കോഴിക്കോട്: ഭക്ഷണത്തിൽ ഉപ്പ് പോരെന്നും മറ്റും പറഞ്ഞ് രാഹുൽ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഒന്നിച്ച് കഴിയാൻ താല്‍പര്യമില്ലെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ ആണ് പൊലീസ് എഫ്ഐആര്‍ രെജിസ്റ്റർ ചെയ്തത്.
സമാനമായ പരാതിയിൽ നേരത്തെ പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.ഭർതൃവീട്ടിൽ നവവധു ക്രൂര മർദ്ദനത്തിന് ഇരയായി എന്നും വിഷയം കൈകാര്യം ചെയ്യുന്നതിൽ പൊലീസ് ഗുരുതര വീഴ്ച വരുത്തി എന്നും ആരോപണം ഉയർന്ന പന്തീരങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും വഴിത്തിരിവ്. ഭക്ഷണത്തിൽ ഉപ്പു പോരെന്നതടക്കമുള്ള കാരണങ്ങൾ പറഞ്ഞ് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്.
മുഖത്തും ശരീരത്തിലും മർദ്ദനമേറ്റത്തിന്‍റെ പാടുകളും ആയി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ യുവതി ഇന്ന് രാവിലെയാണ് സ്വന്തം വീട്ടുകാർക്കൊപ്പം പൊലീസിൽ പരാതി നൽകാൻ എത്തിയത്. മാസങ്ങൾക്ക് മുൻപ് യുവതി ഭർത്താവ് രാഹുൽ എതിരെ നൽകിയ സമാനമായ പരാതി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരാതിയിൽ വേണ്ടവിധം നടപടി സ്വീകരിച്ചില്ല എന്ന പേരിൽ പന്തീരങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു.
എന്നാൽ, പിന്നീട് താൻ പരാതി നൽകിയത് വീട്ടുകാരുടെ പ്രേരണയെ തുടർന്നാണെന്നും രാഹുലിനൊപ്പം കഴിയാൻ തന്നെയാണ് താല്പര്യം എന്നും വ്യക്തമാക്കി യുവതി രംഗത്ത് വരികയും പിന്നാലെ ഇരുവരും കേസ് ഒത്തു തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി കേസ് റദ്ദാക്കിയ ശേഷം ഇരുവരും പന്തീരങ്കാവിലെ വീട്ടിൽ വീണ്ടും ഒരുമിച്ചായിരുന്നു താമസം.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ഭർതൃവീട്ടിൽ നിന്ന് പരിക്കേറ്റേന്ന് പറഞ്ഞ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭർത്താവ് രാഹുൽ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. രാത്രി പൊലീസ് മൊഴി എടുക്കാൻ എത്തിയെങ്കിലും യുവതി പരാതിക്ക് മുതീർന്നില്ല. രാത്രി വൈകി, യുവതിയുടെ അച്ഛനും അമ്മയും എറണാകുളത്തു നിന്ന് വന്നു. രാവിലെ യുവതിക്കൊപ്പം പന്തീരാങ്കാവ് സ്റ്റേഷനിൽ എത്തി ഭർതൃ പീഡനം ആരോപിച്ചു പരാതി നൽകി.
വിശദമൊഴി എടുത്ത ശേഷം ആണ് പൊലീസ് കേസ് എടുത്തത്. ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകൾ ചുമത്തി. നിലവിൽ രാഹുലിന് ഒപ്പം കഴിയാൻ താല്പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു. അതിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ എന്ന പരാതിയിൽ യുവതിയുടെ ഭർത്താവ് രാഹുലിന പൊലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.