ഹോളിവുഡ് ചിത്രം ‘ടാര്‍സനി’ലെ വേഷത്തിലൂടെ ശ്രദ്ധേയനായ റോണ്‍ ഇലി അന്തരിച്ചു. 84 വയസ്സായിരുന്നു. കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറയിലെ ലോസ് അലാമസിലെ വീട്ടില്‍വെച്ച് സെപ്റ്റംബര്‍ 29-നായിരുന്നു അന്ത്യമെന്ന് മകള്‍ കേര്‍സ്റ്റന്‍ കസാലെ അറിയിച്ചു. പിതാവിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേര്‍സ്റ്റന്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചു. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസുഖബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
1960-കളിലെ എന്‍.ബി.സി. സീരീസായ ടാര്‍സനിലെ നായക കഥാപാത്രം അവതരിപ്പിച്ച റോണ്‍ ഇലി, 2001-ല്‍ അഭിനയം നിര്‍ത്തി എഴുത്തുമേഖലയിലേക്ക് തിരിഞ്ഞു. രണ്ട് മിസ്റ്ററി നോവലുകള്‍ എഴുതിയിട്ടുണ്ട്. ടാര്‍സനിലെ അദ്ദേഹത്തിന്റെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നടനും എഴുത്തുകാരനുമായ അദ്ദേഹത്തിന് മെന്റർ എന്ന നിലയിലും നിരവധി ആരാധകരുണ്ട്.
‘ലോകം കണ്ട ഏറ്റവും മഹാന്മാരില്‍ ഒരാളെ, എന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഒരു നടനും എഴുത്തുകാരനും പരിശീലകനും കുടുംബനാഥനും മികച്ച ഒരു ലീഡറുമായിരുന്നു അദ്ദേഹം.
മറ്റുള്ളവരില്‍ ഇത്രമേല്‍ സ്വാധീനം ചെലുത്തിയ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തില്‍ മാന്ത്രികമായ എന്തോ ഒന്ന് ഉണ്ടായിരുന്നു’ -കേര്‍സ്റ്റന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സംഭവബഹുലമായ ജീവിതത്തിനിടെ ഒരിക്കലും ഓര്‍ക്കാനാവാത്ത ദുരന്തവും റോണ്‍ ഇലിയുടെ കുടുംബജീവിതത്തില്‍ ഉണ്ടായി. തന്റെ ഭാര്യ വലേരി ലുന്‍ഡീന്‍ ഇലിയെ സ്വന്തം മകന്‍ കാമറോണ്‍ ഇലി കുത്തിക്കൊലപ്പെടുത്തുന്ന ദാരുണകാഴ്ചക്കും അദ്ദേഹം സാക്ഷിയായി. മുപ്പതുകാരനായ മകനെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു. 2019-ലായിരുന്നു സംഭവം. അതിനു പിന്നാലെ റോണ്‍ അസുഖബാധിതനാവുകയായിരുന്നു.
മകനെ വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടിനെതിരേ അദ്ദേഹം രംഗത്തെത്തിയിരുന്നു. മകന്റെ കൈയില്‍ തോക്കോ മറ്റെന്തെങ്കിലും ആയുധമോ ഇല്ലെന്നിരിക്കേ, അവനെ വെടിവെച്ചു കൊന്നതിന്റെ അടിസ്ഥാനമെന്തായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. അമ്മയെ കൊന്നു എന്നതുകൊണ്ട് അവനെ വെടിവെച്ചുകൊല്ലാനാവില്ല. അത് ചെയ്യാന്‍ നിയമപരമായ അടിസ്ഥാനമുണ്ടായിരിക്കണമെന്നായിരുന്നു റോണിന്റെ വാദം.
1980-ല്‍ ഫ്‌ളോറിഡയില്‍വെച്ച് മിസ് അമേരിക്ക മത്സരത്തിനിടെയാണ് റോണ്‍, വലേരിയെ കണ്ടുമുട്ടുന്നത്. നാലുവര്‍ഷങ്ങള്‍ക്കുശേഷം വിവാഹിതരായി. മൂന്ന് കുട്ടികളായിരുന്നു ദമ്പതിമാർക്ക്.