ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്മസ് അപ്പൂപ്പനാണ് സാന്റാക്ലോസ്. കുട്ടികള്‍ക്ക് സമ്മാനവും സ്നേഹവുമായി റെയിന്‍ഡിയറുകളെ പൂട്ടിയ മഞ്ഞുവണ്ടിയില്‍ എത്തുന്ന അപ്പൂപ്പന്‍ എല്ലാ കാലത്തെയും കുട്ടികളുടെ സ്വപ്നങ്ങളെ വസന്തമാക്കുന്നു.
സാന്റ ശരിക്കും ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് കുട്ടികള്‍. അതിനാല്‍ത്തന്നെ അവര്‍ക്ക് അപ്പൂപ്പനോട് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.
ധ്രുവപ്രദേശത്ത് കഴിയുന്ന സാന്റക്കായി എല്ലാ ക്രിസ്മസ് കാലങ്ങളിലും കുട്ടികള്‍ കത്തെഴുതാറുണ്ട്. സമ്മാനങ്ങളും മറ്റ് ആവശ്യങ്ങളുമായി എത്തുന്ന ആ കത്തുകള്‍ക്ക് പലപ്പോഴും മറുപടിയും കിട്ടാറുണ്ട്. എങ്ങനെയാണിത് സംഭവിക്കുന്നത്? സാന്റയ്ക്ക് കുട്ടികളയക്കുന്ന കത്തുകള്‍ക്ക് പിന്നെ എന്താണ് സംഭവിക്കുന്നത്?
അതറിയാന്‍ നമ്മളാദ്യം സാന്റ ക്ലോസ് മെയിന്‍ പോസ്റ്റ് ഓഫീസിനെ അറിയണം. ആര്‍ട്ടിക് സര്‍ട്ടിക്കിളിലുള്ള ഫിന്‍ലാന്റിലെ റെവാനിയേമിയില്‍ നിന്നും എട്ടു കിലോ മീറ്റര്‍ അകലെയുള്ള മഞ്ഞു മൂടിയ ഗ്രാമത്തിലാണ് സാന്റയുടെ പോസ്റ്റ് ഓഫീസ് ഉള്ളത്. ഫിന്നിഷ് പോസ്റ്റല്‍ സര്‍വീസിന്റെ ഭാഗമായ ഈ പോസ്റ്റ് ഓഫീസിലേക്ക് എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് കത്തുകളാണ് എത്താറുള്ളത്.
1985-ല്‍ മാത്രം ഇവിടെ എത്തിയത് 1. 7 കോടി എഴുത്തുകളാണ് .ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ കത്തുകള്‍ വായിച്ചു നോക്കാനും അവക്ക് മറുപടി അയക്കാനും സൗകര്യമുണ്ട്. ഇവിടെ കത്തുകള്‍ക്ക് മറുപടി അയക്കാന്‍ മാത്രം ജീവനക്കാരുമുണ്ട്.
ഇതാണ് സാന്റാ പോസ്റ്റ് ഓഫീസിലേക്ക് കത്തയക്കാനുള്ള വിലാസം സാന്റാ പോസ്റ്റ് ഓഫീസിന്റെ വെബ്സൈറ്റ് ഇതാണ്: https://my.posti.fi/en/santa-claus-main-post-office
സാന്റാ ക്ലോസ് എന്നും സാന്റാ നോര്‍ത്ത് പോള്‍ എന്നുമെഴുതിയ നിരവധി കത്തുകളാണ് സാധാരണയായി കുട്ടികള്‍ അയക്കാറുള്ളത്. വ്യക്തമായ അഡ്രസ്സില്ലാത്ത ഈ കത്തുകള്‍ കൈകാര്യം ചെയ്യാറുള്ളത് അതാതു രാജ്യങ്ങളിലെ പോസ്റ്റല്‍ വകുപ്പുകളാണ്. അമേരിക്കയാണ് ഈ കത്തുകളെ ഏറ്റവും മനോഹരമായി സമീപിച്ചിട്ടുള്ളത്. കുട്ടികളുടെ കത്തുകള്‍ സ്വീകരിക്കാനും അവക്ക് മറുപടി അയക്കാനുമുള്ള സംവിധാനം യുനൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റല്‍ സര്‍വീസ് പതിറ്റാണ്ടുകളായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യു എസ് പോസ്റ്റല്‍ സര്‍വീസ് സാന്റായ്ക്കുള്ള കത്തുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത് 100 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 1912 -ല്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലായിരുന്ന ഫ്രാങ്ക് ഹിച്കോക്ക് ആണ് ഈ സംവിധാനത്തിന്റെ ശില്‍പ്പി. പോസ്റ്റല്‍ ജീവനക്കാര്‍ക്കും പുറത്തുള്ളവര്‍ക്കും ഈ കത്തുകള്‍ക്ക് മറുപടി അയക്കാനുള്ള സംവിധാനമാണ് അദ്ദേഹം ഏര്‍പ്പെടുത്തിയത്. കത്തുകളുടെ എണ്ണം കൂടുമ്പോള്‍, ചാരിറ്റബിള്‍ സംഘടനകളുടെയും മറ്റും സഹായം തേടും. കത്തുകള്‍ക്കുള്ള മറുപടി മാത്രമല്ല, കുട്ടികള്‍ ആവശ്യപ്പെടുന്ന സമ്മാനങ്ങള്‍ എത്തിച്ചു കൊടുക്കാനുമുള്ള സംവിധാനം പോലും ഇവിടെയുണ്ട്.
201-ല്‍ ഏഴ് നഗരങ്ങളില്‍ ഓപ്പറേഷന്‍ സാന്റ പേരില്‍ സാന്റാ കത്തുകള്‍ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഈ വര്‍ഷം മുതല്‍ അമേരിക്കയിലാകെ ഈ സംവിധാനം നിലവില്‍ വന്നു. കുട്ടികളുടെ കത്തുകള്‍ക്ക് ആര്‍ക്കും മറുപടി അയക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്.ഇതാണ് ഓപ്റേഷന്‍ സാന്റാ വെബ്സൈറ്റ്: https://about.usps.com/holidaynews/operation-santa.htm
ബ്രിട്ടനിലും സമാനമായ സംവിധാനമുണ്ട്. റോയല്‍ മെയില്‍ സാന്റാ കത്തുകള്‍ മറുപടി അയക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാന്റാ വെബ്സൈറ്റ്: https://www.postoffice.co.uk/write-to-santa
ലോകത്ത് മറ്റനവധി രാജ്യങ്ങളിലും കുട്ടികള്‍ സാന്റക്ക് എഴുതുന്ന കത്തുകള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനമുണ്ട്.