Sunday, December 22, 2024
Homeഅമേരിക്കആപ്പിള്‍ ഇന്റലിജന്‍സ് അവതരിപ്പിച്ചു, ഇനി പുതിയ സിരി; ഐഒഎസ് 18, ഐപാഡ് 18 ഒഎസുകൾ അവതരിപ്പിച്ചു.

ആപ്പിള്‍ ഇന്റലിജന്‍സ് അവതരിപ്പിച്ചു, ഇനി പുതിയ സിരി; ഐഒഎസ് 18, ഐപാഡ് 18 ഒഎസുകൾ അവതരിപ്പിച്ചു.

കാലിഫോര്‍ണിയ: റിപ്പോര്‍ട്ടുകള്‍ പ്രവചിച്ചപോലെ ജനറേറ്റീവ് എഐ അധിഷ്ഠിത പ്രഖ്യാപനങ്ങളുമായി ഇത്തവണത്തെ ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഗ്രസ്. ഐഫോണ്‍ ഉള്‍പ്പടെ ആപ്പിളിന്റെ ഉപകരണങ്ങളിലുടനീളം ജനറേറ്റീവ് എഐ കഴിവുകള്‍ എത്തിക്കുന്ന പുതിയ ആപ്പിള്‍ ഇന്റലിജന്‍സ് കമ്പനി അവതരിപ്പിച്ചു. ഒപ്പം പുതിയ ഐഒഎസ് 18, ഐപാഡ് ഒഎസ് 18, മാക്ക് ഒഎസ് സെക്കോയ, വാച്ച് ഒഎസ് 11 എന്നിവയും പ്രഖ്യാപിച്ചു. ജനറേറ്റീവ് എഐ അധിഷ്ഠിത സൗകര്യങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ എത്തുന്നു എന്നതാണ് ഇത്തവണത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ പ്രഖ്യാപനങ്ങളുടെ മുഖ്യ ഹൈലൈറ്റ്.

സാംസങിന്റെ ഗാലക്‌സി എഐയോട് മത്സരിക്കാനാവും വിധമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്. ഐഫോണ്‍, മാക്ക്, ഐപാട് എന്നിവയിലുടനീളമുള്ള ആപ്പുകളിലെല്ലാം പുതിയ ജനറേറ്റീവ് എഐ അധിഷ്ഠിത സൗകര്യങ്ങള്‍ ലഭിക്കും.

ഫോട്ടോസ് ആപ്പിലെ ചിത്രങ്ങള്‍ തിരയുക, ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുക, മെസേജസ്, നോട്ട്‌സ്, മെയില്‍ ഉള്‍പ്പടെയുള്ള വിവിധ ആപ്പുകളില്‍ എന്തെങ്കിലും എഴുതിയാല്‍ അത് ശരിയായ രീതിയിലും അനുയോജ്യമായതുമായ ശൈലയില്‍ മാറ്റി എഴുതാന്‍ ആപ്പിള്‍ ഇന്റലിജന്‍സിന്റെ സഹായം തേടാനാവും.

സമ്പൂര്‍ണ സ്വകാര്യത വാഗ്ദാനം ചെയ്തുകൊണ്ടാണ് കമ്പനി ആപ്പിള്‍ ഇന്റലിജന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. എ17 പ്രോയില്‍ തുടങ്ങി എം സീരീസ് ചിപ്പുകളിലെല്ലാം പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ ഓണ്‍ ഡിവൈസ് പ്രൊസസിങ് സൗകര്യം ഉണ്ടായിരിക്കും. അതായത് എഐ അധിഷ്ഠിത ഫീച്ചറുകളുടെ പ്രവര്‍ത്തനത്തിന്റെ വലിയൊരു പങ്കും അതാത് ഉപകരണങ്ങളില്‍ തന്നെയാവും.

ആപ്പിള്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തില്‍ സിരി വോയ്‌സ് അസിസ്റ്റന്റിനെ അടിമുടി പരിഷ്‌കരിച്ചു. സിരിയുടെ ഐക്കണ്‍ ഉള്‍പ്പടെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജനറേറ്റീവ് എഐയുടെ സഹായത്തോടെ കൂടുതല്‍ സ്വാഭാവികമായ ഭാഷയിലുള്ള ശബ്ദനിര്‍ദേശങ്ങള്‍ പ്രൊസസ് ചെയ്യാന്‍ ഇപ്പോള്‍ സിരിക്ക് സാധിക്കും. സിരിയുടെ സഹായത്തോടെ ആപ്പുകളില്‍ ഉടനീളം വിവിധ കാര്യങ്ങള്‍ ചെയ്യാനാവും. നിങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഇനി സിരിയ്ക്ക് സാധിക്കും. അതുവഴി കൂടുതല്‍ വ്യക്തിപരമായ പ്രതികരണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ സിരിക്കാവും. ഉദാഹരണത്തിന് ഫോണില്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ ചോദിച്ചറിയാനും, സന്ദേശങ്ങളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് അതിലെ ഉള്ളടക്കങ്ങളോ അയച്ച ആളിനെയോ സൂചിപ്പിച്ച് തിരയാന്‍ സിരിയുടെ സഹായം തേടാം. സമാനമായി സവിശേഷതകള്‍ വിശദീകരിച്ച് ഫോട്ടോസ് ആപ്പില്‍ നിന്ന് ചിത്രങ്ങള്‍ തിരയാനും ക്രമീകരിക്കാനും സിരിയുടെ സഹായത്തോടെ സാധിക്കും. ഇതിന് പുറമെ സിരിയിലൂടെ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയും ഉപയോഗിക്കാനാവും.

