ചെന്നൈ : തഞ്ചാവൂരിൽ വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി യുവാവ് കുത്തിക്കൊന്ന സംഭവത്തിൽ മരിച്ച അധ്യാപികയുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
മല്ലിപട്ടണം സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപിക രമണിയെ(26) കുത്തിയ ശേഷം കടന്നുകളയാൻ ശ്രമിച്ച മദൻകുമാറിനെ സ്കൂൾ ജീവനക്കാരാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്.
ബുഘനാഴ്ച രാവിലെ സ്കൂളിൽ എത്തിയ യുവാവ് അധ്യാപികയെ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്കു വിളിച്ചാണ് ആക്രമിച്ചത്. കത്തികൊണ്ട് രമണിയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇരുവരും ചിന്നമനൈ ഗ്രാമത്തിൽ നിന്നുള്ളവരാണ്. വിവാഹാഭ്യർഥനയുമായി മദൻകുമാർ രമണിയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും അവരും എതിർത്തു.ചൊവ്വാഴ്ച വൈകിട്ടും മദൻകുമാർ രമണിയെ കണ്ട് സംസാരിച്ചിരുന്നു. ഇതു കണ്ട ബന്ധുക്കളിൽ ചിലർ ഇത് ആവർത്തിക്കരുതെന്നും വിവാഹം നടക്കില്ലെന്നും പിൻമാറണമെന്നും മുന്നറിയിപ്പു നൽകി. ഇതിൽ പ്രകോപിതനായാണു സ്കൂളിലെത്തി രമണിയെ കുത്തിയത്.
നാല് മാസം മുൻപാണ് രമണി ഇവിടെ അധ്യാപികയായി എത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി പറഞ്ഞു.സംഭവത്തിനു സാക്ഷികളാകേണ്ടി വന്ന കുട്ടികൾക്ക് കൗൺസലിങ് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു. അധ്യാപികയുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുറ്റവാളിക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.