ഉത്തർപ്രദേശിലെ കനൌജിൽ പരമാവധി കയറ്റാൻ കഴിയുന്ന ആളുകളെക്കാൾ കൂടുതൽപ്പേരെ കയറ്റി യാത്രചെയ്ത ഒരു ഓട്ടോയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഡ്രൈവറുൾപ്പെടെ പരമാവധി നാലുപേർക്കിരിക്കാവുന്ന ഓട്ടോയിൽ അഞ്ചോ അറോ പേർ കയറുമ്പോൾ തന്നെ ആളുകൾ തിങ്ങിനിറഞ്ഞ അവസ്ഥയാകും. എന്നാൽ വീഡിയോയിലെ ഓട്ടോയിൽ അഞ്ചും ആറുമല്ല 15 പേരെ കുത്തിനിറച്ചാണ് ഡ്രൈവർ ‘സുഖമായി’ ഓട്ടോ ഓടിച്ചത്. പതിവായുള്ള ട്രാഫിക് പരിശോധനയ്ക്കിടെ കനൌജിലെ പാൽ ചൌക്കിന് സമീപം ട്രാഫിക് ഇൻചാർജായ അഫഖ് ഖാൻ ആണ് ഡ്രൈവറെയും ഓട്ടോയെയും കയ്യോടെ പൊക്കിയത്.ദൂരെ നിന്ന് ആട്ടോ വരുന്നത് കണ്ടപ്പോൾ സാധാരണ ഉൾക്കൊള്ളാവുന്ന ആളുകൾ മാത്രമേ ഉള്ളൂ എന്ന് കരുതിയെങ്കിലും ഓട്ടോ നിർത്തി പരിശോധിച്ചപ്പോഴാണ് 15 പേരെ കണ്ട് പോലീസ് ഉദ്യോഗസ്ഥൻ ഞെട്ടിയത്. മൂന്ന് പേർ ഡ്രൈവറുടെ സീറ്റിനിരുവശവും ബാക്കി 11 പേർ പിറകിലത്തെ സീറ്റിലും ഇരുന്നായിരുന്നു ഇവരുടെ സാഹസിക യാത്ര.
സാധാരണഗതിയിൽ ഓട്ടോറിക്ഷയിൽ പിറകിലത്തെ സീറ്റിൽ മൂന്ന് പേർക്കിരുന്ന് യാത്ര ചെയ്യാനെ അനുവദിക്കു.എല്ലാ സുരക്ഷാ മാനദണ്ഡങ്ങലും കാറ്റിൽ പറത്തിയാണ് ഒട്ടോഡ്രൈവർ ഇത്രയധികം ആളുകളുമായി യാത്ര ചെയ്തത്. അനുവദനീയമായ യാത്രാക്കാരെക്കാൾ അഞ്ചിരട്ടിപ്പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. കുറ്റം കയ്യോടെ പിടിച്ചതോടെ ഒട്ടോഡ്രൈവർ കൈകൂപ്പി മാപ്പ് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഡ്രൈവറുടെ കയ്യിൽ ലൈസൻസും ഉണ്ടായിരുന്നില്ല.
യാത്രക്കാരുടെ മാത്രമല്ല റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും ജീവൻ അപകടത്തിൽ ആക്കുന്നതാണ് ഇത്തരത്തിലുള്ള അശ്രദ്ധമായ പെരുമാറ്റങ്ങൾ എന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ഡ്രൈവർക്ക് കർശനമായ മുന്നറിയിപ്പ് നൽകി. ഓവർലോഡിങ്ങിന് 6500 രൂപ പിഴയും ഡ്രൈവർക്ക് ചുമത്തി.