ഡിസംബറിന്റെ വിരഹത്തിലേക്ക് ഇരുളിന്റെ നൊമ്പരങ്ങൾ ചാഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു. നാലു മൂലയിലും നാലു കളേഴ്സിലുള്ള വലിയ നക്ഷത്രങ്ങൾ കാറ്റിലാടിക്കളിക്കുമ്പോഴും, ജനുവരിയുടെ പടിവാതിൽക്കൽ നിന്ന് ആരോ തേങ്ങുന്നുണ്ടായിരുന്നു. അന്നമ്മ ടീച്ചർക്കതെന്തോ ?നേരത്തേതന്നെ
ഫീൽചെയ്തിരുന്നു. തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് മുഴങ്ങി കേൾക്കാൻതുടങ്ങി. കനത്തു വരുന്ന ഇരുട്ടിലേക്ക് നോക്കി അന്നമ്മ ടീച്ചർ പതിയ്യെ എണീറ്റ് ഉമ്മറത്തെ മൂലയിൽ ചെന്ന് സ്വിച്ചിട്ടു.വീടിൻ്റെ നാലു ഭാഗത്തും നക്ഷത്ര
ങ്ങൾ തിളങ്ങി. ടീച്ചർ വെറുതെ നടപ്പാത തുടങ്ങുന്ന ഇടവഴിയറ്റത്തേക്ക് എത്തി നോക്കി.
“ഇല്ല ആരും വരുന്നില്ല. ഇന്ന് വിൻസൻ്റേട്ടൻ്റെ യാത്ര അയപ്പ് ദിനമാണ്.
എല്ലാവരും നേരത്തെ എത്തേണ്ടതാണ്. പക്ഷേ.ആരും വന്നു തുടങ്ങിയില്ല.
ജിൻസിയമ്മ വിൻസൻ്റേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിൻ്റെ മരിച്ചുപോയ ഭാര്യ ഉണ്ടാക്കി കൊടുത്തിരുന്ന ഐറ്റം കള്ളപ്പവും ആട്ടിറച്ചി സ്റ്റൂവും കൊണ്ടുവരും. അപ്പുണ്ണിയേട്ടൻ ക്രിസ്തുമസ് കേക്ക്കൊണ്ടുവരാമെന്നു പറഞ്ഞു. ആരതി ഡോക്ടർ
പലഹാരങ്ങളും പുഡ്ഡിംഗും. അന്നമ്മ ടീച്ചർ നല്ല മുന്തിരി വൈൻ ഉണ്ടാക്കി വച്ചു. പിന്നെ… ഗ്രേസിയും റേച്ചലും വന്നാലായി, വന്നില്ലെങ്കിലായി. ഞങ്ങളിത്രയും പേരാണ് എന്നും വൈകിട്ട് ഒരു മിച്ച് നടക്കാറ്.
വിൻസൻ്റേട്ടന് വയസ്സ് എഴുപത്തിയഞ്ച് ആയി എങ്കിലും ഇപ്പോഴും നല്ല ആരോഗ്യവാനാണ്. അദ്ദേഹത്തിന്റെ ഭാര്യ ഇസ കഴിഞ്ഞ ക്രിസ്തുമസിന് ആണ് മരണപ്പെട്ടത്. BSNL എഞ്ചിനീയർ ആയിരുന്ന ഏട്ടനും ഇസക്കും ആകെ
ഒറ്റമകനാണ് ഉള്ളത്. അവരുടെ മകൻ ഡെസ്മണ്ട് ഫാമിലിയായി അമേരിക്കയിൽ ആണ്. ഇസ മരണപ്പെട്ടതിൽ പിന്നെ…. ആറുമാസത്തോളം വിൻസൻ്റേട്ടൻ അധികം പുറത്തൊന്നും ഇറങ്ങിയില്ല. പിന്നീട് ഞങ്ങളൊക്കെ ചേർന്ന് വീണ്ടും പഴയപോലെ ആക്കിയെടുത്തു എന്നു വേണം പറയാൻ.
