Thursday, December 26, 2024
Homeഅമേരിക്കആത്മാവ് ശുദ്ധീകരിക്കാൻ (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ തൃശൂർ

ആത്മാവ് ശുദ്ധീകരിക്കാൻ (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ തൃശൂർ

സി. ഐ. ഇയ്യപ്പൻ തൃശൂർ

അതിരാവിലെയുടെ നിശബ്ദതയില്‍ ഇരിയ്ക്കാന്‍ കഴിയുന്നിടത്ത് സൗകര്യമായി ഇരുന്ന് ചാഞ്ചാടുന്ന മനസിനെ നിയന്ത്രിച്ച് ഈശ്വരനില്‍ പൂര്‍ണമായി ആശ്രയിച്ച് തന്നെ മുഴുവനായി സമര്‍പ്പിയ്ക്കുന്നതായി ധ്യാനിച്ചിരിയ്ക്കുന്നതോടെ മിഴികള്‍ താനെ അടഞ്ഞ് ശുദ്ധബോധം അനുഭവിയ്ക്കും. നമ്മുടെ കൈ, കാലുകളും, ശരീരം തന്നെ ഇല്ലാതെ ശൂന്യത അനുഭവപെടുമ്പോള്‍, ഈശ്വരനും,ഞാനും ഒന്നാണ് രണ്ടല്ല എന്ന സത്യം തിരിച്ചറിയും. നമ്മുടെ മുന്നിൽ ശൂന്യതയിൽ ഒരു പ്രകാശമായൊ , മറ്റു അനുഭവങ്ങൾ വഴിയൊ ഈശ്വര സാന്നിധ്യം നമ്മൾ അറിയും. ഏതാനും നിമിഷം മാത്രം കിട്ടുന്ന ആ അനുഭൂതിയിൽ ഒരു മണിക്കൂർ ഈശ്വരനിൽ ലയിച്ച് ഇരിയ്ക്കാം .ഇത് എല്ലാ ദിവസവും ജീവിതത്തിലെ ഒരു ദിനചരൃയായി തുടരാം. തുടക്കത്തിൽ കണ്ണുകൾ അടച്ച് ചിന്തകളിൽ നിന്ന് മുക്തനായി ഒരു മണിക്കൂർ ഇരിയ്ക്കുന്നതിന് കഴിഞ്ഞെന്നു വരില്ല. എപ്പോൾ കണ്ണുകൾ തുറക്കുവാൻ ആഗ്രഹിയ്ക്കുന്നുവൊ ഉടനെ കണ്ണുകൾ മെല്ലെ തുറക്കുക. അടുത്തദിവസവും അതു തുടരുക. നിത്യപരിശീലനം കൊണ്ട് അത് സാദ്ധ്യമാകും.

ദിവസത്തിന്റെ ആരംഭത്തില്‍ നമ്മളിലെ ഈശ്വരനുമായി അല്പസമയം മിണ്ടിയും,പറഞ്ഞും ഇരിയ്ക്കാം. നമ്മുടെ ആവലാതികള്‍ ,സങ്കടങ്ങള്‍, പങ്കുവെയ്ക്കാം. അതോടൊപ്പം നമ്മുടെ നേട്ടങ്ങള്‍, ഉയര്‍ച്ചകള്‍ , സന്തോഷങ്ങള്‍ എല്ലാം പങ്കുവെയ്ക്കാം. ഒരു ആത്മ മിത്രത്തോട് പറഞ്ഞപോലെ പറഞ്ഞ് കഴിയമ്പോളുണ്ടാകുന്ന ആശ്വാവസം അനുഭവിച്ചു തന്നെ അറിയണം. നമ്മള്‍ അറിയാതെ കണ്ണില്‍ നിന്ന് ആനന്ദബാഷ്പം ഉണ്ടാകാം. സദാസമയവും ഈശ്വര സ്മരണ വേണം

ഈശ്വര സ്മരണ എന്നത് എപ്പോഴും നാമം ജപിയ്ക്കുകയ്ക്കുന്ന രീതിയല്ല. ധ്യാനം തുടച്ചയായി ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ ഈശ്വര സ്മരണ നാം അറിയാതെ വന്നുചേരും.

ഞാൻ ഈശ്വരന്റെ കരങ്ങളില്‍ സുരിക്ഷതനാണ് എന്ന് പൂര്‍ണമായി വിശ്വസിച്ച് ജീവിയ്ക്കുന്നതൊടൊപ്പം ഈഭൂമിയിൽ നമ്മോടൊപ്പം ജീവിയ്ക്കുന്ന എല്ലാ മനുഷ്യരിലും ഈശ്വര സ്നേഹം നിറയട്ടെ എന്നു് പ്രാർത്ഥിക്കാം.

നമ്മള്‍ ശ്രദ്ധിച്ചാല്‍ ആരോ നമ്മോടൊപ്പമുള്ളതായി തോന്നുന്നതായി പലരും പറയാറുണ്ട്. ഒരു കാര്യം തീര്‍ച്ചയാണ് പല അപടങ്ങളില്‍ നിന്നും അല്‍ഭുതകരമായി ഒരു ശക്തിയുടെ സഹായത്താല്‍ രക്ഷപെട്ട അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. നമ്മുടെ പ്രവ്വർത്തികൾ കാരണമൊ,സംസാരം കൊണ്ടൊ മറ്റൊരു ആൾ വേദനിയ്ക്കരുത്. നമ്മുടെ സാന്നിധ്യത്താൽ മറ്റൊരുവന് സമാധാനം കിട്ടുമെങ്കിൽ അത് സന്തോഷത്തോടെ ഏറ്റെടുക്കണം. നമ്മുക്ക് ഉള്ളതിൽ തൃപ്ത്തി പെടുകയും അതിൽ നന്ദി പറയുകയും വേണം. നമ്മൾ ചെയ്യുന്ന നല്ലതും, ചീത്തയുമായ കാര്യങ്ങൾക്കുള്ള ഫലം അതായത് കർമ്മ ഫലം ഈ ലോകത്തു വെച്ചു തന്നെ അനുഭവിച്ചേ തീരൂ. മനുഷ്യനെ സംബന്ധിച്ചിടത്തോളം മറവി പ്രകൃതി തന്ന ഒരു അനുഗഹമാണെന്നും പറയാം. കാരണം മറക്കാനും പൊറുക്കാനും പലപോഴും കഴിയുന്നത് മറവികാരണമാണ്.

ആത്മാവിനെ വഹിയ്ക്കുന്ന നമ്മളുടെ ശരീരത്തിനു വയസായാലും ആത്മാവ് അന്നും ഇന്നും എന്നും ശിശു തന്നെയാണ് അതു കൊണ്ടാണ് പലപ്പോഴും ശിശുക്കളാടൊപ്പം കഴിയ്ക്കുമ്പോൾ അവരിൽ ഒരാളായി കളികളിലും മറ്റും കൂടാൻ കഴിയുന്നത്. മുഖകണാടിയും മറ്റും ഇല്ലായിരുന്നു എങ്കിൽ ഇന്നും നാം കുട്ടികൾ തന്നെ.
ചുറ്റും കാണുന്നവയിൽ ഭ്രമിച്ച് എത്തി പിടിയ്ക്കാൻ കഴിയാത്തത് ചിന്തിയ്ക്കാതിരിക്കുക. തനിക്ക് പൂർത്തീകരിക്കാൻ സാധിയ്ക്കുന്ന പദ്ധതികൾ മാത്രം സങ്കൽല്പിക്കുക. പണമോ , മറ്റു പ്രതാപങളൊ , സൗന്ദര്യമൊ ഒന്നുമല്ല ഒരുവൻ സമൂഹത്തിലെ മാനൃനാകുന്നത് അവനവന്റെ ജീവിതം രീതി കൊണ്ടുമാത്രമാണ്.

എല്ലാം തികഞ്ഞ ഒരു മനുഷൃനും ഈഭൂമിയിൽ ഇല്ല. പിന്നെയെന്തിന് നമ്മുടെ ചെറിയ കുറവുകളെ കുറിച്ചത് ചിന്തിച്ച് വ്യാകുലപെടണം. എപ്പോഴും സന്തോഷത്തോടെ മന്ദഹസിച്ച് മറ്റുള്ളവരുമായി ഇടപഴുകാനും സംസാരിയ്ക്കാനും ശ്രമിയ്ക്കുക.
നല്ല സുഹൃത്തുക്കളെ മാത്രം കൂടെ കൂട്ടുക. എല്ലാം കാരൃങ്ങൾക്കും സമയനിഷ്ഠ പാലിക്കുക.ഒരു തീരുമാനം എടുത്താൽ അതിൽ ഉറച്ച് നിൽക്കുകതന്നെ വേണം. സത്യസന്തതയും, മര്യാദയും പാലിക്കാൻ ശ്രദ്ധിക്കുകയും വേണം.

നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന കുടുംബങ്ങളിലെ മക്കള്‍ പിതാവിന്റേയൊ ,മതാവിന്റേയൊ ഏതാണ്ട് നിറവും ,ഛായയും ഉള്ളതായി കാണാം. എന്നാല്‍ പെരുമാറ്റത്തിലൊ ,സ്വഭാവത്തിലൊ ഒരു പുലബന്ധം പൊലും കാണില്ല. കാരണം നമ്മളിലെ ആത്മാവ് വരത്തനാണ്.എവിടെ നിന്നോവന്നു. എവിടയ്ക്കോ പോകുന്നു. യാത്രയ്ക്കിടയില്‍ സമ്പാതിച്ച നല്ലതും, ചീത്തയുമായതും കൊണ്ടാണ് യാത്ര. ഇടതാവളമായി കയറിയിടത്തെ സന്തതികളിൽ ചിലർ നല്ലതും ചീത്തയുമാകുന്നത്. അതുകൊണ്ടാണ്. നമ്മുടെ ശരീരത്തിനു മാത്രമെ തലമുറ കൈമാറ്റമുള്ളു എന്നു ചുരുക്കം. നമ്മുടെ ജീവിതകാലത്ത് മുന്‍ ജത്മങ്ങളില്‍നിന്ന് ആത്മാവില്‍ പറ്റിപിടിച്ചിരിയ്ക്കുന്ന സംസ്കാരങ്ങളും, അഴുക്കുകളും, മുദ്രകളും നമ്മുടെ ജീവിതരീതിയാൽ ശുദ്ധീകരിക്കാൻ ശ്രമിക്കാം.

എല്ലാ ദിവസവും രാത്രിയുടെ നിശബ്ദതയില്‍ ഇരുന്ന് ഒരു ആത്മ പരിശോധന നടുത്തുക. ദിനം പ്രതിയുള്ള ഈ അന്വോഷണത്തില്‍ ജീവിതത്തില്‍ നിന്ന് തിരുത്തേണ്ടത് തിരുത്താനും ഏറ്റു പറഞ്ഞ് അത് ആവർത്തിയ്ക്കില്ല എന്ന് തീരുമാനിച്ച് പുതിയ ജീവിത രീതി ആരംഭിക്കാനും കഴിയും. ഇതുവഴി ആത്മാവ് ശുദ്ധീകരിയ്ക്കപ്പെടും. ഈശ്വരന് നന്ദി പറയാം.

സി. ഐ. ഇയ്യപ്പൻ തൃശൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments