അന്നദാനത്തിനു സംഭാവനയായി ലഭിച്ചത് 2.18 കോടി രൂപ
: മൂന്നുനേരമായി ദിവസവും ഇരുപതിനായിരത്തിലേറെപ്പേർക്ക് ഭക്ഷണം
ശബരിമല: മണ്ഡല മഹോത്സവത്തിനു സമാപനം കുറിക്കാൻ മൂന്നുനാൾ ബാക്കി നിൽക്കേ ഏഴുലക്ഷത്തിലേറെപ്പേർക്ക് അന്നമേകിയതിന്റെ ചാരിതാർഥ്യത്തിൽ ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ അന്നദാനമണ്ഡപം. ശബരീശ സന്നിധിയിലെ അന്നദാനത്തിന് ലോകമെമ്പാടുമുള്ള ഭക്തരിൽനിന്ന് ഇക്കുറി ഓൺലൈനായി ലഭിച്ച സംഭാവന 2.18 കോടി രൂപയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
ഡിസംബർ 22 വരെയുള്ള കണക്കനുസരിച്ച് 7,07,675 ഭക്തർക്കാണ് ഈ തീർഥാടനകാലത്ത് സന്നിധാനത്തെ അന്നാദന മണ്ഡപത്തിൽ സൗജന്യ ഭക്ഷണമേകിയത്. കഴിഞ്ഞവർഷം ഡിസംബർ 22 വരെ ആറരലക്ഷത്തിലേറെപ്പേർക്കാണ് അന്നദാനം നടത്തിയത്.
കഴിഞ്ഞസീസണിനെ അപേക്ഷിച്ചു അഞ്ചുലക്ഷത്തോളം തീർഥാടകർ കൂടുതലായി എത്തിയ ഈ മണ്ഡലകാലത്ത് അൻപതിനായിരം പേർക്കു കൂടുതൽ ഭക്ഷണം നൽകാനായതിന്റെ ചാരിതാർഥ്യത്തിലാണ് ദേവസ്വം ബോർഡ്.
എത്ര അയ്യപ്പഭക്തർ വന്നാലും അവർക്കെല്ലാം സൗജന്യമായി ഭക്ഷണമൊരുക്കാനുള്ള സംവിധാനം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. 2000 പേർക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടമുണ്ടെങ്കിലും വൃത്തിയാക്കലും മറ്റുസൗകര്യങ്ങളും പരിഗണിച്ച് പകുതിയോളം പേർക്കാണ് ഒരുമിച്ച് ഭക്ഷണം നൽകുന്നത്.
രാവിലെ ആറരമണി മുതൽ ഉച്ചയ്ക്ക് 11.30 വരെ പ്രഭാതഭക്ഷണവും, ഉച്ചയ്ക്കു 12 മണി മുതൽ 3.30 വരെ ഉച്ചഭക്ഷണവും വൈകിട്ട് 6.30 മുതൽ രാത്രി 12.00 മണിവരെ രാത്രിഭക്ഷണവും വിതരണം ചെയ്യും. ഭക്ഷണത്തിന്റെ ലഭ്യത അനുസരിച്ച് ചിലപ്പോൾ ഉച്ചഭക്ഷണം വൈകിട്ടു നാലരവരെയും അത്താഴം രാത്രി ഒരുമണിവരെയും നീളാറുണ്ടെന്ന് അന്നദാനം സ്‌പെഷൽ ഓഫീസർ ബി. ദിലീപ്കുമാർ പറഞ്ഞു.
പ്രഭാതഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം, ഉച്ചഭക്ഷണമായി പുലാവ്, കറി, അച്ചാർ, ചുക്കുവെള്ളം, രാത്രിഭക്ഷണമായി കഞ്ഞി, അസ്ത്രം, അച്ചാർ എന്നിവയുമാണ് നൽകുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതലായി അയ്യപ്പഭക്തരെത്തുന്ന സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അടക്കമുള്ളവരുമായി ചർച്ച ചെയ്താണ് ഈ ഭക്ഷണരീതി നിശ്ചയിച്ചിട്ടുള്ളത്.
ദിവസവും ഇരുപതിനായിരത്തിനും ഇരുപത്തിഅയ്യായിരത്തിനും ഇടയിലാളുകൾ അന്നദാനമണ്ഡപിലെത്തി ഭക്ഷണം കഴിച്ചുപോകുന്നുണ്ടെങ്കിലും സമ്പൂർണശുചിത്വവും വൃത്തിയും പാലിക്കുന്നതിന് ദേവസ്വം ബോർഡും ജീവനക്കാരും നിഷ്‌കർഷത പുലർത്തുന്നുണ്ട്. മൂന്നുഷിഫ്റ്റുകളിലായി താൽക്കാലിക ജീവനക്കാരുൾപ്പെടെ മൂന്നുറു പേരാണു ജോലിചെയ്യുന്നത്. ഓരോ നേരത്തെയും ഭക്ഷണത്തിന്റെ ഇടവേളകളിൽ ഊൺമേശ നീക്കിയശേഷം ഫ്്ളോർ ക്ലീനർ യന്ത്രമുപയോഗിച്ചാണ് തറ വൃത്തിയാക്കുന്നത്. ഭക്ഷണം കഴിക്കുന്നവർ തന്നെ പാത്രം വൃത്തിയാക്കുന്നതിനു പുറമേ ഇലക്ട്രിക് ഡിഷ് വാഷർ ഉപയോഗിച്ച് വീണ്ടും വൃത്തിയാക്കി ശുചിത്വം ഉറപ്പുവരുത്തുന്നുണ്ട്.