വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിലാണ് 35 കാരനായ റഫീക്കിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് കെ റഫീക്ക്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു. രണ്ട് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറിയായ പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നത്.
സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ ജില്ലയിൽ സമീപകാലത്ത് നടക്കുന്ന വിഷയങ്ങൾ ചർച്ചയായി. മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്–-പടിഞ്ഞാറത്തറ ബദൽ പാത, ഭൂപ്രശ്‌നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങളും അംഗീകരിച്ചു.
ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് പകൽ മൂന്നു മണിക്ക് റാലി ആരംഭിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി രൂപീകരിച്ച് അരനൂറ്റാണ്ട് പിന്നിട്ടതിന് ശേഷമുള്ള സമ്മേളനമാണ് ഇത്തവണത്തേത്. നാലാം തവണയാണ് ജില്ലാ സമ്മേളനത്തിന് ബത്തേരി ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്