പെൻഷൻ പറ്റി വീട്ടിലിരിക്കുന്ന സമയത്താണ് വൈകുന്നേര നടത്തത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നതു തന്നെ. അദ്ദേഹവും മക്കളുംകൂടെയുണ്ടായിരുന്ന സമയത്ത് അതിനെക്കുറിച്ച് ചിന്തിക്കാൻ തനിക്ക് എവിടെ നിന്നാണ് സമയം?
ഗൾഫിൽ നിന്നും വന്ന വേനൽ അവധിക്കാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു
ചിക്കൻ പോക്സ് രൂപത്തിൽ മരണം അദ്ദേഹത്തെ വന്ന് കൂട്ടിക്കൊണ്ടു പോയത് . തലച്ചോറിൽ അണുബാധ ഉണ്ടായതാണ് കാരണമെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും അദ്ദേഹം സാധാരണ പോലെ തന്നെ ദൈനംദിന കാര്യങ്ങൾ മരണത്തിന് തൊട്ടുമുൻപ് വരെ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇന്നും ആ മരണത്തെ മനസ്സ് അംഗീകരിച്ചിട്ടില്ല.
അതിൽ പിന്നെ വർഷം പതിമൂന്ന് കഴിഞ്ഞെങ്കിലും ഇന്നലെ എന്നപോലെ എല്ലാം കൺമുന്നിൽ ഇപ്പോഴുംതെളിയുന്നു . അന്ന് സഹപ്രവർത്തകരും, ഉറ്റ ചങ്ങാതിമാരായിരുന്ന മഞ്ജുള ടീച്ചറും മീയ ടീച്ചറും ഈ ജോലിയുംതന്നെയാണ് പിടിച്ചു നിൽക്കാനുള്ള കരുത്ത് തന്നത്.
പിന്നെ… പെൺമക്കളെ രണ്ടിനേയും പഠിപ്പിച്ച് അവർക്ക് യോജിച്ച ഓരോരുത്തരെ തിരഞ്ഞെടുത്തേൽപ്പിക്കാനുള്ള ഒരോട്ട പാച്ചിലായിരുന്നു. എല്ലാം കഴിഞ്ഞൊന്നു നിവർന്നപ്പോഴേക്കും ബി പിയും, ഷുഗറുമൊക്കെ പിന്നാലെ കൂടി.അതിനു ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് നടത്തം ഒരു പതിവ് ശീലമാക്കിയത്.
“ടീച്ചറെ എന്താ ? ആലോചിച്ച് നിൽക്കുന്നെ?.. ഞങ്ങളിങ്ങെത്തി…ഇതൊന്നുപിടിച്ചെ. ഇറച്ചിയും കള്ളപ്പവും കൈയ്യിൽ പിടിപ്പിച്ച് ജിൻസിയമ്മ അകത്തേക്ക് കയറി. തൊട്ടുപിന്നാലെ അപ്പുണ്ണിയേട്ടനും കേക്കുമായി എത്തി.അന്നമ്മ ടീച്ചർ വൈൻ നേരത്തെ തന്നെ എടുത്തു മേശപ്പുറത്ത് വച്ചിരുന്നു.
“വിൻസൻ്റേട്ടനെ എല്ലാവർക്കും കൂടി വളരെ ഹാപ്പിയായി അങ്ങു പറഞ്ഞുവിടണം. പാവം.. ഇനിയുള്ള കാലം മോനോടൊപ്പം, കൊച്ചുമക്കളെയുമൊക്കെ കളിപ്പിച്ചു വിദേശത്ത് കഴിയട്ടെ ” അതുപറയുമ്പോൾ അപ്പുണ്ണിയേട്ടൻ ആരുടെയും മുഖത്തു നോക്കിയില്ല. സ്വരം അല്പം ഇടറിയിരുന്നു.
പക്ഷേ… വിൻസൻ്റേട്ടന് ഇവിടം വിട്ടു പോകാൻ ഒട്ടും താല്പര്യമില്ല. മരിക്കുന്നെങ്കിൽ സ്വന്തം വീട്ടിൽ കിടന്നു തന്നെയാകണം എന്ന് നമ്മോടൊക്കെ പലപ്പോഴും പറയാറില്ലേ?… പിന്നെ.. കൊച്ചുമക്കളെ ജീവനാ.. അന്നമ്മ ടീച്ചർ പറഞ്ഞു.
“ഹാൾ നന്നായി ഡെക്കറേറ്റ് ചെയ്തിട്ടുണ്ടല്ലോ ? ഇതൊക്കെ അന്നമ്മ ടീച്ചർ ഒറ്റയ്ക്കാണോ ചെയ്തത്”.
ചോദ്യം കേട്ട് എല്ലാവരും തിരിഞ്ഞുനോക്കുമ്പോൾ ആരതി ഡോക്ടറും പലഹാരങ്ങളും പുഡ്ഡിംഗുമായി നടന്നടുക്കുന്നു..
“ഗ്രേസിയും റേച്ചലും വരുമോ”? ഡോക്ടർ ചോദിച്ചു.
“ചാൻസ് കുറവാ.. ഗ്രേസിയുടെ ഇളയമകൾ ബാംഗ്ലൂർ നിന്നും ലീവിന് വന്നിട്ടുണ്ട്. അവൾ അവിടെ നിന്ന് പഠിക്കയല്ലേ? റേച്ചലിൻ്റെ പപ്പയുടെ ആണ്ടാണിന്ന്”.
“ങും… ആരതി മൂളി. പെട്ടെന്ന് വഴിയിൽ നിന്നൊരു ബഹളം കേട്ട് അവർ എല്ലാവരും ഒരുപോലെ നടവഴിയിൽ നിന്നും മുറ്റത്തേക്ക് കയറുന്നിടത്തേക്ക് ആകാംക്ഷയോടെ എത്തി നോക്കി….
“ങാ ഇത് ആരൊക്കെയാ വരുന്നേന്ന് ഒന്ന് നോക്കിയേ”? അവർ പരസ്പരം പറഞ്ഞു…
വിൻസൻ്റേട്ടൻ്റെ ഭാര്യ മരിച്ചതിനുശേഷം ആറു മാസത്തോളം വീടും നോക്കി അദ്ദേഹത്തിന് വേണ്ട ആഹാരമൊക്കെ ചിട്ട പ്രകാരം ഉണ്ടാക്കിക്കൊടുത്ത് അദ്ദേഹത്തിനൊരു ആശ്വാസമായി എല്ലാ കാര്യത്തിനും ഒപ്പം നിന്ന പ്രിയപ്പെട്ട അദ്ദേഹത്തിൻ്റെ കുഞ്ഞമ്മ … ഏലിയാമ്മ ചേച്ചി. (വിൻസന്റേട്ടൻ എപ്പോഴും പറഞ്ഞു പറഞ്ഞ് അദ്ദേഹത്തിൻ്റെ കുഞ്ഞമ്മ ഇപ്പോൾ ഞങ്ങൾക്കെല്ലാം വളരെ പ്രിയപ്പെട്ട ഏലിയാമ്മ ചേച്ചിയാണ്.) ഏലിയാമ്മ ചേച്ചിയുടെ രണ്ടു കൈകളിലും തൂങ്ങി തൊട്ടയൽ പക്കത്തെ ആമിയുടെ മക്കൾ അൻസുവും ആബിനും.
റേച്ചലും കുടുംബവും ഗ്രേസിയും കുടുംബവും ഒപ്പം വിൻസൻ്റേട്ടനും .
എല്ലാവരുടെയും കൈകളിൽ എന്തൊക്കെയോ പൊതികളും ഉണ്ട്.
“എല്ലാവരും ഉണ്ടല്ലോ ? സന്തോഷമായി.അന്നമ്മ ടീച്ചർ പറഞ്ഞു.
