2023 യിൽ 150 ആംബുലന്‍സ് അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ മുന്‍വര്‍ഷത്തെക്കാള്‍ അപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 169 ആംബുലന്‍സ് അപകടങ്ങളാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നടന്ന 150 ആംബുലന്‍സ് അപകടങ്ങളിലായി 117 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 63 പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ 820 ആംബുലന്‍സ് അപകടങ്ങളാണ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 161 പേര്‍ക്കാണ് ഈ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അപകടങ്ങളില്‍ 974 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അടിയന്തരസാഹചര്യങ്ങളില്‍ ട്രാഫിക് നിയന്ത്രണങ്ങളില്‍ നിന്ന് ആംബുലന്‍സുകളെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരമാവധി വേഗതയിലാണ് ആംബുലന്‍സുകള്‍ നിരത്തിലോടുന്നത്. ഇതിന് പുറമെ യുവ ഡ്രൈവര്‍മാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയ സ്വാധീനവും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ 9,964 ആംബുലന്‍സുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 476 ആംബുലന്‍സുകള്‍ ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കീഴിലാണ്. എന്നാല്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 5000 ആംബുലന്‍സ് മാത്രമാണ് നിലവില്‍ നിരത്തിലോടുന്നത്.
‘എല്ലാ രോഗികളെയും അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കണമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. ആംബുലന്‍സില്‍ കയറ്റുന്ന രോഗികളില്‍ 25 ശതമാനം പേരെ മാത്രമാണ് അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കേണ്ടി വരിക.എന്നാൽ ഭൂരിഭാഗം കേസുകളിലും ഡ്രൈവര്‍മാര്‍ അമിതവേഗത്തിലാണ് വാഹനമോടിക്കുന്നത്,’ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയിലെ മദ്യപാനശീലവും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും സൂചനയുണ്ട്. അടിയന്തര സര്‍വീസ് ആയതിനാല്‍ പോലീസുദ്യോഗസ്ഥര്‍ പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാറില്ല. ഈ സാഹചര്യം ചിലര്‍ മുതലെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിശീലനം ലഭിക്കാത്തതും സ്ഥിതി വഷളാക്കുന്നുവെന്ന് കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ട്രഷറര്‍ മുഹമ്മദ് ജലീല്‍ പറഞ്ഞു.
പുതുതായി ജോലിയ്‌ക്കെത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വാഹനം അമിതവേഗത്തിലോടിക്കാനാണ് താല്‍പ്പര്യം കാണിക്കുന്നത്. കൂടാതെ യുവ ഡ്രൈവര്‍മാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയ റീലുകളുടെ സ്വാധീനവും അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവന്‍രക്ഷിക്കുന്ന ജോലിയാണിതെന്നും ആ ജോലിയെ സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് പരിശീലനപരിപാടികള്‍ സംഘടിപ്പിക്കണമെന്നും മുഹമ്മദ് ജലീല്‍ ആവശ്യപ്പെട്ടു.