തിരുവനന്തപുരം : ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമം. സൂപ്പർ താരം ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് മന്ത്രി അബ്ദു റഹ്മാൻ.
ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി.അടുത്ത വർഷം കേരളത്തിൽവെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്.
എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും. മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.