പാലക്കാട്: തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍.
റേഷൻ കാർഡുകള്‍ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് 1101211 -ാം നമ്ബർ റേഷൻ ഡിപ്പോയില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നവംബർ 15 മുതല്‍ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകള്‍ തിരുത്താനും ആധാർ നമ്ബർ ചേർക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങള്‍ക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേല്‍വിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താം. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം അപേക്ഷകള്‍ നിക്ഷേപിച്ചാല്‍ മതി. അപേക്ഷകള്‍ കൃത്യമായി പരിശോധിച്ചു തെറ്റുകള്‍ തിരുത്തി കാർഡ് നല്‍കും. എല്‍പിജി, വൈദ്യുതി കണക്ഷൻ വിവരങ്ങള്‍ കാർഡില്‍ ചേർക്കാം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ / എ എ വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ രീതിയില്‍ നല്‍കാമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ജനങ്ങളെ പൂർണമായും പൊതു വിതരണ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 5 ലക്ഷം കാർഡുകള്‍ പുതുതായി നല്‍കിയിട്ടുണ്ട്. പുതിയ റേഷൻ കാർഡിന് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നല്‍കാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡെപ്യൂട്ടി മേയർ പി കെ രാജു അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ കമലേശ്വരം കൗണ്‍സിലർ വിജയകുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.