ടെൽ അവിവ്;ഹമാസിന്റെ സൈനിക-ശേഷി നശിപ്പിക്കുകയും ബന്ദികളെ പൂർണമായി മോചിപ്പിക്കുകയും ചെയ്യുന്നതുവരെ ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഇസ്രയേൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹു. സ്ഥിരമായ വെടിനിർത്തൽ ലക്ഷ്യമിട്ട് മൂന്ന് ഘട്ട വെടിനിർത്തൽ കരാർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. വെടിനിർത്തൽ നിർദേശം സ്വാഗതാർഹമാണെന്ന് ഹമാസും പ്രതികരിച്ചിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും വെടിനിർത്തൽ ശ്രമങ്ങളെ പിന്തുണച്ച് രംഗത്തെത്തി.
ഇസ്രയേല്‍ മുന്‍കൈ എടുത്ത് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാറിനെ തള്ളിക്കളയുന്ന പ്രഖ്യാപനമാണ് തൊട്ടുപിന്നാലെ ഇസ്രയേൽ പ്രസിഡന്റില്‍ നിന്നുമുണ്ടായത്. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലാണ് ഗാസയിലെ വെടിനിർത്തൽ കരാറിനുള്ള “ഇസ്രയേലിന്റെ പുതിയ നിർദേശങ്ങൾ’ ബൈഡൻ അവതരിപ്പിച്ചത്. ഗാസയിലെ ജനവാസമേഖലകളിൽനിന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിൻവാങ്ങുന്നതും ആറാഴ്ചത്തെ വെടിനിർത്തലും ഉൾപ്പെടെ മൂന്ന് ഭാഗങ്ങളുള്ള നിർദേശമാണ് ബൈഡൻ അവതരിപ്പിച്ചത്. വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഹമാസിന് കൈമാറിയെന്നും ബൈഡൻ വെളിപ്പെടുത്തി. എന്നാൽ, ഗാസ കടന്നുകയറ്റം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രയേലിന്റെ അടിസ്ഥാന വ്യവസ്ഥകൾ മാറിയിട്ടില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
ഹമാസ് സേനയുടെയും ഭരണസംവിധാനത്തിന്റെയും നാശം, എല്ലാ ബന്ദികളുടെയും മോചനം, ഗാസ ഇനി ഇസ്രയേലിന് ഭീഷണിയല്ലെന്ന് ഉറപ്പാക്കൽ എന്നീ ലക്ഷ്യങ്ങൾ നേടിയ ശേഷമേ സ്ഥിരമായ വെടിനിർത്തലിലേക്ക് കടക്കുകയുള്ളൂവെന്ന്
നെതന്യാഹു പറയുന്നു. ഗാസയില്‍ മരണം 36,000 കടക്കുമ്പോഴും താത്കാലിക രാഷ്ട്രീയലാഭം നോട്ടമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ബൈഡനും നെതന്യാഹുവും നടത്തുന്നതെന്നാണ് വെളിപ്പെടുന്നത്. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 36,379 പലസ്‌തീന്‍കാരാണ് കൊല്ലപ്പെട്ടത്.
24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയില്‍ കൊല്ലപ്പെട്ടത് 95 പേർ. 350 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഏഴായിരത്തോളം പേർ വിവിധ സ്ഥലങ്ങളിലായി കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. തെക്കൻ ഗാസയിലെ സെയ്‌ത്തൂണിൽ സ്‌കൂൾ സമുച്ചയത്തിനുനേരെയും ബോംബാക്രമണമുണ്ടായി. ഇസ്രയേൽസേന കൃഷിഭൂമികളിൽനിന്ന് കർഷകരെ വ്യാപകമായി ഒഴിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബർ ഏഴിനുശേഷം 36,379 പേരാണ് പലസ്‌തീനിൽ കൊല്ലപ്പെട്ടത്.