1. നൈജീരിയയുടെ ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി നൈജീരിയയിൽ എത്തിയതായിരുന്നു അദ്ദേഹം. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തി. നൈജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഉയർന്ന മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ചർച്ചകൾക്ക് ശേഷം ഞങ്ങളുടെ ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം ആരംഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 17 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ഞങ്ങൾ 20 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്’’ – പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നൈജീരിയൻ തലസ്ഥാനമായ അബുജയിലെത്തിയത്. 2007 ഒക്ടോബറിൽ പ്രധാനമന്ത്രി ആയിരുന്ന ഡോ. മൻമോഹൻ സിങ് നൈജീരിയ സന്ദർശിച്ചിരുന്നു. 60 വർഷത്തിലേറെയായി ഇരു രാജ്യങ്ങളും അടുത്ത പങ്കാളികളാണ്. 1958ലാണ് ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചത്.
2. ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി വിവരം. മധ്യ ബെയ്റൂട്ടിൽ കഴിഞ്ഞയാഴ്ച്ച നടന്ന ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയൻ ബാത്ത് പാർട്ടിയുടെ ലബനനിലെ റാസ് അൽ നാബയിലുള്ള ഓഫിസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ മരണം.
ഹിസ്ബുല്ലയുടെ മാധ്യമ വിഭാഗം തലവനായിരുന്നു അഫീഫ്. അഫീഫിന്റെ വിയോഗത്തിൽ മാധ്യമ വിഭാഗം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ വാർത്താ സമ്മേളനങ്ങൾക്കും പ്രസംഗങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നത് അഫീഫായിരുന്നു. സെപ്റ്റംബർ അവസാനം ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്രല്ലയുടെ കൊലപാതകത്തിനു ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്. ലബനന്റെ വടക്കൻഭാഗങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുല്ലയ്ക്കെതിരെ ലബനന്റെ അതിർത്തി പ്രദേശങ്ങളിൽ കരയുദ്ധം നടത്തുന്ന ഇസ്രയേൽ സൈന്യം ഇത്ര വലിയ പോരാട്ടം നടത്തുന്നത് ആദ്യമാണ്.
3. ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലദേശിൽ തന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റെടുത്ത് 100 ദിവസം പൂർത്തിയായ ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് യൂനുസ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ഥാനഭ്രഷ്ടയായ ഏകാധിപതി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് നമ്മൾ ഇന്ത്യയോട് ആവശ്യപ്പെടും. ഇക്കാര്യം രാജ്യാന്തര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരിം ഖാനുമായി ഇതിനകം ചർച്ച ചെയ്തിട്ടുണ്ട്’’–മുഹമ്മദ് യൂനുസ് പറഞ്ഞു. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിലുണ്ടായ നൂറുകണക്കിന് മരണങ്ങൾക്ക് കാരണക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ ഓഗസ്റ്റ് 5നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. ഇന്ത്യയിലെ രഹസ്യകേന്ദ്രത്തിൽ കഴിയുകയാണ് ഹസീനയും സഹോദരിയും. സർക്കാർ വിരുദ്ധ കലാപത്തിനിടെ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയ്ക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കണമെന്ന് ബംഗ്ലദേശിലെ പ്രത്യേക കോടതി നവംബർ 12ന് ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു.
4. യുക്രെയ്നിലേക്ക് റഷ്യയുടെ രൂക്ഷമായ മിസൈൽ, ഡ്രോൺ ആക്രമണം. ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കനത്ത ഈ ആക്രമണം പ്രധാനമായും യുക്രെയ്നിന്റെ ഉർജോൽപാദനകേന്ദ്രങ്ങളെ തകർക്കാനായിരുന്നു ആക്രമണം. 120 മിസൈലുകളും 90 ഡ്രോണുകളും റഷ്യ ആക്രമണത്തിന് ഉപയോഗിച്ചെന്നും ഇതിൽ 102 മിസൈലുകളും 42 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. മൈക്കലോവിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. ശൈത്യകാലത്ത് അത്യാവശ്യമായ വൈദ്യുതിയുടെയും മറ്റും ലഭ്യത ദുർബലമാക്കി യുക്രെയ്നിനെ തകർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി സമീപകാലത്ത് അടിസ്ഥാനസൗകര്യങ്ങൾ തകർക്കാനാണ് റഷ്യ ശ്രമിക്കുന്നത്.
