തിരുവനന്തപുരം: 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് മൃതദേഹം ചണ്ഡിഗഡിൽ നിന്ന് തിരുവന്തപുരത്തേക്ക് എത്തിച്ചത്.
വെള്ളിയാഴ്ച രാവിലെ സൈനീക ക്യാമ്പിൽ നിന്നും ഭൗതീക ശരീരവുമായി തിരിക്കുന്ന മിലിട്ടറി സംഘം രാവിലെ പത്തിന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തും. തുടർന്ന് മിലിട്ടറിയുടെ തുറന്ന ട്രക്കിലേക്ക് മാറ്റുന്ന ഭൗതികശരീരം സൈനിക അകമ്പടിയോടെ വിലാപയാത്രയായി പിറന്ന ഓടാലിൽ വീട്ടിലേക്ക് കൊണ്ടുവരും.
12 മണിയോടെ ഒടാലിൽ വീട്ടിൽ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ശുശ്രുഷയുടെ മൂന്നാം ക്രമത്തിന് നേതൃത്വം നല്കും. 12.40 ന് ഭവനത്തിൽ നിന്നും വിലാപയാത്രയായി കാരൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലേക്ക്ക്ക് കൊണ്ടു വരുന്ന മൃതദേഹം ഒരുമണി മുതൽ 2 മണി വരെ ദർശിക്കുന്നതിനും അനുശോചനം അറിയിക്കുന്നതിനും ഉള്ള അവസരം ഒരുക്കും.
രണ്ടു മണിയോടെ ദേവാലയത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫി മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് ഇടവക പ്രത്യേകം സജ്ജമാക്കിയിട്ടുള്ള കല്ലറയിൽ ഔദ്യോഗിക ബഹുമതികളോടെ മൃതശരീരം സംസ്കരിക്കും.
പരേതൻ തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം ഫാ ബിജു തോമസ് പറന്തലിന്റെ ഭാര്യ പിതാവിന്റെ സഹോദരനാണ്.
1968 ലെ അപകടത്തിൽ കാണാതായ മറ്റ് സൈനികർക്കായി ഹിമാചലിലെ റോത്താംഗ് ചുരത്തിൽ സൈന്യം തെരച്ചിൽ തുടരുകയാണ്.മൃദേദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മന്ത്രിമാരും തിരുവനന്തപുരത്ത് എത്തിയിരുന്നു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആരോഗ്യ മന്ത്രി വീണാ ജോർജ്, പാങ്ങോട് സൈനിക ക്യാമ്പ് മേധാവി ബ്രിഗേഡിയർ എം പി സലീൽ, വ്യോമ താവള സ്റ്റേഷൻ ഡയറക്ടർ ക്യാപ്റ്റൻ ടി എൻ മണികണ്ഠൻ, സൈനിക ക്ഷേമ ബോർഡ് ഡയറക്ടർ ക്യാപ്റ്റൻ ഷീബ രവി തുടങ്ങിയവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.