ഇര എവിടെ?
“എന്നിട്ട് എവിടെടാ അവൻ?” നന്ദകിഷോറിന്റെ കോളറിന് കുത്തിപ്പിടിച്ചുകൊണ്ടാണ് ഷാർപ്പ് ഷൂട്ടർ അത് ചോദിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ചെന്നൈ ഇൻ്റർനാഷണൽ ഹോട്ടലിന്റെ സ്വീറ്റ് റൂമിലാണ് അവർ അഞ്ചുപേരും ഒത്തുകൂടിയത്. ശനിയാഴ്ച വൈകിട്ടുള്ള ഡിജെ പ്രോഗ്രാമിന് മുത്തു പുറത്തിറങ്ങുന്ന വഴി കണ്ടുപിടിക്കാൻ അവർ അഞ്ചു പേരും രാവിലെ മുതൽ ഹോട്ടലിന്റെ വിവിധ ഭാഗങ്ങളിലായി കാത്തിരിക്കുകയായിരുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പോകാതെ, കൺ ചിമ്മാതെ അവർ അഞ്ചു പേരും കാത്തിരുന്നു.
ഡിജെ കൃത്യം ഏഴു മണിക്ക് തന്നെ തുടങ്ങി.
സാധാരണ, ഡിജെ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് മുത്തു സ്റ്റേജിൽ എത്തുക. അവർ കാത്തിരുന്നു.
ഡിജെ തുടങ്ങി രണ്ടുമണിക്കൂർ ആയിട്ടും മുത്തുവിനെ പുറത്തോട്ടു കണ്ടില്ല. അവർ ഡിജെ നടക്കുന്ന സ്ഥലത്തെത്തി പരിശോധിച്ചു. മുത്തുവിനു പകരം മറ്റൊരാളാണ് ഡിജെ കണ്ടക്ട് ചെയ്യുന്നത്. അന്ന് മുത്തു ഡിജെയ്ക്ക് വന്നതേയില്ല.
“ അവന് ചിലപ്പോൾ സുഖമില്ലാത്തതു കൊണ്ടായിരിക്കുമോ?” നന്ദൻ ഒരു വിറയടെ ചോദിച്ചു.
“ അവൻ ആ ഹോട്ടലിൽ തന്നെ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ എങ്കിലും കണ്ടുപിടിക്കണം.” സ്ഫോടന വിദഗ്ധനാണ് അത് പറഞ്ഞത്. അയാൾ തുടർന്നു “ ഉണ്ടെങ്കിൽ ഒരു എക്സ്പ്ലോഷൻ. ഇനി കാത്തിരിക്കാൻ പറ്റില്ല.”
“ അവൻ അവിടെ തന്നെ കാണും. നമ്മൾ എല്ലായിടവും കവർ ചെയ്തതല്ലേ.” മാർഷ്യൽ ആർട്സ് വിദഗ്ധൻ പറഞ്ഞു. ഷാർപ്പ് ഷൂട്ടർ ആകട്ടെ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്നു.
“ എന്താ ?” ആരോ ചോദിച്ചു.
“ അവൻ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത.” ഷാർപ്പ് ഷൂട്ടർ പറഞ്ഞു.
“ അതെന്താ അങ്ങനെ പറഞ്ഞത്?”
“ അത് അങ്ങനെയാണ്. സ്ഥിരമായി പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരാൾ പെട്ടെന്ന് ഒരു പരിപാടിക്ക് വന്നില്ലെങ്കിൽ ആളുകൾ അന്വേഷിച്ചിറങ്ങും. അണ്ടർ കവർ താമസിക്കുന്ന ഒരാൾക്ക് അത് അപകടമാണ്. അതുകൊണ്ടുതന്നെ അവൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചുനേരം എങ്കിലും സ്റ്റേജിൽ എത്തിയേനെ.”
“ അവൻ ഇവിടെ നിന്നുമുങ്ങി എന്നാണോ പറഞ്ഞുവരുന്നത്?” മാർഷ്യൽ ആർട്സ് വിദഗ്ധൻ ചോദിച്ചു.
“ തൊണ്ണൂറ്റിയഞ്ചു ശതമാനവും അവൻ മുങ്ങിയിരിക്കാം.”
“എങ്ങനെ? നമ്മൾ എല്ലായിടവും കവർ ചെയ്യുന്നുണ്ടായിരുന്നല്ലോ?”
“എത്ര വലിയ പ്ലാനിനും ലൂപ്പ് ഷോൾസ്സ് ഉണ്ടാകും.”
“ ഇത് മൊത്തത്തിൽ അങ്ങ് തകർത്താലോ?” സ്പോടന വിദഗ്ധൻ ചോദിച്ചു.
“ മണ്ടത്തരം പറയാതെ. വി ആർ എക്സ്പോസിംഗ് അവർ സെൽഫ്സ്സ്.”
“ അവരോട് ഞാൻ ഇനി എന്തു പറയും?” തലയിൽ കൈവച്ചുകൊണ്ട് നിലവിളിക്കുന്നത് പോലെ നന്ദൻ പറഞ്ഞു.
“ ഷട്ടപ്പ്. യൂ….” ഷാർപ്പ് ഷൂട്ടർ നന്ദന്റെ നേരെ കോപത്തോടെ ആക്രോശിച്ചു. “ വീ വിൽ ട്രാക്ക് ഹിം ഡൗൺ ആൻഡ് ഫിനിഷ് ഹിം അറ്റ് സൈറ്റ്. കണ്ടാൽ അപ്പോൾത്തന്നെ തീർക്കും. ടേയ്ക്കിങ്ങ് ഓൾ റിസ്ക്ക്സ്. നോ വെയിറ്റിംഗ്. നോ പ്ലാനിംഗ്. ഷൂട്ട് അറ്റ് ഫസ്റ്റ് സൈറ്റ്.”
എല്ലാവരും പരസ്പരം നോക്കി. എല്ലാവരുടെയും മുഖത്ത് നിരാശയും കോപവും നിറഞ്ഞു നിന്നു. തങ്ങളുടെ ഇര വഴുതി പോയിരിക്കുന്നു. അവരുടെ എല്ലാം ജീവിതത്തിൽ ആദ്യമായി ഒരു പദ്ധതി പരാജയപ്പെട്ടിരിക്കുന്നു.
അവരോരോരുത്തരും തങ്ങളുടെ മനസ്സിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തി. താൻ ഒറ്റയ്ക്കായിരുന്നെങ്കിൽ പണ്ടേ പണി തീർക്കാൻ പറ്റിയിരുന്നേനെ എന്ന് ഓരോരുത്തർക്കും തോന്നി. കൂട്ടത്തിൽ നിന്ന് വിട്ടു മാറി സ്വന്തം നിലയ്ക്ക് ശ്രമിച്ചാലോ എന്ന് അവർ നാലുപേരും മനസ്സിൽ ചിന്തിച്ചു തുടങ്ങി.
“ വൈ ഡോണ്ട് വീ സ്പ്ലിറ്റ് അവർ സെൽസ് ആൻഡ് ട്രൈ.” എല്ലാവരുടെയും മനസ്സു വായിച്ചിട്ടെന്നവണ്ണം ഷാർപ്പ് ഷൂട്ടറാണ് അത് പറഞ്ഞത്.
മറ്റുള്ളവർ അത് ശരിയെന്ന രീതിയിൽ തലയാട്ടി.
നന്ദകിഷോർ ആശങ്കയോടെ എല്ലാവരുടെയും മുഖത്ത് മാറിമാറി നോക്കി.
(തുടരും)