ഇതേസമയം യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്നിനു മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വരുന്ന ദിവസങ്ങളിൽ റഷ്യയ്‌ക്കെതിരെ ആദ്യമായി ദീർഘദൂര ആക്രമണങ്ങൾ നടത്താൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ നിലപാടുമാറ്റം. ഇതേകുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായില്ല. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മാസങ്ങൾക്കു മുൻപെ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. ജോ ബൈഡൻ യുഎസ് പ്രസിഡന്റ് പദമൊഴിയാൻ രണ്ടു മാസം മാത്രം ശേഷിക്കെയാണ് നിർണായക തീരുമാനം. യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്ക്കൊപ്പം ഉത്തര കൊറിയൻ സൈനികരെ വിന്യസിച്ച നീക്കത്തിനു പിന്നാലെയാണ് യുക്രെയ്ന് സഹായകരമായ യൂഎസിന്റെ നീക്കം.
ഇതിനിടെ യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകിയതിന് ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി ബ്രിട്ടൻ. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സെപ്റ്റംബറിൽ ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ തുടർച്ചയാണ് പുതിയ ഉപരോധം. ആയുധങ്ങൾ കൈമാറാൻ സഹായിച്ച ഇറാന്റെ ദേശീയ വിമാനക്കമ്പനിയുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെയും ആസ്തികൾ മരവിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് മിസൈലുകൾ എത്തിച്ച പോർട്ട് ഒല്യ 3 എന്ന റഷ്യൻ ചരക്കു കപ്പലിനെതിരെയും ഉപരോധം ഏർപ്പെടുത്തും. യുക്രെയ്ൻ – റഷ്യ യുദ്ധം ആരംഭിച്ചതിന്റെ 1000 ദിവസം പിന്നിടുന്ന വേളയിലാണ് ബ്രിട്ടന്റെ പ്രഖ്യാപനം.
5. പ്രോഗ്രാമിങ് മേഖലയിൽ വിപ്ലവത്തിനു തുടക്കമിട്ട കംപ്യൂട്ടർ ഭാഷയായ ബേസിക്കിന്റെ സഹ സ്രഷ്ടാവ് തോമസ് ഇ.കുർത്‌സ് (96) അന്തരിച്ചു. 1960 ൽ ഡാർട്മത് കോളജ് പ്രഫസർ ആയിരിക്കെ സഹ അധ്യാപകൻ ജോൺ കെമെനിയുമായി ചേർന്നാണ് കംപ്യൂട്ടറിനു നിർദേശം നൽകുന്നതിനുള്ള അടിസ്ഥാനകോഡുകൾ കുർത്‌സ് തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ‘ഡാർട്മത് ടൈം ഷെയറിങ് സിസ്റ്റം’ എന്നപേരിൽ പ്രോഗ്രാം തയാറാക്കി 50 സ്കൂളുകളിലെ വിദ്യാർഥികൾക്കു ലഭ്യമാക്കി. ഡാർട്മത് കോളജിലെ കംപ്യൂട്ടർ സംവിധാനം ഈ വിദ്യാർഥികൾക്ക് വിദൂരത്തുനിന്ന് ടെലിഫോൺ കണക്‌ഷൻ വഴി ഉപയോഗിക്കാവുന്ന വിധത്തിലായിരുന്നു ക്രമീകരണം. സാങ്കേതിക വിദ്യ അറിയാത്തവർക്കുപോലും ഉപയോഗിക്കാവുന്ന ലളിതമായ കംപ്യൂട്ടിങ് സംവിധാനമൊരുക്കുന്നതിലാണ് ഇരുവരും ശ്രദ്ധിച്ചത്. 1928 ൽ ഇല്ലിനോയിൽ ജനിച്ച കുർത്‌സ് ഡാർട്മത് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനായിരുന്നു. 1993 ൽ വിരമിച്ചു.
