ഹൈദരാബാദ്: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ മഹാരാഷ്ട്രയോട് പൊരുതിത്തോറ്റ് കേരളം. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം.
43 റൺസുമായി പുറത്താകാതെ നില്ക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ദിവ്യാങ് ഹിങ്കാനേക്കറാണ് മത്സരം മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കിയത്.ടോസ് നേടിയ മഹാരാഷ്ട്ര കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തിന് അതിവേഗത്തിലുള്ള തുടക്കം തന്നെ നല്കി.
എന്നാൽ സ്കോർ 43ൽ നില്ക്കെ 19 റൺസെടുത്ത സഞ്ജു മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. അടുത്തടുത്ത ഇടവേളകളിൽ വിഷ്ണു വിനോദും സൽമാൻ നിസാറും കൂടി പുറത്തായി.
വിഷ്ണു വിനോദ് ഒൻപതും സൽമാൻ നിസാർ ഒരു റണ്ണുമാണ് എടുത്തത്. രോഹന് കൂട്ടായി മുഹമ്മദ് അസറുദ്ദീൻ എത്തിയതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് വീണ്ടും വേഗത കൈവന്നു. രോഹൻ 24 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 45 റൺസെടുത്തു.രോഹന് പകരമെത്തിയ സച്ചിൻ ബേബിയും മികച്ച രീതിയിൽ ബാറ്റ് വീശി. മുഹമ്മദ് അസറുദ്ദീൻ 29 പന്തിൽ 40 റൺസെടുത്ത് പുറത്തായി.25 പന്തിൽ 40 റൺസുമായി സച്ചിൻ ബേബി പുറത്താകാതെ നിന്നു.
ഏഴാമനായി ബാറ്റ് ചെയ്യാനെത്തി 14 പന്തിൽ 24 റൺസെടുത്ത അബ്ദുൾ ബാസിതും കേരള ബാറ്റിങ് നിരയിൽ തിളങ്ങി. കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിൻ്റെ വിക്കറ്റ് നഷ്ടമായി. നിധീഷാണ് ഋതുരാജിനെ പുറത്താക്കി കേരളത്തിന് മികച്ച തുടക്കം നല്കിയത്.എന്നാൽ രാഹുൽ ത്രിപാഠിയും അർഷിൻ കുൽക്കർണ്ണിയും ചേർന്നുള്ള കൂട്ടുകെട്ട് മഹാരാഷ്ട്ര ഇന്നിങ്സിനെ മുന്നോട്ടു നീക്കി. അർഷിൻ കുൽക്കണ്ണി 24ഉം രാഹുൽ ത്രിപാഠി 44ഉം റൺസെടുത്തു.
തുടർന്നെത്തിയ അസിം കാസിയും 32 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു.എന്നാൽ മത്സരം അവസാന അഞ്ച് ഓവറുകളിലേക്ക് കടക്കുമ്പോൾ മഹാരാഷ്ട്രയ്ക്ക് ജയിക്കാൻ അറുപത് റൺസിലേറെ വേണ്ടിയിരുന്നു. കളി കേരളത്തിന് അനുകൂലമായേക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ഒറ്റയാൾ മികവുമായി ദിവ്യാങ് ഹിങ്കാനേക്കർ കളം നിറഞ്ഞത്.
18 പന്തിൽ നിന്ന് 43 റൺസുമായി പുറത്താകാതെ നിന്ന ദിവ്യാങ് ഒരു പന്ത് ബാക്കി നില്ക്കെ മഹാരാഷ്ട്രയെ വിജയത്തിലെത്തിച്ചു. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ദിവ്യാങ്ങിൻ്റെ ഇന്നിങ്സ്.കേരളത്തിന് വേണ്ടി സിജോമോൻ ജോസഫും നിധീഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.