അപ്പോ.. ക്രിസ്തുമസിന് ഇനി ഒരാഴ്ചയോളം ഉണ്ടെങ്കിലും ഇന്ന് നമ്മളെല്ലാവരും കൂടി ഇതങ്ങ് അടിച്ചുപൊളിച്ചു ആഘോഷിക്കുവാ. നമ്മുടെയൊക്കെ ഓർമ്മകളിൽ ഈ ക്രിസ്തുമസ് പ്ലസ് യാത്ര അയപ്പ് ദിനം എന്നും തിളങ്ങണം”ഒപ്പം നമ്മുടെ
വിൻസൻ്റേട്ടനും.
അത് കുട്ടികളടക്കം എല്ലാവരും കൈയ്യടിച്ചു പാസ്സാക്കി.
” ടീച്ചർ…. ക്രിസ്തുമസ് ട്രീ എവിടെ”? ആബിൻ വന്ന് ആന്നമ്മ ടീച്ചറുടെ കൈയ്യിൽ പിടിച്ച് വലിച്ച് മുഖത്തേക്ക് നോക്കി ചോദിച്ചു. ഒപ്പം ഗ്രേസിയുടെ മോൾ
റിയയും തിരക്കി ആൻ്റീ.. പറഞ്ഞപോലെ പുൽക്കൂടും കണ്ടില്ലല്ലോ?
അപ്പോൾ മാത്രമാണ് അകത്തുനിന്ന് അന്നമ്മ ടീച്ചറുടെ സഹായി മേരി ഉമ്മറത്തേക്ക് വന്നത്.
അവൾ വന്ന് കുട്ടികളോടായി പറഞ്ഞു..
“ഇങ്ങകത്തേക്ക് വരൂ…ദാ … നോക്ക്… ങാ..ഇതിലാരാ ? വന്ന് ഇതിന്റെ ലൈറ്റ് ഒക്കെ കത്തിക്കുന്നേ? ആർക്കാ ? ഏറ്റവും ഇഷ്ടം. ഒന്ന് കൈപൊക്കിയേ.
അതു കേട്ടതും അൻസുമോൾ ഒരു കുഞ്ഞി ചിരിയോടെ കുഞ്ഞിക്കൈ രണ്ടും പൊക്കി… “ഞാൻ… ഞാൻ”
വിളിച്ചു…
“എന്നാ ഇങ്ങോട്ട് മേരി ചേച്ചിയുടെ അടുത്തേക്ക് ഓടി വാ.”. അവൾ വേഗം മേരിയുടെ അടുത്തേക്ക് ഓടിച്ചെന്നു. മേരി അവളെ പൊക്കിയെടുത്ത് ആ കുഞ്ഞു വിരൽ കൊണ്ട് സ്വിച്ച് ഇടീച്ചു.
ഒരു നിമിഷം എല്ലാവരുടെയും കണ്ണുകൾ ഒന്നു ചിമ്മി. അത്രയ്ക്കും മനോഹരമായാണ് മേരിയും അനുജത്തിയും കൂടി പുൽക്കൂടും ക്രിസ്തുമസ് ട്രീ യും ഒരുക്കിയിരുന്നത് . അത് അവരൊരു സർപ്രൈസ് ആയി പ്രത്യേകം അകത്ത് ഒരുക്കിയതാണ്. അതുകൊണ്ടുതന്നെയാണ് അവർ പുറത്തേക്ക് വരാതെ അകത്തു തന്നെ ഒതുങ്ങിക്കൂടിയതും.
“ആഹാ… അന്നമ്മ ടീച്ചർ ആള് ഇക്കണ്ടപോലൊന്നും അല്ലല്ലോ?
വിൻസൻ്റേട്ടൻ മുഖത്തെ വിഷാദം മറച്ചു വച്ച് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“ങാ… ഇവരുടെ കൂടെ ഇരുന്ന് ഇതൊക്കെ ഒരുക്കുമ്പൊ… ഞാനും ഒരു കൊച്ചു കുട്ടിയായി. അന്നമ്മ ടീച്ചർ പൊട്ടിച്ചിരിച്ചു.
ങാ… എല്ലാവരും വന്നിരിക്ക്. ഇനി നമ്മുടെ കലാപരിപാടികൾ ഒക്കെ തുടങ്ങാം. കുട്ടികൾ പിന്നെ കൂടിയാലും മതി. അവർ കളിച്ചോട്ടെ. ജിൻസി യമ്മയാണ് അത് പറഞ്ഞത്.
“എന്നാൽ ഞാൻ ആദ്യം നമ്മളെയൊക്കെ പറ്റിയുള്ള ഒരു വിവരണത്തിൽ അങ്ങ് തുടങ്ങാം”..
അതു പറഞ്ഞത് അപ്പുണ്ണി യേട്ടനാണ് .ഏട്ടൻ തുടങ്ങി…
ഇവിടെ ഈ കൂടിയിരിക്കുന്നവരെല്ലാം പരസ്പരം ഏറ്റവും കൂടുതൽ അറിയുന്നവരും സ്നേഹിക്കുന്നവരും കരുതൽ ഉള്ളവരും ആണ്.
നടത്തത്തിന്റെ തുടക്കം സത്യത്തിൽ അന്നമ്മ ടീച്ചറിൽ നിന്നും തന്നെയാണ്. പോയ വഴി പോയവഴി ഓരോരോ സൗഹൃദങ്ങളെ ടീച്ചർ കൂട്ടു പിടിച്ചു. അല്ല! വന്നു കൂടി പറ്റിച്ചേർന്നു എന്ന് തന്നെ പറയാം.
ചെറിയ ചെറിയ കുശലം ചോദിക്കലും കൊച്ചു വർത്തമാനങ്ങളും ആയിരുന്നു ആദ്യപടി. പിന്നെ ഒപ്പം നടക്കാനുള്ള പ്രചോദനത്തിലേക്കും കൂട്ടുകെട്ടിലേക്കും, അത് പിന്നെ നിത്യേന എന്നുള്ള ഒരു വിനോദനടത്തത്തിലേക്കും ചെന്നെത്തി.
സമപ്രായക്കാരും അല്ലാത്തവരും കുട്ടികളും അവരുടെ കുടുംബവും വിശേഷങ്ങളും ഒക്കെ അങ്ങനെ അങ്ങനെ എല്ലാവരുടേതുമായി.
എന്നാൽ എല്ലാവരും ഒരേ സ്പോട്ടിൽ നിന്നും അല്ല നടത്തം തുടങ്ങുന്നത്! ഓരോരുത്തരും അവരവരുടെ വീട്ടുമുറ്റങ്ങളിൽ നിന്നും മറ്റുള്ളവരോടൊപ്പം പങ്കുചേരുകയാണ് ചെയ്യുന്നത്. അതൊക്കെ വ്യായാമത്തിൽ ഉപരി സൗഹൃദം പങ്കുവയ്ക്കലും ഇഷ്ടം കൂടലും കൂടിയാണ്. കുറച്ചു ദൂരം എങ്കിൽ അങ്ങനെ … അത്രയും ഒരുമിച്ച് വിശേഷങ്ങൾ പങ്കുവെച്ച് സ്നേഹം പങ്കുവെച്ച് പോകാമല്ലോ? ഇനി അഥവാ ഒപ്പം കുട്ടികൾ ഉണ്ടെങ്കിൽ അവരെയും കൂട്ടും.
നടത്തം കഴിഞ്ഞ് വഴി യരികിലുള്ള ആൽമരച്ചുവട്ടിൽ ഞങ്ങൾ എല്ലാവരും ഒത്തുകൂടി അൽപനേരം സംസാരിച്ചിരിക്കും. എന്ത് കാര്യവും പരസ്പരം പങ്കുവയ്ക്കും .അത് ദുഃഖമായാലും സുഖമായാലും.
പ്രായം കൊണ്ടും വിദ്യാഭ്യാസ യോഗ്യത കൊണ്ടും സംസ്കാര സമ്പന്നത കൊണ്ടും ഞങ്ങളൊക്കെ ഉയർന്ന ചിന്താഗതിക്കാരാണ് എന്നതാണ് ഈ കൂട്ടുകെട്ടിന്റെ അടിസ്ഥാന ബലം.
ഇത്രയും ആയപ്പോഴേക്കും അവിടെ കയ്യടികളും കൂട്ടച്ചിരിയും ബഹളവും ഉയർന്നു.
“ഇനി ജിൻസിയമ്മയുടെ ഒരു പാട്ട് ആകട്ടെ. ആരതി പറഞ്ഞു”..
“ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ…
കണ്ണു കൊണ്ടേ… ഉള്ളു കൊണ്ടേ… മിണ്ടാതെ മിണ്ടി പണ്ടേ”…
“ആഹാ… ജിൻസി യമ്മയുടെ പഴയ കാമുകൻ വന്നല്ലോ? വേണ്ട … വേണ്ട കല്ലറയിൽ ഇരുന്ന് ആന്റപ്പൻ കേട്ട് വിഷമിക്കും. അത് പറഞ്ഞത് അന്നമ്മ ടീച്ചർ ആണ്.
“ഓ… ആൻ്റപ്പേട്ടനോളം ഇനിയാർക്കും എന്നെ സ്നേഹിക്കാൻ കഴിയില്ല..
ഒന്നു വിളിച്ചാൽ ആ കല്ലറയ്ക്കടുത്ത് എനിക്കും ഉറങ്ങാമായിരുന്നു. ഞങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട് ഒന്നും മിണ്ടാതെയാ അദ്ദേഹം അങ്ങ് പോയത്”.
“അയ്യോ …ഈ അന്നമ്മ ടീച്ചർക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ ?..ഏറ്റവും അവസാനം ജിൻസി യമ്മയെ കൊണ്ട് പാടിച്ചാൽ മതിയായിരുന്നു”.
“അടുത്തത് അപ്പുണ്ണിയേട്ടൻ”…ഗ്രേസിയാണതു പറഞ്ഞത്.
“ചാന്ദ്നി രാത്ത് ഹെ
തൂ മേരീ സാത്ത് ഹെ”..
“വേണ്ട.. വേണ്ട..ഇനി സെന്റി ഗാനങ്ങൾ ഇവിടെ
വേണ്ട.”
കുട്ടികളും വിട്ടില്ല..
അപ്പുണ്ണിയേട്ടൻ ഒന്ന് പരുങ്ങി തല ചൊറിഞ്ഞു…
“മതി …മതി ..ഇനി നമുക്ക് വൈനും കേക്കും എടുക്കാം .ബാക്കി ഭക്ഷണം കഴിഞ്ഞ് തുടങ്ങാം” … റേച്ചലും ഗ്രേസിയും കൂടി ചിരിച്ചുകൊണ്ട് പറഞ്ഞു.
നിമിഷനേരം കൊണ്ട് എല്ലാവരും കൂടി നിരത്തി വച്ചിരുന്ന ഗ്ലാസ്സുകളിൽ വൈൻ കുറേശ്ശെയായി പകർന്നു . അത് സിപ്പ് ചെയ്ത് വീണ്ടും തമാശകൾ പറഞ്ഞുകൊണ്ടിരുന്നു.
അതിനിടയിൽ കുട്ടികളെല്ലാം ഒത്തുകൂടി കേക്ക് മുറിച്ചു വിതരണം നടത്തി, തീറ്റതുടങ്ങി.ഓരോരുത്തരായി കൊണ്ടുവന്ന പൊതികൾ എല്ലാം ഒരു സ്ഥലത്ത് കൂട്ടിവച്ചിരുന്നത് ഓരോന്നോരോന്നായി അഴിച്ചെടുത്ത് ഐറ്റംസ് എന്താണെന്ന് നോക്കി അതും പലഹാരങ്ങളും എല്ലാം എല്ലാവർക്കും പങ്കുവച്ചു.
