ബ്ലാക് ഫ്രൈഡേ ഓഫർ വിൽപ്പന ആരംഭിച്ചതോടെ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ വൻ തോതിലാണ് ഉപയോക്താക്കളെത്തുന്നത്. ഈ വാരാന്ത്യത്തിലും ഓൺലൈൻ ഷോപ്പിങ് പൊടിപൊടിക്കാനുള്ള സാധ്യതകൾക്കിടെ സൈബർ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ. ഗൂഗ്ൾ ക്രോം, ആപ്പിൾ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് എന്നീ വെബ് ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പ്.
ഹോളിഡേ സീസണുകളിൽ സൈബർ തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയിപ്പ്. ഫോബ്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 89 ശതമാനം കൂടുതൽ വ്യാജ വെബ്സൈറ്റുകൾ ഈ വർഷം കണ്ടെത്തിയിട്ടുണ്ട്. ഷോപ്പിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 80 ശതമാനം ഇ-മെയിലുകളും തട്ടിപ്പാണ്. പലപ്പോഴും ഗൂഗ്ൾ സെർച്ച് റിസൽറ്റുകൾ പോലും വ്യാജ വെബ്സൈറ്റുകളാകും കാണിക്കുക. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതിനു പുറമെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംഘടിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നു.
എഫ്.ബി.ഐ മുന്നറിയിപ്പ് നൽകുന്ന ഓൺലൈൻ ഷോപ്പിങ് തട്ടിപ്പുകൾ:
* നോൺ-ഡെലിവറി സ്കാം: നിങ്ങൾ ഒരു സാധനത്തിനോ സേവനത്തിനോ പണം നൽകുന്നു. പക്ഷേ പർച്ചേസ് നടത്തിയ സാധനം ഒരിക്കലും നിങ്ങൾക്ക് കിട്ടാതിരിക്കുന്നു.
* നോൺ-പേയ്മെന്റ് സ്കാം: വ്യാപാരികളിൽനിന്ന് സാധനം വാങ്ങി, ഒരിക്കലും പണം ലഭിക്കാത്ത സാഹചര്യം.
* ലേലത്തട്ടിപ്പ്: നിങ്ങൾ വാങ്ങിയ ഉൽപന്നം ഓൺലൈൻ ലേല സൈറ്റിൽ പ്രത്യക്ഷപ്പെടുന്നു.
* ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: പ്രീപെയ്ഡ് കാർഡ് വഴി പണമടക്കാൻ വ്യാപാരി ആവശ്യപ്പെടുന്നു.
ഇന്റർനെറ്റ് ക്രൈം കംപ്ലയിന്റ് സെന്ററിന്റെ റിപ്പോർട്ട് പ്രകാരം, നോൺ പേയ്മെന്റ്, നോൺ ഡെലിവറി തട്ടിപ്പിലൂടെ 2023ൽ ഉപയോക്താക്കൾക്ക് 309 ദശലക്ഷം ഡോളറാണ് നഷ്ടപ്പെട്ടത്. ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 173 ശലക്ഷം ഡോളറും നഷ്ടമായി. ഹോളിഡേ സീസണുകളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ഉയരുന്നതായും റിപ്പോർട്ടിൽ പറയുന്നു.