6. ശ്രീലങ്കയിൽ പ്രസിഡന്റിന് പരമാധികാരം നൽകുന്ന രീതി അവസാനിപ്പിക്കുമെന്ന് 1994 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും പ്രസിഡന്റ് സ്ഥാനാർഥികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണയും ഒന്നും സംഭവിച്ചില്ല. പതിവുപോലെ പരമാധികാരത്തോടെയാണ് അനുര ദിസനായകെ ശ്രീലങ്കയുടെ ഒൻപതാമത് പ്രസിഡന്റായിരിക്കുന്നത്. തിരഞ്ഞെടുപ്പുപ്രചാരണത്തിൽ പ്രസിഡന്റിന്റെ പരമാധികാരം നീക്കം ചെയ്യുമെന്ന് എൻപിപി സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സമഗ്രമായ നിയമനിർമാണം ആവശ്യമാണ്. 1978 ൽ ആണ് ശ്രീലങ്കയിൽ പ്രസിഡന്റിന് പരമാധികാരം നൽകുന്ന ഭരണസമ്പ്രദായം തുടങ്ങുന്നത്. മൈത്രിപാല സിരിസേന അധികാരത്തിലിരുന്നപ്പോൾ പാർലമെന്റിന് കൂടുതൽ അധികാരം നൽകാനും പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറയ്ക്കാനും ചില ഭരണഘടനാ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും നടപ്പായില്ല. വെറും ഭരണഘടനാ ഭേദഗതിയിലൂടെ ഈ മാറ്റം സാധ്യമാവില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. ഫലത്തിൽ ഇപ്പോഴും പ്രസിഡന്റിന് ഏതുവകുപ്പും സ്വന്തമാക്കാനും ഏതുമന്ത്രി ഏതു വകുപ്പു ഭരിക്കണമെന്ന് തീരുമാനിക്കാനും അധികാരമുണ്ട്.
ഇതേസമയം ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ വീണ്ടും അധികാരമേറ്റു. 12 പുതുമുഖങ്ങൾ ഉൾപ്പെടെ 21 പേരടങ്ങുന്ന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 30 മന്ത്രിമാരെ നിയമിക്കാമെന്നിരിക്കെയാണ് പ്രകടനപത്രികയിലെ ചെലവുചുരുക്കൽ പ്രഖ്യാപനത്തിന് അടിവരയിട്ട് പ്രസിഡന്റ് അനുരകുമാര ദിസനായകെ ചെറിയ മന്ത്രിസഭ രൂപീകരിച്ചത്. ധനം, പ്രതിരോധം വകുപ്പുകൾ ദിസനായകെ നിലനിർത്തി. ഹരിണി അമരസൂര്യയ്ക്ക് വിദ്യാഭ്യാസവകുപ്പും നൽകി.
7. വിശപ്പിനും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യ’ത്തിനു തുടക്കമിട്ട് ബ്രസീൽ. റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്ക് തുടക്കം കുറിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയാണു സഖ്യം പ്രഖ്യാപിച്ചത്. ആഫ്രിക്കൻ യൂണിയനും യൂറോപ്യൻ യൂണിയനും രാജ്യാന്തര ജീവകാരുണ്യ സംഘടനകളും കൈകോർക്കുന്ന മുന്നേറ്റമാണിത്. ആശയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ആഗോള സംഘർഷങ്ങൾ കാരണമുണ്ടാകുന്ന ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധി ഏറ്റവും ദോഷകരമായി ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ 25 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കരകയറ്റിയതായി മോദി പറഞ്ഞു. 8 കോടിയിലേറെപ്പേർക്കു സൗജന്യമായി ഭക്ഷണസാധനങ്ങൾ നൽകുന്നുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസിന്റെ നേട്ടം 5.5 കോടിയിലേറെപ്പേർക്കു ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
8. ഇസ്രയേൽ ആക്രമണങ്ങളിൽ വിവിധയിടങ്ങളിലായി ഒറ്റ ദിവസം 76 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിൽ കമാൽ അദ്വാൻ ആശുപത്രിക്കു സമീപം വീടിനു നേരെ നടത്തിയ ആക്രമണത്തിൽ 17 പേരും ഖാൻ യൂനിസിലെ അഭയാർഥി ടെന്റിനുനേരെയുണ്ടായ ആക്രമണത്തിൽ 2 കുഞ്ഞുങ്ങളടക്കം 8 പേരും കൊല്ലപ്പെട്ടു. ഇതിനിടെ, ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ കൂടാതെ 4 ഉദ്യോഗസ്ഥർ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ മാധ്യമവിഭാഗത്തിൽ പ്രവർത്തിച്ചിരുന്നവരാണിവർ. ഗാസയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ശേഷിക്കുന്ന വിഹിതമായ 25 ലക്ഷം ഡോളർ കൂടി ഇന്ത്യ കഴിഞ്ഞ ദിവസം നൽകി. 2024–25 ൽ 50 ലക്ഷം ഡോളർ നൽകുമെന്ന വാഗ്ദാനമാണ് ഇന്ത്യ നിറവേറ്റിയത്.
9. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉടൻ ഇന്ത്യ സന്ദർശിക്കും. ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സന്ദർശന തീയതിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. തീയതി സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ദിമിത്രി പെസ്കോവ് പറഞ്ഞു. കഴിഞ്ഞ മാസമാദ്യം, കസാനിൽ നടന്ന പതിനാറാമത് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 23–ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പുട്ടിനെ അന്ന് നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു.
10. യുക്രെയ്ൻ ദീര്‍ഘദൂര മിസൈൽ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രെയ്നു മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിനു പിന്നാലെയാണ് യുഎസ് നിർമിത മിസൈൽ വഴി ആക്രമണം. റഷ്യയുടെ ബ്രയാൻസ്ക് മേഖലയിലേക്ക് മിസൈലുകൾ യുക്രെയ്ൻ തൊടുത്തുവിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയ്ക്കകത്തെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്താൻ യുക്രെയ്ൻ ആദ്യമായാണ് ദീർഘദൂര അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നത്.
അതിനിടെ യുക്രെയ്‌നുമായുള്ള സംഘർഷത്തിനിടെ ആണവ നയത്തിലെ പരിഷ്‌കാരങ്ങൾക്ക് അംഗീകാരം നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകുന്ന പുതിയ നയം, റഷ്യയ്‌ക്ക് ആണവായുധങ്ങൾ ഉപയോഗിക്കാൻ കൂടുതൽ ‘സ്വാതന്ത്ര്യം’ നൽകുന്നതാണ്. രാജ്യത്തിന്റെ തത്ത്വങ്ങൾ നിലവിലെ സാഹചര്യത്തിന് അനുസൃതമായി കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് റഷ്യയുടെ ആണവ നയത്തിലെ മാറ്റങ്ങളെ കുറിച്ച് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ബാഹ്യ ആക്രമണമുണ്ടായാൽ പ്രതികാരമായി ആണവായുധങ്ങളുടെ ഉപയോഗം വിപുലീകരിക്കാൻ പുതുക്കിയ നയം റഷ്യയെ അനുവദിക്കുന്നു. ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെ റഷ്യയ്‌ക്കെതിരായ ഏതു സുപ്രധാനമായ ആക്രമണത്തിനും പ്രതികാരമായി ആണവായുധങ്ങൾ ഉപയോഗിക്കാൻ പുട്ടിൻ പുതുതായി ഒപ്പിട്ട ഉത്തരവ് അനുവദിക്കുന്നു. ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കപ്പെടുന്നുവെന്ന് യുക്രെയ്നിനും അതിന്റെ പാശ്ചാത്യ പിന്തുണക്കാർക്കും ഉള്ള മറുപടിയായി റഷ്യ പറഞ്ഞു.
സഖ്യരാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയുടെ വെളിച്ചത്തിൽ നയം പരിഷ്കരിക്കുന്നതിനെ കുറിച്ചുള്ള പുടിന്റെ പരാമർശങ്ങൾക്ക് ഒരു മാസത്തിനു ശേഷമാണ് ഈ നയ പരിഷ്കരണ നീക്കം. നൂതന പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യൻ പ്രദേശത്തിനുള്ളിൽ ആഴത്തിൽ ആക്രമണം നടത്താൻ യുക്രെയ്നെ അനുവദിക്കുന്നത് പിരിമുറുക്കം വർധിപ്പിക്കുമെന്നും റഷ്യയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് നയിക്കുമെന്നുമായിരുന്നു പുട്ടിന്റെ മുന്നറിയിപ്പ്.