*ഐഒഎസ് 18*

പുതിയ കസ്റ്റമൈസേഷന്‍ സൗകര്യങ്ങളും പ്രൈവസി, വിവിധ ആപ്പുകളിലെ ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍ എന്നിവയുമായാണ് ഐഒഎസ് 18 അവതരിപ്പിച്ചിരിക്കുന്നത്. ഹോം സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍ സൗകര്യമാണ് ഇതില്‍ ആദ്യത്തേതും പ്രധാനപ്പെട്ടതും. ഇനി മുതല്‍ ഐഫോണ്‍ ഹോം സ്‌ക്രീനിലെ ആപ്പുകള്‍ സ്‌ക്രീനില്‍ ഏത് ഭാഗത്തേക്കും ഇഷ്ടാനുസരണം നീക്കിവെക്കാനാവും. ഇതിന് പുറമെ വാള്‍പേപ്പറിന് അനുയോജ്യമായി ആപ്പ് ഐക്കണുകളുടെ നിറം മാറ്റാനും കഴിയും.

ഐഫോണിലെ പുതിയ സ്വകാര്യതാ ഫീച്ചറുകളാണ് അടുത്തത്. ഐഫോണിലെ ആപ്പുകള്‍ ഫേസ് ഐഡിയോ പാസ് വേഡോ ഉപയോഗിച്ച് ലോക്ക് ചെയ്യാനാവും. ഇത് കൂടാതെ ആപ്പുകള്‍ ഹൈഡ് ചെയ്യാനും സൗകര്യമുണ്ടാവും. ഹൈഡ് ചെയ്യുന്ന ആപ്പുകള്‍ ഹോംസ്‌ക്രീനില്‍ നിന്ന് നീക്കം ചെയ്ത് ആപ്പ് ലൈബ്രറിയിലെ ലോക്ക് ചെയ്ത പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റും.

മെസേജിങ് ആപ്പിലെ അപ്‌ഡേറ്റുകളാണ് അടുത്തത്. മെസേജിങ് ആപ്പില്‍ വരുന്ന സന്ദേശങ്ങളോട് ഇമോജികളിലൂടെ പ്രതികരിക്കുന്നതിനായുള്ള സൗകര്യമാണ് ടാപ്പ് ബാക്കുകള്‍. ടാപ്പ് ബാക്കുകളില്‍ ഇനി ഏത് ഇമോജി വേണമെങ്കിലും ഉപയോഗിക്കാനാവും. ഇതിന് പുറമെ ടെക്സ്റ്റ് ഫോര്‍മാറ്റ്, ടെക്‌സ്റ്റ് ഇഫക്ട്‌സ്, തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. ഇതുവഴി സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ടെക്‌സ്റ്റിന് അണ്ടര്‍ലൈന്‍ കൊടുക്കാനും ബോള്‍ഡ് ആക്കാനുമെല്ലാം സാധിക്കും. ഒപ്പം ടെക്സ്റ്റിന് ചില ആനിമേഷന്‍ ഇഫക്ടുകള്‍ നല്‍കാനുമാവും.

മെയില്‍ ആപ്പില്‍ പുതിയ കാറ്റഗറികള്‍ അവതരിപ്പിച്ചു. ഇമെയില്‍ സന്ദേശങ്ങളെ ട്രാന്‍സാക്ഷന്‍സ്,. അപ്‌ഡേറ്റ്‌സ്, പ്രൊമോഷന്‍സ് എന്നിങ്ങനെ വേര്‍തിരിക്കാനാവും. വാണിജ്യ ഇമെയിലുകള്‍ അയക്കുന്ന സ്ഥാപനങ്ങളുടെ സന്ദേശങ്ങള്‍ ഒന്നിച്ച് കാണാനുമാവും. ഇതിനായി വ്യക്തി വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു. അതേസമയം വലിയ പ്രൊസസിങ് ആവശ്യമുള്ള ജോലികള്‍ക്കായി ആപ്പിളിന്റെ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ട് സേവനം പ്രയോജനപ്പെടുത്തും. ആവശ്യമുള്ള ഡാറ്റ മാത്രം സെര്‍വറിലേക്ക് അയക്കുമെന്നും അവ ശേഖരിക്കില്ലെന്നും ആപ്പിള്‍ വ്യക്തമാക്കുന്നു.

ഇതിന് പുറമെ ഫോട്ടോസ് ആപ്പിലെ ചിത്രങ്ങളുടെ ക്രമീകരണങ്ങള്‍, മാപ്‌സിലെ പുതിയ ഫീച്ചറുകള്‍ എന്നിവയും ആപ്പിള്‍ പ്രഖ്യാപിച്ചു.

ഐപാഡില്‍ കാല്‍കുലേറ്റര്‍ ആപ്പ് അവതരിപ്പിച്ചതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആപ്പിള്‍ പെന്‍സിലിന്റെ സഹായത്തോടെ കണക്കുകള്‍ എഴുതി ചെയ്യാനും ഐപാഡിലെ കാല്‍കുലേറ്റര്‍ ആപ്പില്‍ സാധിക്കും. ഐഫോണില്‍ ലഭിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഐപാഡിലും മാക്കിലും ഒരു പോലെ സൗജന്യമായി ലഭിക്കും. ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഇമോജികള്‍ നിര്‍മിക്കാനാവുന്ന ജെന്‍മോജി ഫീച്ചര്‍, നോട്ട്‌സ് ആപ്പിലും മറ്റും ആപ്പിള്‍ പെന്‍സില്‍ കൊണ്ട് വരച്ചിടുന്ന രേഖാ ചിത്രങ്ങളെ എഐ ചിത്രങ്ങളാക്കാനുള്ള മാജിക് വാന്‍ഡ് തുടങ്ങിയ സൗകര്യങ്ങളും ആപ്പിള്‍ പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments