അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ രണ്ടായിരിത്തിഇരുപത്തിയാറിലെ ഫാമിലി കൺവൻഷൻ 2026 ജൂലൈ 30,31 ആഗസ്ത് 1 , 2 (വ്യാഴം, വെള്ളി, ശനി, ഞായർ ) തീയതികളിൽ ഹ്യൂസ്റ്റനിലെ “വിൻഡം” ഹോട്ടലിൽ വച്ച് അതിവിപുലമായ രീതിയിൽ നടത്തുന്നതാണെന്നു ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
ഫോമയുടെ എൺപതിൽപ്പരം അംഗസംഘടനകളിൽ നിന്നുമായി രണ്ടായിരത്തിഅഞ്ഞൂറോളും പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ കൺവൻഷനാണ് പ്രതീക്ഷിക്കുന്നത് . അതിനു അനുയോജ്യമായ ഹോട്ടലാണ് “വിൻഡം” എന്ന് ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ പറഞ്ഞു. കൂടാതെ, നാട്ടിൽനിന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാലു ദിവസം നീണ്ടുനിൽക്കുന്ന ഈ കൺവൻഷനിൽ ഉണ്ടായിരിക്കും. വിപുലമായ കലാപരിപാടികൾ കൺവൻഷന്റെ സായാഹ്നങ്ങളെ ഹരം പിടിപ്പിക്കും. അതുപോലെ ഫോമയുടെ പന്ത്രണ്ട് റീജിയനുകളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാ മത്സരങ്ങളും ഉണ്ടാകും. ഫോമയുടെ എല്ലാ അംഗ സംഘടനകളുടേയും , അഭ്യുതകാംഷികളുടേയും സഹകരണം ഉണ്ടാകണമെന്നും ബേബി മണക്കുന്നേൽ അഭ്യർത്ഥിച്ചു.
ഫോമയുടെ ഒമ്പതാമത് ഇന്റർനാഷണൽ കോൺവെൻഷനാണ് 2026 ൽ ഹ്യൂസ്റ്റനിൽ വച്ച് നടക്കുന്നത്. ഫോമാ വിമൻസ് ഫോറം, യൂത്ത് വിങ് എന്നിവരുടെ സഹകരണത്തോടെ ഫാമിലിക്കും പ്രത്യേകിച്ചും കുട്ടികൾക്ക് ഹ്ര്യദ്യമാകുന്ന പല പരിപാടികളും പ്ലാൻ ചെയ്യുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു. 2024 വർഷത്തെ കൺവെൻഷനെക്കാൾ ചെലവ് പ്രതീക്ഷിക്കുന്നതായും അതിനനുസരിച്ചുള്ള ബജെറ്റ് ഉണ്ടാക്കുമെന്ന് ട്രഷറർ സിജിൽ പാലക്കലോടി അറിയിച്ചു. എല്ലാവരുടേയും സഹകരണത്തോടെ മികച്ച സ്പോൺസേർസിനെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റം വലിയ ഫാമിലി കൺവെൻഷനാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു.
അതിനായി എല്ലവരുടേയും സഹകരണം ഉണ്ടാകണമെന്നും അവർ അഭ്യർത്ഥിച്ചു.