11. ഇസ്രയേൽ ആക്രമണം മൂലം തകർന്നു തരിപ്പണമായ ഗാസയ്ക്ക് കൂടുതൽ സഹായം എത്തിച്ചുകൊടുക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ ആഗോള ഐക്യനീക്കത്തിനായി ആഹ്വാനം ചെയ്ത് ജി20 ഉച്ചകോടിക്കു സമാപനം. പട്ടിണിക്കെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടം, കാലാവസ്ഥാ ഫണ്ടിങ് വർധന, ശതകോടീശ്വരന്മാർക്കുള്ള ആഗോള നികുതി, യുഎൻ രക്ഷാസമിതിയുടെ വിപുലീകരണം എന്നിങ്ങനെ ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടി സംയുക്ത പ്രസ്താവന പുറത്തിറക്കി. അർജന്റീന ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ ഇടഞ്ഞുനിന്നപ്പോൾ, സംയുക്ത പ്രസ്താവന പോലും സാധ്യമാകുമോയെന്ന് ഒരു വേള സംശയിച്ചെങ്കിലും അതുണ്ടായത് അധ്യക്ഷനായ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയുടെ വിജയമായി. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട്, ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു വച്ച സംയുക്ത പ്രസ്താവനയിൽ ഇസ്രയേലിന് അനുകൂലമോ പ്രതികൂലമോ ആയ നേരിട്ടുള്ള പരാമർശങ്ങളൊന്നുമില്ലെന്നതു ശ്രദ്ധേയമായി.
ഹമാസാണ് യുദ്ധത്തിന്റെ ഏക ഉത്തരവാദിയെന്ന നിലപാട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യമായി പറയാറുള്ളതാണെങ്കിലും ജി20 പ്രസ്താവനയിൽ ഇസ്രയേലിനോട് അനുഭാവം കാട്ടുന്നതായ നിലപാടൊന്നുമില്ല. ജി20 അംഗരാഷ്ട്രമായ റഷ്യയെ പഴിചാരുന്നതൊന്നും പ്രസ്താവനയിലില്ല.
12. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഗാസയിൽ അപൂർവ സന്ദർശനം നടത്തി. ഇസ്രയേൽ സൈന്യത്തിന്റെ കരയിലെ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങൾ അറിയാനാണ് നെതന്യാഹു ഗാസ സന്ദർശിച്ചത്. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തെ അനുഗമിച്ചു. യുദ്ധക്കുപ്പായം ധരിച്ച് ബാലിസ്റ്റിക് ഹെൽമറ്റും വച്ചാണ് നെതന്യാഹു ഗാസയിൽ എത്തിയത്. ഗാസയിലെ ഒരു കടൽത്തീരത്ത് അദ്ദേഹം നിൽക്കുകയും ഹമാസ് ഇനി മടങ്ങിവരില്ല എന്ന് പറയുകയും ചെയ്യുന്ന ഒരു വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴും തടവിലായിരിക്കുന്ന ഇസ്രയേലി ബന്ദികളെ കുറിച്ചും അദ്ദേഹം വിഡിയോയിൽ സംസാരിക്കുന്നുണ്ട്. യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനി ഒരിക്കലും പലസ്തീൻ ഭരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രയേൽ സായുധസേന ഹമാസിന്റെ സൈനിക ശേഷി പൂർണമായും നശിപ്പിച്ചെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഗാസയിൽ കാണാതായ 101 ഇസ്രയേൽ ബന്ദികൾക്കായുള്ള തിരച്ചിൽ തുടരും. ഇവർ ഓരോരുത്തർക്കും 5 മില്യൻ ഡോളർ വീതം നൽകും. ബന്ദികളെ ഉപദ്രവിക്കാൻ ധൈര്യപ്പെടുന്നവരെ വേട്ടയാടി പിടിച്ച് ഇല്ലാതാക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
13. കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാൻ കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച കാർലോ അക്യൂട്ടിസിനെ ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ഇതോടെ മില്ലെനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ. ലണ്ടനിൽ ജനിച്ച് മിലാനിൽ ജീവിച്ച കാർലോ ‘ഗോഡ്സ് ഇൻഫ്ലുവൻസർ’ എന്നാണ് അറിയപ്പെടുന്നത്. ലാപ്ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറന്നു. 2006 ൽ 15–ാം വയസ്സിൽ രക്താർബുദം മൂലം മരിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ മേയിൽ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിച്ചിരുന്നു. 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഈ നൂറ്റാണ്ടിൽ കത്തോലിക്കാസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടർ പ്രതിഭയുമാണ്. 11–ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിനു സഭ അംഗീകരിച്ച അദ്ഭുതങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയനായി.