Thursday, September 19, 2024
Homeഅമേരിക്കകൗമാരക്കാരുടെ അക്കൗണ്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം, ഇന്‍സ്റ്റാഗ്രാമിൽ 'ടീന്‍ അക്കൗണ്ട്' വരുന്നു.

കൗമാരക്കാരുടെ അക്കൗണ്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം, ഇന്‍സ്റ്റാഗ്രാമിൽ ‘ടീന്‍ അക്കൗണ്ട്’ വരുന്നു.

കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റാഗ്രാം. അടുത്തയാഴ്ച മുതല്‍ ഇന്‍സ്റ്റാഗ്രാമിലെ 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഓട്ടോമാറ്റിക്കായി പുതിയ ‘ ടീന്‍ അക്കൗണ്ട്’ സെറ്റിങ്‌സിലേക്ക് മാറ്റപ്പെടും. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവര്‍മാര്‍ക്ക് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറുകയും ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും.

അക്കൗണ്ടുകള്‍ക്ക് മേല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റല്‍ സെറ്റിങ്‌സിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തേയും സാമൂഹിക ജീവിതത്തേയും സാരമായി ബാധിക്കുന്നുണ്ടെന്ന ആശങ്കകള്‍ ശക്തമായതോടെയാണ് വിവിധ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ നിര്‍ബന്ധിതരായത്.

സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. 18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയിരിക്കും. നേരത്തെ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല.

യുഎസിലാണ് ഈ അപ്‌ഡേറ്റ് ആദ്യം നടപ്പിലാക്കുക. ശേഷം അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചേക്കും. പിന്നാലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അപ്‌ഡേറ്റ് എത്തും. ടീന്‍ അക്കൗണ്ടിലേക്ക് അക്കൗണ്ടുകള്‍ മാറിയാല്‍ 13 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിങ്‌സ് മാറ്റാന്‍ സാധിക്കൂ. എന്നാല്‍ 16-17 വയസുള്ള ഉപഭോക്താക്കള്‍ക്ക് സ്വയം സെറ്റിങ്‌സ് മാറ്റാനാവും.

പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ കൗമാരക്കാരിലേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ടീന്‍ അക്കൗണ്ട് ഉടമകളുടെ എക്‌സ്‌പ്ലോര്‍ പേജിലും റീല്‍സ് ഫീഡിലും കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിന് അനുയോജ്യമായി നിയന്ത്രിക്കപ്പെടും.

കൗമാരക്കാരുടെ ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിന് സമയ നിയന്ത്രണവും ഉണ്ടാവും. ഒരു മണിക്കൂര്‍ ഉപയോഗത്തിന് ശേഷം ഇന്‍സ്റ്റാഗ്രാം ഉപയോഗം നിര്‍ത്തിവെക്കാനുള്ള അറിയിപ്പുകള്‍ നല്‍കും. രാത്രിയില്‍ സ്ലീപ്പ് മോഡിലേക്ക് മാറുന്ന അക്കൗണ്ടേ് നോട്ടിഫിക്കേഷനുകള്‍ തടയും. രാത്രി പത്തിനും രാവിലെ ഏഴിനും ഇടയില്‍വരുന്ന സന്ദേശങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി മറുപടി നല്‍കും.

എന്നാല്‍ ഈ സംവിധാനങ്ങള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഉറപ്പില്ല. പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും രക്ഷിതാക്കളെ ഇവയെല്ലാം ഉപയോഗിക്കുന്നുണ്ടോ എന്നും കൗമാരക്കാരുടെ ഇന്‍സ്റ്റാഗ്രാം ഉപയോഗം നിരീക്ഷിക്കുന്നുണ്ടോ എന്നും അറിയാനും ഉറപ്പിക്കാനും മെറ്റയ്ക്ക് സാധിക്കില്ല. രക്ഷിതാക്കളുടെ ഔദ്യോഗിക വെരിഫിക്കേഷനുകളൊന്നും മെറ്റ നടത്തുന്നില്ല. ജനനതീയ്യതി അടിസ്ഥാനമാക്കി മാത്രമാണ് ഉപഭോക്താവിന്റെ പ്രായം കണക്കാക്കുന്നത്. ഇങ്ങനെ പരിമിതികള്‍ ഏറെയുണ്ട് ഈ സംവിധാനങ്ങള്‍ക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments