ബോയിങ്;സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ വിക്ഷേപണം ഇന്ന് നടക്കും. നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യു.എസ് നേവി കാപ്റ്റന്‍ ബാരി ബച്ച് വില്‍മോര്‍ (61), മുന്‍ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് (58) എന്നിവരാണ് പേടകത്തില്‍ യാത്ര ചെയ്യുക. ഇത് മൂന്നാം തവണയാണ് സുനിത വില്യംസ് ബഹിരാകാശ യാത്ര നടത്തുന്നത്.
നേരത്തെ മെയ് ആറിന് വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വിക്ഷേപണ വാഹനത്തില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. പിന്നീട് മറ്റ് ചില തീയ്യതികള്‍ പരിഗണിച്ചിരുന്നുവെങ്കിലും വൈകി.
സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തെ പോലെ നാസയുടെ കമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുത്ത മറ്റൊരു പേടകമാണ് വ്യോമയാന കമ്പനിയായ ബോയിങിന്റെ സ്റ്റാര്‍ലൈനര്‍. സ്റ്റാര്‍ലൈനറിന്റെ മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള യാത്ര വിജയകരമായാല്‍ നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മറ്റൊരു പേടകം കൂടി ലഭിക്കും.
ജൂണ്‍ ഒന്ന് ശനിയാഴ്ച രാത്രി 9.55-ന് വിക്ഷേപണം നടത്തുമെന്നാണ് നാസയുടെ അറിയിപ്പ്. ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്നാണ് വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ എത്തിച്ച് ഒരാഴ്ചയ്ക്ക് ശേഷം പേടകം തിരിച്ചിറക്കും.