ഫ്ളോറിഡ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ദേശീയ സംഘടനയായ ഫോമയുടെ, ഏറ്റവും വലിയ റീജിയൻ ആയ ഫ്ളോറിഡ സൺഷൈൻ റീജിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും, ജനപ്രിയമാക്കുന്നതിനുമായി, റീജിയണൽ വൈസ് പ്രസിഡന്റ് ജോമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഒരു പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
റീജിയണിലുള്ള എല്ലാ അംഗങ്ങളേയും ചേർത്ത് പിടിച്ചുകൊണ്ട് മാതൃകാപരമായ, ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് റീജിയൻ ആർ.വി.പി ജോമോൻ ആന്റണി, നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് ആയ സുനിതാ മേനോൻ, സാജൻ മാത്യു, ടിറ്റോ ജോൺ, എക്സ് ഒഫീഷ്യോ ബിജു തോണിക്കടവിൽ, യൂത്ത് റെപ്രസന്റേറ്റീവ് എബിൻ ഏബ്രഹാം എന്നിവർ സംയുക്തമായി പ്രസ്താവിച്ചു.
ഫോമാ സൺഷൈൻ റീജിയൻ ചെയർ ആയി ഫോമയുടെ മുൻ വൈസ് പ്രസിഡന്റ് വിൻസൺ പാലത്തിങ്കൽ, ഫോമയുടെ വിവിധ കമ്മിറ്റികളിൽ ചെയർ ആയും വൈസ് ചെയർ ആയും പ്രവർത്തന പാരമ്പര്യമുള്ള നെവിൻ ജോസ് സെക്രട്ടറി; ഫോമയുടെ വിവിധ സബ്‌കമ്മിറ്റികളിലും റീജിയനിലെ അസോസിയേഷനുകളിലും പ്രവർത്തിച്ച് മികവ് തെളിയിച്ചിട്ടുള്ള നോബിൾ ജനാർദ്ദനൻ വൈസ് ചെയർ; ബിനു മഠത്തിലേട്ട് ട്രഷറർ; ഷീല ഷാജു വുമൺസ് റെപ്രസൻറ്റീവ് എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സൺഷൈൻ റീജിയൻ പി.ആർ.ഒ ആയി പത്രപ്രവർത്തകനും സാഹിത്യകാരനുമായ രാജു മൈലപ്രാ സേവനമനുഷ്‌ഠിക്കും. റീജിയന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുവാൻ വിപുലമായ മറ്റ് കമ്മിറ്റികളും ഉടൻ രൂപീകരിക്കും.
സൺഷൈൻ റീജിയന്റെ പ്രവർത്തനോദ്ഘാടനം ജനുവരി 25-ന് പ്രൗഢഗംഭീരമായ പരിപാടികളോടെ ടാമ്പായിൽ വച്ച് നടത്തപ്പെടും.