ശബരിമല :- തിരുട്ടുഗ്രാമത്തിലെ രണ്ട് മോഷ്ടാക്കൾ ശബരിമലയിൽ പിടിയിലായി. കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംശയം തോന്നിയ ഇരുവരെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കാട്ടിൽ ഒളിച്ച് മോഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ശബരിമലയിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഇരുവരെയും പോലീസ് ചോദ്യം ചെയ്തപ്പോൾ ജോലിക്കായി എത്തിയതാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ അത് തെളിയിക്കുന്ന രേഖകളൊന്നും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന് സ്ഥലത്ത് നിന്ന് മടങ്ങിപ്പോകാൻ പോലീസ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് മടങ്ങാൻ തയ്യാറാകാതിരുന്നു ഇരുവരും പിന്നീട് കാട്ടിൽ ഒളിച്ച് മോഷണം നടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് പോലീസ് പറയുന്നു.
ഇരുവരും തിരുട്ടു ഗ്രാമത്തിലുള്ളവരാണെന്നും നിരവധി കേസുകൾ ഇവരുടെ പേരിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. ശബരിമലയിൽ വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചിരുന്നു. പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
തീർഥാടനം സുഗമമായി നടത്തുന്നതിന് പോലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പോലീസിന്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല തീർഥാടനകാലത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യ സേവനമായിത്തന്നെ കണക്കാക്കണമെന്ന് പോലീസ് മേധാവി പറഞ്ഞിരുന്നു. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം.
പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുത്. ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട താമസ – ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്തും പോലീസ് മേധാവിക്കൊപ്പം ഉണ്ടായിരുന്നു. മുതിർന്ന പോലീസ് ഓഫീസർമാരും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.