Friday, November 15, 2024
Homeകേരളംപമ്പ മുതല്‍ സന്നിധാനം വരെ 68 ലക്ഷം ലിറ്റര്‍ ജലം, കുടിവെള്ള വിതരണത്തിന് പൂർണ സജ്ജമെന്ന്...

പമ്പ മുതല്‍ സന്നിധാനം വരെ 68 ലക്ഷം ലിറ്റര്‍ ജലം, കുടിവെള്ള വിതരണത്തിന് പൂർണ സജ്ജമെന്ന് വാട്ടർ അതോറിറ്റി.

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സു​ഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിക്കി കേരള വാട്ടർ അതോറിറ്റി. തീർഥാടകർക്കായി പമ്പ മുതല്‍ സന്നിധാനം വരെ എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നുണ്ട്. താല്‍ക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.ശബരിമലയില്‍ റിവേഴ്‌സ്‌ ഓസ്മോസിസ്(ആർഒ) പ്ലാന്റുകള്‍ വഴി ജലം ശുദ്ധീകരിച്ച്‌ മണിക്കൂറില്‍ 35000 ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യും. ആർഒ പ്ലാന്‍റുകളില്‍ നിന്നു പൈപ്പുകള്‍ സ്ഥാപിച്ച്‌ 103 കിയോസ്കുകളിലായി 270 ടാപ്പുകള്‍ വഴിയാണ് തീര്‍ത്ഥാടകര്‍ക്ക്‌ കുടിവെള്ളം വിതരണം നടത്തുന്നത്. ആവശ്യാനുസരണം കൂടുതല്‍ കിയോസ്കുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

നിലയ്ക്കല്‍ ബേസ്‌ ക്യാംപില്‍ വാട്ടര്‍ അതോറിറ്റിയുടെ, മണിക്കൂറിൽ 1000 ലിറ്റർ ശേഷിയുള്ള 28 ആർഒ പ്ലാന്റുകളില്‍ നിന്നുള്ള ജലം വിതരണം നടത്തുന്നതിന്‌ ഏകദേശം 20 കിലോമീറ്റർ പിവിസി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 80 കിയോസ്കുകളില്‍ 226 ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.പമ്പ-ശബരിമല ശുദ്ധജല വിതരണ പദ്ധതിയുടെ എല്ലാ ഘടകങ്ങളും പ്രവ‍ർത്തനസജ്ജമാണെങ്കിലും തീർഥാടനകാലത്ത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. തീർഥാടകർക്ക് ശുദ്ധജലം വിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ 13 എംഎൽഡി ഉൽപാദന ശേഷിയുള്ള കുടിവെള്ള പദ്ധതിയാണ് ശബരിമലയിലുള്ളത്.

പമ്പാ ത്രിവേണിയിലെ ഇന്‍ടേക്ക് പമ്പ്‌ ഹൌസില്‍ നിന്ന് പ്രഷര്‍ ഫില്‍ട്ടര്‍ വഴി ശുദ്ധീകരിക്കുന്ന ജലം, പമ്പ ഭൂതലസംഭരണിയില്‍ ശേഖരിച്ച്‌ ക്ലോറിനേഷന്‍ നടത്തി പമ്പാമേഖലയിലും നീലിമലബോട്ടം പമ്പ്‌ ഹൗസിലും തുടര്‍ന്ന്‌ നീലിമലടോപ്പ്‌ പമ്പ്‌ ഹൗസ്‌, അപ്പാച്ചിമേട്‌ പമ്പ്‌ ഹൗസ്‌ വഴി ശരംകുത്തി സംഭരണിയിലും സന്നിധാനം ദേവസ്വം സംഭരണികളിലേക്കും ശേഖരിച്ച്‌ സന്നിധാനത്തും കാനനപാതയിലും ജലവിതരണം ക്രമീകരിച്ചിരിക്കുന്നു.

ശബരിമല, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ്‌ 1.90 എംഎൽഡി ജലം ഏഴു ടാങ്കുകളിലായി സംഭരിച്ചു വിതരണം നടത്തുന്നുണ്ട്. ദേവസ്വം ബോര്‍ഡ്‌ കിയോസ്കുകളിലേക്കും ശൗചാലയങ്ങളിലേക്കും മറ്റ്‌ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ്‌ സ്ഥാപനങ്ങളിലേക്കും വാട്ടര്‍ അതോറിറ്റിയാണ് ശുദ്ധജലമെത്തിക്കുന്നത്.
നിലയ്ക്കലില്‍ 65 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്‍റെ 40 ലക്ഷം ലിറ്റര്‍ ടാങ്കിന്‌ പുറമെ, കേരള വാട്ടര്‍ അതോറിറ്റി 5 ലക്ഷത്തിന്റെ 3 സ്റ്റീല്‍ ടാങ്കുകളും 5000 ലിറ്ററിന്‍റെ 215 എച്ച്ഡിപിഇ ടാങ്കുകളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്‌. പമ്പയില്‍ നിന്ന് ടാങ്കര്‍ ലോറിയില്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യാനുസരണം കുടിവെള്ളമെത്തിച്ച്‌ വിതരണം ചെയ്യുന്നതാണ്‌ പതിവ്‌.ജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി ത്രിവേണി ഇന്‍ടേക്ക്‌ പമ്പ്‌ ഹൗസിനോട്‌ ചേര്‍ന്ന്‌ പ്രഷര്‍ ഫില്‍ട്ടര്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്‌. ഇവിടെ നിന്ന് ശുദ്ധീകരിച്ച ജലം മറ്റു പമ്പ്‌ ഹൗസുകളിലെത്തിച്ച്‌ ഇലക്ട്രോ ക്ലോറിനേഷൻ സംവിധാനം വഴി അണുനശീകരണം നടത്തുന്നു. ഈ ജലത്തെ വീണ്ടും റിവേഴ്‌സ്‌ ഓസ്മോസിസ് പ്ലാന്റ്‌ വഴി ശുദ്ധീകരിച്ച്‌ കിയോസ്കുകളിലൂടെ വിതരണം നടത്തുന്നു.

പമ്പയിലെ വാട്ടര്‍ അതോറിറ്റിയുടെ എൻഎബിഎൽ അക്രഡിറ്റേഷനുള്ള ലബോറട്ടറിയില്‍ കര്‍ശന പരിശോധന നടത്തിയ ശേഷമാണ്‌ കുടിവെള്ളം വിതരണം നടത്തുന്നത്‌. ഇന്‍ടേക്ക്‌ പമ്പ്ഹൗസ് പരിസരത്തേക്ക്‌ ആളുകള്‍ കടന്ന്‌ മാലിന്യം ഉണ്ടാകാതിരിക്കാന്‍ പൊലീസ്‌ സഹായത്തോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. വാട്ടര്‍ കിയോസ്കുകള്‍ കൃത്യമായി വൃത്തിയായി സൂക്ഷിക്കുന്നതിനും ജീവനക്കാരെ നിയമിക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments