രണ്ട് വഷക്കാലം മനുഷ്യരാശിയെ അടിച്ചമർത്തിയ കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്പിലുടനീളം അതിവേഗം പടരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞർ. ജൂണില്‍ ജർമനിയിലാണ് പുതിയ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. തുടർന്ന്, യു.കെ, യു.എസ്, ഡെൻമാർക്ക് തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളില്‍ എക്സ്.ഇ.സി വകഭേദം പടർന്നു പിടിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഒമിക്രോണ്‍ വകഭേദത്തിൻ്റെ ഉപവിഭാഗമാണ് പുതിയ വകഭേദം. ഇതുവരെ, 27 രാജ്യങ്ങളില്‍ നിന്നുള്ള 500 സാമ്പിളുകളില്‍ എക്സ്.ഇ.സി അടങ്ങിയതായി കണ്ടെത്തി. ചൈന, പോളണ്ട്, നോർവേ, ലക്സംബർഗ്, യുക്രെയ്ൻ, പോർച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പനി, തൊണ്ടവേദന, ചുമ, മണം തിരിച്ചറിയാനാവത്തത്, വിശപ്പില്ലായ്മ, ശരീരവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
വാക്സിനുകളുടെയും ബൂസ്റ്റർ ഡോസുകളും ഉപയോഗം, ഗുരുതരമായ രോഗങ്ങളില്‍ നിന്നും മതിയായ സംരക്ഷണം നല്‍കുമെന്ന് വിദഗ്ധർ പറയുന്നു. മറ്റ് കോവിഡ് വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലാണ് എക്‌സ്.ഇ.സി വകഭേദത്തിനെന്ന് ലണ്ടന്‍ ജനിറ്റിക്‌സ് ഇന്‍സ്റ്റിട്യൂട്ട് അറ്റ് യൂണിവേഴ്‌സിറ്റി കോളേജിന്റെ ഡയറക്ടര്‍ പ്രൊഫസര്‍ ഫ്രാന്‍കോയിസ് ബലൂക്‌സ് പറഞ്ഞു.
വാക്‌സിനുകള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ കഴിയും. എന്നാല്‍ ശീതകാലത്ത് എക്‌സ്.ഇ.സി ഏറ്റവും വ്യാപകമായ വൈറസ് ആകാന്‍ സാധ്യതയേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.