ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കമ്പനിയായി മാറി ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയ. ബുധനാഴ്ച കമ്പനിയുടെ വിപണി മൂല്യം 3,00,000 കോടി കടന്നതോടെയാണ് ഈ നേട്ടത്തിന് അര്‍ഹമായത്. ആപ്പിളിനെ മറികടന്നാണ് എന്‍വിഡിയ ഈ നേട്ടം കൈവരിച്ചത്. അതേസമയം, ഓഹരി പത്തിലൊന്നായി വിഭജിക്കാനൊരുങ്ങുകയാണ് എന്‍വിഡിയ. ജൂണ്‍ ഏഴ് മുതല്‍ ഇത് നിലവില്‍ വരും. കൂടുതല്‍ വ്യക്തിഗത നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണിത്.
സിലിക്കണ്‍ വാലിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു സംഭവവികാസമാണിത്. 2007-ല്‍ ഐഫോണ്‍ പുറത്തിറക്കിയതിന് ശേഷം ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കമ്പനിയെന്ന നേട്ടം ആപ്പിളിന്റെ കൈവശമായിരുന്നു.
ബുധനാഴ്ച കമ്പനിയുടെ ഓഹരി 5.2 ശതമാനം ഉയര്‍ന്ന് 1224.40 ഡോളറിലെത്തി. ഇതോടെ മൂല്യം 3,01,200 കോടി ഡോളറിലെത്തി. ആപ്പിളിന്റെ വിപണി മൂല്യം 0.8 ശതമാനം ഉയര്‍ന്ന് ഏറ്റവും ഒടുവില്‍ 3,00,300 കോടി ഡോളറായിരുന്നു.
അതേസമയം, ലോകത്തെ ഏറ്റവും മൂല്യമേറിയ ഒന്നാമത്തെ കമ്പനി എന്ന സ്ഥാനം മൈക്രോസോഫ്റ്റിന് സ്വന്തമാണ്. ബുധനാഴ്ച ഓഹരി 1.9 ശതമാനം ഇയര്‍ന്ന് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3,15,000 കോടി ഡോളറിലെത്തി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മുന്നേറ്റമാണ് എന്‍വിഡിയയ്ക്ക് നേട്ടമായതെന്നാണ് വിലയിരുത്തല്‍. മൈക്രോസോഫ്റ്റും ആപ്പിളും ഓപ്പണ്‍ എഐയും ഗൂഗിളും മെറ്റയും ഉള്‍പ്പടെ ലോകത്തെ മുന്‍നിര എ.ഐ. കമ്പനികളെല്ലാം ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ക്കായി ആശ്രയിക്കുന്നത് പ്രധാനമായും എന്‍വിഡിയയെയാണ്. 2024-ൽ ഇതുവരെ എന്‍വിഡിയയുടെ ഓഹരിയില്‍ 147 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അധികം വൈകാതെ മൈക്രോസോഫ്റ്റിനെയും എന്‍വിഡിയ മറികടന്നേക്കുമെന്നാണ് പ്രവചനം.