കാസർഗോഡ് : മുട്ടത്തോടി ആലമ്പാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സമയം കഴിച്ച പാലിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം.
വ്യാഴാഴ്ച വൈകുന്നേരമാണ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റത്. സ്‌കൂളില്‍ നിന്ന് കുടിച്ച പാലില്‍ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാൽ നൽകിയത്. പാലിന് രുചി വ്യത്യാസമുള്ളതായി അധ്യാപകർ ഉൾപ്പെടെ പരാതിയും നൽകിയിരുന്നു
വൈകീട്ട് വീട്ടിലെത്തിയ ചില കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടായും കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഭക്ഷ്യവിഷ ബാധയെ തുടർന്ന് മുപ്പത്തഞ്ചോളം കുട്ടികൾ ഇപ്പോഴും ആശുപത്രിയിലാണ്. അഞ്ച് കുട്ടികളെ ഡിസ്ചാർജ് ചെയ്തു.
കേസുകള്‍ വര്‍ധിച്ചതോടെയാണ് സ്‌കൂള്‍ അധികൃതര്‍ പോലും ഇത്തരത്തില്‍ ഭക്ഷ്യവിഷബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. പിന്നാലെ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറെ അന്വേഷണത്തിന് ചുമതലയും നൽകി. സ്‌കൂളിലെ പാല്‍വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.