കൃഷ് ഇന്ന് കുറെയധികം നേരത്തെതന്നെ ഉറങ്ങിയെഴുന്നേറ്റു.
പ്രിയപ്പെട്ട ചിലദിവസങ്ങളിൽ അങ്ങനെയാണ്. രാധയുണ്ടാവും ഇന്ന് നീരാട്ടിന്. മുൻകൂട്ടി കാണാനുള്ള കൃഷ് ന്റെ കഴിവ് അപാരമാണ്. എല്ലാം അറിയുന്നവൻ. രാധ, കൃഷ് നെ “എന്റെ കണ്ണാ” എന്നാണ് വിളിക്കുന്നത്. കണ്ണന്റെ ഓടക്കുഴൽവായന കേട്ടാണ് പലപ്പോഴും പ്രകൃതി ഉണരുന്നത്. മരത്തിന്റെ ചാഞ്ഞകൊമ്പിൽ ചാരിയിരുന്നുപാടുന്ന കണ്ണൻ. രാധയുടെവരവിൽ മതിമറന്ന് ഗാനംപൊഴിക്കുമ്പോൾ മയിലുകൾ ആടി, പുഴ പുളകംകൊണ്ടു, പൂക്കൾ വിരിഞ്ഞു, ശലഭങ്ങൾ തേൻനുകർന്നു അങ്ങനെ പ്രകൃതി, രമണീയമായിക്കൊണ്ടിരുന്നു.
അർദ്ധനഗ്നാംഗിയായി രാധ വരുന്നു. കടമിഴികൾ ചുവന്നുതുടുത്തിരുന്നു. രാധ യമുനാപുളിനങ്ങളിൽ നീന്തിത്തുടിച്ചു. കണ്ണന്റെ മുഖത്തെ കള്ളപ്പുഞ്ചിരിയിൽ അവൾ മതിമറന്നു. കുളിച്ചീറനോടെ നടന്നുപോകുന്ന രാധയെ നോക്കിക്കൊണ്ട് കണ്ണൻ ഓടക്കുഴൽ ഇടുപ്പിൽ തിരുകി. പതുക്കെ താഴേക്കിറങ്ങുമ്പോൾ ധ്യാനനിരതനായ യേശു കുറച്ചുമാറി ഇരുന്നിരുന്നു. പതിയെ കണ്ണുതുറന്നു നോക്കി ശാന്തനായി ചിരിച്ചു. പരമപിതാവിനെ ഉള്ളിൽ സ്മരിച്ച് ലോകനന്മയ്ക്കു പ്രാർത്ഥിക്കുകയായിരുന്നു ക്രിസ്തുദേവൻ.
കുറച്ചു സമയം കൃഷ് ക്രിസ്തുവിനോപ്പം ഇരുന്നു. അരൂപിയായ തമ്പുരാനെയോർത്ത് നിശബ്ദനായി നബിയും തൊട്ടടുത്ത് ഒരു വിരിയിട്ട് പ്രാർഥനയിലായിരുന്നു. അദ്ദേഹവും ഇവരുടെ അടുത്തേക്ക് നടന്നുവന്നു.
“ലോകരക്ഷക്കായി അവതരിച്ച നമ്മൾ ഒരേ മാതാവിന്റെ സന്തതികളെന്ന് നമ്മുടെ പേരിൽ പോരാടുന്ന ഇവർ അറിയുന്നില്ലല്ലോ സഹോദരാ.”
കൃഷ് വേദനയോടെ യേശുവിന്റെ മുഖത്തേക്ക് നോക്കി. നബി ലജ്ജയോടെ മുഖംതാഴ്ത്തി. ഇവർ പോരാടുന്നത് നമ്മുടെ പേരിൽ. സ്വർഗ്ഗംപണിയാൻ കൊതിച്ചവർ നരകത്തിന്റെ പടുകുഴിയിൽ മറയപ്പെടുന്നു. നമ്മുടെ വഴികൾ വ്യത്യസ്തം. പക്ഷെ ലക്ഷ്യം ഒന്ന്. ധർമ്മംജയിക്കാൻ രക്തംചിന്താൻ മടികാണിക്കാത്ത കൃഷ് യേശുവിനോട് ചോദിച്ചു. ” സമാധാനത്തിൽ സ്നേഹംപകർന്ന് മനുഷ്യരെ നന്നാക്കാൻ ശ്രമിച്ചിട്ടും അങ്ങേയ്ക്ക് കിട്ടിയതും മുൾക്കിരീടമല്ലേ സഹോദരാ? ”
“മനുഷ്യർ പോരാടുമ്പോൾ നിശബ്ദരാകേണ്ടിവരുന്ന നമ്മൾ”. നബി വിതുമ്പി.
“എല്ലാ കാലത്തും അവതരിക്കാൻ വിധിക്കപ്പെട്ടവർ നമ്മൾ. പരമ കാരുണ്യവാനായ തമ്പുരാനാൽ നിയോഗിക്കപ്പെട്ടവർ നമ്മൾ.
ഈ പുതു വർഷത്തിലും നമ്മൾ ചേർന്നുനില്ക്കും. ഇതു നമ്മുടെ പ്രതിജ്ഞയാണ്.”
മൂവരും പതിയെ പുതുപുലരിയുടെ വർണ്ണങ്ങളിൽനോക്കി പ്രത്യാശയുടെ കിരണങ്ങൾ തലയിൽ ചൂടി. പ്രത്യേകശോഭയോടെ ദൈവങ്ങളായി അവർ നടന്നുതുടങ്ങി. കണ്ണടവെച്ച അർദ്ധനഗ്നനായ, മെല്ലിച്ച, വൃദ്ധൻ അവർക്കെതിരായി നടന്നു വരുന്നുണ്ടായിരുന്നു. “ഞാൻ ഗാന്ധി.” തളർന്നകണ്ണുകളിൽ ഒരുതുള്ളി ജലം അടർന്നുവീഴാതെ തങ്ങിനിന്നിരുന്നു.
“ഞങ്ങൾ സഹോദരങ്ങൾ അങ്ങയെ വീഴാതെ സഹായിക്കാം.
പുതുവർഷത്തിലേയ്ക്ക് അങ്ങയുടെ ചുവടുകൾ നീങ്ങട്ടെ.”
സംശയത്തോടെ മൂവരുടെയും മുഖത്തേക്ക് മാറിമാറിനോക്കി ഗാന്ധി.
“സംശയിക്കേണ്ട പ്രതീക്ഷയുടെ കൊടി നാട്ടാം നമുക്കീ ഭൂമിയിൽ
വരൂ വരൂ വരൂ ”
രാധയുടെ ചിലമ്പൊലി അകലെ മാഞ്ഞിരുന്നു.