പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലെന്നുകാട്ടി മുൻ എം.എല്‍.എ.യും ഓള് ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ഖജാൻജിയുമായ പി.അയിഷാപോറ്റിയെ സി.പി.എം. ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്നാണ് ഒഴിവാക്കപ്പെട്ടത്.
ആരോഗ്യകാരണങ്ങള്‍ കാട്ടി ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷാപോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
രണ്ടാംദിവസമെങ്കിലും അയിഷാപോറ്റി സമ്മേളനത്തിന് എത്തുമെന്നു കരുതിയിരുന്നെങ്കിലും പങ്കെടുത്തില്ല.
തിരഞ്ഞെടുപ്പിനുശേഷം അയിഷാപോറ്റിയോടു പാർട്ടി അവഗണന കാട്ടുന്നതായി പരാതി ഉയർന്നിരുന്നു. മൂന്നുതവണ എം.എല്‍.എ.യായ അയിഷാപോറ്റിയെ സ്പീക്കർ, വനിതാ കമ്മിഷൻ അധ്യക്ഷ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പദവികളിലേക്കു പരിഗണിക്കാതിരുന്നതു മാത്രമല്ല, മണ്ഡലത്തിലെ വികസനപദ്ധതി പ്രവർത്തനങ്ങളില്‍നിന്ന് ഒഴിവാക്കിയതും അകല്‍ച്ചയ്ക്കു കാരണമായി.