അടുത്തതായി എല്ലാവരുടെയും ചുണ്ടുകളിൽ നിന്ന് ഒരുപോലെ ആ ഗാനം ഒഴുകി… അതൊരു ക്രിസ്തുമസ് ആഘോഷത്തിന്റെ ഹരം കൊള്ളിക്കുന്ന രാവായി മാറി.
“ശാന്ത രാത്രി തിരു രാത്രി
പുൽക്കുടിലിൽ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിൻ സമാധാന രാത്രി ഉണ്ണി പിറന്നു .. ഉണ്ണിയേശു പിറന്നു…
കുട്ടികളും വലിയവരും എല്ലാം ഒത്തുപാടി. ഏതാനും പതിവ് വഴിപോക്കരും ഈ ബഹളങ്ങൾ കേട്ട് അവരോടൊപ്പം ഒത്തുകൂടി.
ബഹളങ്ങൾക്കിടയിലും അവർക്കും വൈനും കേക്കും പലഹാരങ്ങളും നൽകാൻ ആരും മറന്നില്ല. പിന്നെ വിഭവസമൃദ്ധമായ ക്രിസ്തുമസ് വിഭവങ്ങൾ വിളമ്പലും , തീറ്റയും, സൊറപറച്ചിലും ചിരിയും ബഹളവും…
ആകെമൊത്തം സന്തോഷകരമായ ഒരു ആഘോഷത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കാൻ കുറേയധികം സമയമെടുത്തു.
“പാത്രങ്ങളൊക്കെ അവിടെ ഇരിക്കട്ടെ. ഞങ്ങൾ പിന്നീട് പെറുക്കിവച്ച് ക്ലീൻ ചെയ്തോളാം.
വിൻസന്റേട്ടന് നാളെ പുറപ്പെടാൻ ഉള്ളതല്ലേ? ഇനി ഏട്ടൻ്റെ ഒരു പാട്ടായിക്കോട്ടെ”
“ആരതി ഡോക്ടർ ആണ് അതു പറഞ്ഞത്”.
ഡൈനിങ് ഹാളിൽ നിന്നും വീണ്ടും എല്ലാവരും ഉമ്മറത്ത് കൂടി. എല്ലാവരും വിൻസൻ്റേട്ടൻ്റെ നാല് ചുറ്റും ഇരുന്നു.
വിൻസന്റേട്ടൻ പതുക്കെ പാടാൻ തുടങ്ങി. അത് അങ്ങനെയാണ്.. ഏകനായി വെളിയിലേക്ക് നോക്കിയിരുന്നു അങ്ങനെ പാടും.. ആകാശം നോക്കിയിരുന്നുള്ള അദ്ദേഹത്തിന്റെ വിട്ടുപിരിഞ്ഞ ഭാര്യയെ ഓർത്തുകൊണ്ടുള്ള
“രാവേ.. നിറമിഴി തൂകൂ..
നീയെൻ മൂകവിപഞ്ചിക മീട്ടൂ..
അവളെന്നരികെയിരിപ്പൂ..
എന്ന ഗാനം…. പതിവുപോലെ പാടി തുടങ്ങി.. ഇത്തവണ മൂന്നു വരി കഴിഞ്ഞപ്പോഴേ വിൻസൻ്റേട്ടൻ വിങ്ങി പൊട്ടി. അദ്ദേഹം നെഞ്ചിൽ കൈവെച്ച് കൈകൊണ്ട് ആംഗ്യം കാട്ടി ഇനി പാടാൻ വയ്യ …പാടാൻ വയ്യ… എന്ന്.
അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഈ പാട്ട് മുഴുവനും ഇന്ന് ഞങ്ങൾക്ക് പാടി കേൾപ്പിക്കണം. എന്നത്തേയും പോലെ നാലുവരിയിൽ ഇന്ന് നിർത്താൻ പറ്റില്ല ! ഇനി എന്നാ ഞങ്ങളോടൊപ്പം വന്നു പാടുന്നത്? അതുകൊണ്ടുതന്നെ ഇന്ന് ഇത് മൊത്തവും പാടണം.
അത് കേട്ട് ഏലിയാമ്മ ചേച്ചി പറഞ്ഞു… “മോനെ വിൻസന്റേ.. അത് മുഴുവനും അങ്ങ് പാടെടാ…
നിന്റെ ഇസയും കല്ലറയിലിരുന്ന് അതൊന്നു കേൾക്കട്ടെ “ഞാനും നിന്റെ പാട്ട് കേട്ടിട്ട് ഒത്തിരി നാളായി”.
വിൻസന്റേട്ടന്‍ വീണ്ടും അടുത്ത വരി പാടാൻ ചുണ്ടനക്കി പക്ഷേ… അദ്ദേഹത്തിൻ്റെ നാവിൽ നിന്നും ഒന്നും വന്നില്ല. നെഞ്ചിൽ കൈ വെച്ച് അദ്ദേഹം വീണ്ടും വീണ്ടും പാടാൻ പറ്റുന്നില്ല എന്ന് ആംഗ്യം കാട്ടി. അതു ശ്രദ്ധിച്ച ആരതി ഡോക്ടർക്ക് എന്തോ പന്തികേട് തോന്നി.
ആരതി വേഗം എല്ലാവരെയും തള്ളി മാറ്റി ചെന്നു വിൻസൻ്റേട്ടനെ താങ്ങി. ഇത്രയും നേരം ആഘോഷങ്ങളുടെ വർണ്ണങ്ങളിൽ നിറഞ്ഞു നിന്ന ആ വീടാകെ നിമിഷ നേരം കൊണ്ട് നിശ്ചലതയിൽ ആണ്ടു. ഡോക്ടർ വിളിച്ചു കൂവി…
“വേഗം ആംബുലൻസ് വിളിക്കൂ”…
പിന്നെ…നിമിഷനേരം കൊണ്ട് എല്ലാവരും പിന്നിലേക്ക് മാറി. ഏട്ടനെ മെല്ലെ സോഫയിൽ കിടത്തി . ഡോക്ടർ വേഗം ശ്വാസവും പൾസും നോക്കി. ഡോക്ടറുടെ മുഖം വിളറി വെളുത്തു. അതു കണ്ട എല്ലാവർക്കും കാര്യം മനസ്സിലായി. ഡോക്ടർ വേഗം CPR കൊടുത്തു.
അപ്പോഴേക്കും ആംബുലൻസ് എത്തി. ആരതി ഡോക്ടർ വിൻസൻ്റേട്ടനൊപ്പം ആംബുലൻസിൽ കയറി.
ഇതിനിടയിൽ അലറി വിളിച്ചു കരഞ്ഞ ഏലിയാമ്മ ചേച്ചിയെ മറ്റെല്ലാവരും ചേർന്ന് ഒരു വിധത്തിൽ പറഞ്ഞു സമാധാനപ്പെടുത്തി, റേച്ചലിനെ കുട്ടികളെയൊക്കെ ഏൽപ്പിച്ച് ബാക്കിയുള്ളവരും വേഗം കാറിൽ കയറി ആംബുലൻസിനെ
അനുഗമിച്ചു.
കാർ വേഗത്തിൽ പാഞ്ഞുകൊണ്ടിരിക്കുമ്പോഴും, അവർക്കാർക്കും പരസ്പരം ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അതിനുമൊക്കെ അപ്പുറം അവർ മരവിച്ചു പോയിരുന്നു.
എങ്കിലും അവരുടെയൊക്കെ കാതുകളിൽ സെമിത്തേരിയിലേക്കുള്ള ആ ഗാനം മുഴങ്ങി കേട്ടു കൊണ്ടിരുന്നു…
” സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു..
എൻ സ്വദേശം കാണ്മതിനായ്
ഞാൻ തനിയേ പോകുന്നു…