ന്യൂഡൽഹി:ഈ അധ്യായന വർഷത്തെ പൊതുപരീക്ഷകൾ 2025 ഫെബ്രുവരി 15 നാണ് തുടങ്ങുക. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18 നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. പരീക്ഷയ്‌ക്ക് 86 ദിവസം മുന്നേയാണ് സിബിഎസ്ഇ തീയതികൾ പ്രഖ്യാപിച്ചത്. ഇത്രനേരത്തെ പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ദിവസം മുന്‍പേയാണ് ടൈംടേബിള്‍ പുറത്തു വിട്ടിരിക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി 1ാം തീയതിയും 12 ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15 നും ആരംഭിക്കും.
സിബിഎസ്ഇ പരീക്ഷാ ടൈംടേബിൾ cbse.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇംഗ്ലീഷ് പരീക്ഷയാണ് പത്താം ക്ലാസുകാർക്ക് ആദ്യം. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിന് അവസാനിക്കും. പരീക്ഷകൾ രാവിലെ 10:30ന് ആരംഭിക്കും.
സിബിഎസ്ഇ ബോർഡ് എക്സാം 2025 10ാം ക്ലാസ് ടൈം ടേബിൾ
15 – 02 – 2025 ശനിയാഴ്ച – ഇംഗ്ലീഷ് പരീക്ഷയോടെയാണ് ആരംഭിക്കുന്നത്. രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 01:30 വരെയാണ് പരീക്ഷ. മാർച്ച് 18 ചൊവ്വാഴ്ച കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി / ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പരീക്ഷയാണ് അവസാനം നടക്കുക.
സിബിഎസ്ഇ ബോർഡ് എക്സാം 2025 12ാം ക്ലാസ് ടൈം ടേബിൾ
ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ 10:30 ന് എന്‍റർപ്രണർഷിപ്പ് പരീക്ഷയോടെയാണ് പ്ലസ് ടു പരീക്ഷ ആരംഭിക്കുന്നത്. ഏപ്രിൽ നാലിന് സൈക്കോളജി പരീക്ഷയാണ് അവസാനം നടക്കുക.
വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓരോ പരീക്ഷയ്ക്കും ഇടയിൽ കൃത്യമായ ഇടവേളയോടെയാണ് സി ബി എസ് ഇ ടൈം ടേബിൾ പുറത്തു വിട്ടിരിക്കുന്നത്. എല്ലാ വിഷയങ്ങളിലെയും അധ്യാപകരും ദീർഘകാലത്തേക്ക് ഒരേസമയം സ്കൂളിൽ ഹാജരാകാത്ത ഒരു സാഹചര്യം തടയുന്നതിന്, ഗ്രേഡിങ്ങിനും മറ്റ് ആവശ്യമായ ജോലികൾക്കും ടീച്ചിങ് സ്റ്റാഫ് ലഭ്യമാണെന്ന് ഉറപ്പാക്കിക്കൊണ്ട് സുഗമമായ മൂല്യനിർണയ പ്രക്രിയ അനുവദിക്കുന്ന തരത്തിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.