അല്‍ബേനിയയില്‍ സോഷ്യല്‍ മീഡിയയിലെ തര്‍ക്കത്തിന് പിന്നാലെ 14 കാരനെ സഹപാഠി കുത്തിക്കൊന്ന സംഭവത്തോടെയാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
അടുത്തവര്‍ഷം മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി എഡി രമ പറഞ്ഞു. രാജ്യത്തെ വിവിധയിടങ്ങളിലുള്ള അധ്യാപകരുമായും മാതാപിതാക്കളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഒരു വര്‍ഷത്തേക്ക് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തും. രാജ്യത്തിനകത്ത് ആര്‍ക്കും ടിക് ടോക്ക് ഉപയോഗിക്കാന്‍ കഴിയില്ല,’’ പ്രധാനമന്ത്രി എഡി രമ പറഞ്ഞു.
പതിനാലുകാരനെ സഹപാഠിയായ വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് രാജ്യത്ത് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ അല്‍ബേനിയ തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് 14കാരനെ സഹപാഠി കുത്തിക്കൊന്നത്. ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂടാതെ കൊലപാതകത്തെ പിന്തുണയ്ക്കുന്ന വീഡിയോകളും ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ഈ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടത്.
‘പ്രശ്‌നം നമ്മുടെ കുട്ടികള്‍ക്കല്ല. ഇന്നത്തെ സമൂഹമാണ് ഇതിനെല്ലാം ഉത്തരവാദി. ടിക് ടോകിനെ പോലെ കുട്ടികളെ ബന്ദികളാക്കി വെയ്ക്കുന്നവരാണ് ഇതിനെല്ലാം ഉത്തരവാദി,’’ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി ടിക് ടോക് അധികൃതര്‍ പറഞ്ഞു.
’’കൊലപാതകം നടത്തിയ വിദ്യാര്‍ത്ഥിയ്ക്കും ജീവന്‍ നഷ്ടപ്പെട്ട കുട്ടിയ്ക്കും ടിക് ടോക്കില്‍ അക്കൗണ്ടില്ല. ഈ കൊലപാതകത്തിലേക്ക് നയിച്ച വീഡിയോകള്‍ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. അവ ടിക് ടോക്കിലില്ല,’’ ടിക് ടോക്ക് കമ്പനി വക്താവ് അറിയിച്ചു.
അതേസമയം ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറില്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ച് ഓസ്‌ട്രേലിയ നിയമം പാസാക്കുകയും ചെയ്തു.