Tuesday, January 7, 2025
Homeകേരളംസംസ്ഥാന സ്കൂൾ കലോത്സവ വേദികൾ ക്യൂആർ കോഡുകളിലൂടെ അറിയാം

സംസ്ഥാന സ്കൂൾ കലോത്സവ വേദികൾ ക്യൂആർ കോഡുകളിലൂടെ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനെത്തുമ്പോൾ മത്സരാർഥികളും അധ്യാപകരും നേരിടുന്ന പ്രധാന പ്രശ്നം വേദികൾ കണ്ടെത്തുക എന്നതാണ്. ഇത്തവണ 25 വേദികളിലായാണ് തിരുവനന്തപുരത്ത് കലോത്സവം നടക്കുന്നത്.

പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയം എല്ലാവർക്കും പെട്ടെന്ന് മനസിലാക്കാനും അവിടേക്ക് എത്താനും കഴിയും. എന്നാൽ മറ്റ് 24 വേദികൾ ഏതൊക്കെയാണെന്ന സംശയം എല്ലാവർക്കും ഉണ്ടാകും. പക്ഷേ 63ാമത് സ്കൂൾ കലോത്സവത്തിൽ ആർക്കും വേദികൾ അറിയാതെ ബുദ്ധിമുട്ടേണ്ടി വരില്ല. കലോത്സവ വേദികളിലെത്താൻ ക്യൂആർ കോഡ് പുറത്തിറക്കിയിരിക്കുകയാണ് സംഘാടക സമിതി.

വിവിധ വേദികൾ, രജിസ്ട്രേഷൻ കേന്ദ്രം, വാഹനപാർക്കിങ്, ഭക്ഷണശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഗൂഗിൾ സഹായത്തോടെ എത്തുന്നതിനായി ട്രാൻസ്പോർട്ട് കമ്മിറ്റിയാണ് ക്യൂആർ കോഡുകൾ തയ്യാറാക്കിയയത്. ഇവ മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി. ഓരോ വേദികൾക്കും പ്രത്യേകം ക്യൂ ആർ കോഡുകളുണ്ട്. തിരുവനന്തപുരം നഗരത്തിൻ്റെ വിവിധയിടങ്ങളിലും ബസുകളിലും ക്യൂ ആർ കോഡുകൾ പ്രദർശിപ്പിക്കും.

മൊബൈൽ ഫോണിലൂടെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ലൊക്കേഷൻ കൃത്യമായി മനസിലാക്കാൻ സാധിക്കും. സ്‌കാൻ ചെയ്യുമ്പോൾ തന്നെ ഗൂഗിൾ മാപ്പിൽ ലൊക്കേഷനും മറ്റ് വിവരങ്ങങ്ങളും ലഭിക്കും. കലോത്സവത്തിനായി മറ്റു ജില്ലകളിൽ നിന്നും വരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ക്യൂ ആർ കോഡുകൾ ക്രമീകരിച്ചിരിക്കുന്നത്.

മൽസരാർഥികൾക്കുള്ള സൗകര്യങ്ങൾ അറിയാനും ക്യൂ ആർ കോഡ്

കലോത്സവത്തിനെത്തുന്ന മൽസരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായി അറിയാനും ഇത്തവണ ക്യൂആർ കോഡ് സംവിധാനമുണ്ട്. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ഓരോ ജില്ലയിലെയും മത്സരാർഥികൾക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലം, രജിസ്ട്രേഷൻ സെൻ്റർ, ഭക്ഷണസ്ഥലം തുടങ്ങിയവയുടെ വിശദാംശങ്ങൾ അറിയാൻ സാധിക്കും.

നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ, താമസസ്ഥലത്തിൻ്റെ ഫോൺ നമ്പർ, താമസ സ്ഥലത്തിൻ്റെ ലൊക്കേഷൻ, കലോത്സവത്തിൻ്റെ ബ്രോഷർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ, നോട്ടീസ് എന്നിവയും ക്യൂ ആർ കോഡിലൂടെ അറിയാം. ക്യൂ ആർ കോഡ് സംവിധാനത്തിൻ്റെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

താമസ സൗകര്യം ആവശ്യമുള്ള മത്സരാർഥികൾക്ക് ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യുന്ന സമയത്ത് തന്നെ അത് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരരാർഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 25 സ്‌കൂളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ 10 സ്‌കൂളുകൾ റിസർവ്വായും കരുതിയിട്ടുണ്ട്.

എല്ലാ താമസ സ്ഥലങ്ങളിലും അധ്യാപകരെ രണ്ട് ഷിഫ്റ്റായി ഡ്യട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കൂടാതെ പെൺകുട്ടികൾ താമസിക്കുന്ന സ്‌കൂളുകളിൽ വനിതാ പോലീസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും മത്സരവേദികൾ, റൂട്ട്മാപ്പ് തുടങ്ങിയവയും പ്രദർശിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments