ക്രിസ്മസ്, പുതുവത്സര അവധികൾ സ്വന്തം നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മലയാളികളാണ് പ്രതിസന്ധിയിലായത്.
മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു ട്രെയിന്‍ ടിക്കറ്റില്ലാതെ കഷ്ടപ്പെടുന്നത്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിൽ സ്പെഷല്‍ ട്രെയിനോടിക്കണമെന്ന ആവശ്യം ശക്തമാണ്.
ഡിസംബർ 20ന് ശേഷം ഈ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് കണ്‍ഫേം ടിക്കറ്റ് കിട്ടാനില്ല. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഡിസംബർ 20, 21 തീയതികളില്‍ ഐലന്‍ഡ് എക്സ്പ്രസില്‍ ടിക്കറ്റില്ല. 22ന് ശേഷമുള്ള ദിവസങ്ങളില്‍ 200ന് മുകളിലാണ് സ്ലീപ്പര്‍ വെയ്റ്റ് ലിസ്റ്റ്. മൈസൂരു- കൊച്ചുവേളി എക്സ്പ്രസില്‍ 20, 21, 23, 24 തീയതികളില്‍ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് പോലുമില്ല.
ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് പ്രധാനമായും ആശ്രയിക്കുന്ന ശബരി എക്സ്പ്രസില്‍ ആഴ്ചകളോളം ടിക്കറ്റില്ല. അധിക സര്‍വീസ് പ്രഖ്യാപിക്കാന്‍ റെയില്‍വേ പതിവു പോലെ അവസാന നിമിഷം വരെ കാത്തിരിക്കുകയാണ്. അതേസമയം, ബസ് നിരക്കും കുതിച്ചുയരുന്നുണ്ട്.