു.
സംഭവത്തിൽ പ്രാദേശിക, സംസ്ഥാന, ഫെഡറൽ പങ്കാളികളുമായി ചേർന്ന് കൂടുതൽ വിവരം ശേഖരിക്കുമെന്നും കെപ് കൂട്ടിച്ചേർത്തു.ഈ വർഷം മാത്രം യുഎസിൽ കുറഞ്ഞത് 385 കൂട്ട വെടിവെപ്പുകൾ നടന്നിട്ടുള്ളതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. നാലോ അതിൽ അധികമോ പേർ വെടിവെപ്പിൽ മരിക്കുന്നതിനെയാണ് കൂട്ടവെടിവെപ്പ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.