Friday, November 15, 2024
Homeകായികംകൂച്ച് ബെഹാര്‍: കേരളത്തിനെതിരെ ബിഹാര്‍ 329 ന് പുറത്ത്.

കൂച്ച് ബെഹാര്‍: കേരളത്തിനെതിരെ ബിഹാര്‍ 329 ന് പുറത്ത്.

തിരുവനന്തപുരം: കൂച്ച് ബെഹാറില്‍ കേരളത്തിനെതിരെ ആദ്യ ഇന്നിങ്‌സില്‍ ബിഹാര്‍ 329 റണ്‍സിന് പുറത്ത്.
തോമസ് മാത്യുവിന്റെയും അഭിരാമിന്റെയും ബൗളിങ് മികവിലാണ് ബിഹാറിനെ ആദ്യ ദിനം തന്നെ കേരളം പുറത്താക്കിയത്.
കേരളത്തിനായി തോമസ് മാത്യു 17 ഓവറില്‍ 53 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കെസിഎയുടെ മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബിഹാറിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഫീല്‍ഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശെരിവെക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കും മുന്‍പെ ബിഹാറിന്റെ രണ്ട് വിക്കറ്റുകള്‍ കേരളം വീഴ്ത്തി.ഓപ്പണര്‍ ആദിത്യ സിന്‍ഹയെ(0) ആദ്യ ഓവറില്‍ തന്നെ അഭിരാം ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഷശ്വത് ഗിരിയെ(0) ആദിത്യ ബൈജുവും പുറത്താക്കി.
തുടര്‍ന്ന് സ്‌കോര്‍ മൂന്നിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ എം.ഡി അലാമിന്റെ(0) വിക്കറ്റും അഭിരാം വീഴ്ത്തി കേരളത്തിന് മേല്‍ക്കെ നല്‍കിയെങ്കിലും ദിപേഷ് ഗുപ്ത-പൃഥ്വിരാജ് സഖ്യം ബിഹാറിന്റെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.നാലാമനായി ഇറങ്ങിയ ദിപേഷ് അര്‍ദ്ധ സെഞ്ച്വറി കരസ്ഥമാക്കിയപ്പോള്‍ പൃഥ്വിരാജ് ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടി.
61 റണ്‍സെടുത്ത ദിപേഷിനെ സ്‌കോര്‍ 153 ല്‍ എത്തിയപ്പോള്‍ തോമസ് മാത്യു പുറത്താക്കി. തുടര്‍ന്ന് ക്രീസില്‍ നിലയുറപ്പിച്ച പൃഥ്വിയുടെ സെഞ്ച്വറി മികവിലാണ് ബിഹാര്‍ സ്‌കോര്‍ 300 കടത്തിയത്. 176 പന്ത് നേരിട്ട പൃഥ്വി 163 റണ്‍സെടുത്തു.

20 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. സ്‌കോര്‍ 299 ല്‍ എത്തിയപ്പോള്‍ തോമസ് മാത്യുവിന്റെ പന്തില്‍ അഹമ്മദ് ഇമ്രാന്‍ ക്യാച്ചെടുത്താണ് പൃഥ്വിയെ പുറത്താക്കിയത്.ബിഹാറിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങളാണ് കേരളത്തിന്റെ ബൗളിങ്ങിന് മുമ്പില്‍ പൂജ്യത്തിന് പുറത്തായത്. പത്താമനായി ഇറങ്ങിയ വസുദേവ് പ്രസാദിനെ അക്ഷയുടെ കൈകളിലെത്തിച്ച് തോമസ് മാത്യുവാണ് ബിഹാറിന്റെ ആദ്യ ഇന്നിങ്‌സ് 329 ന് അവസാനിപ്പിച്ചത്.

സെഞ്ച്വറി നേടിയ പൃഥ്വിരാജാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍.കേരളത്തിന് വേണ്ടി പത്ത് ഓവറില്‍ 32 റണ്‍സ് വഴങ്ങിയ അഭിരാം മൂന്ന് വിക്കറ്റും മുഹമ്മദ് ഇനാന്‍ രണ്ട് വിക്കറ്റും ആദിത്യ ബൈജു ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 22 റണ്‍സെടുത്തിട്ടുണ്ട്. അഹമ്മദ് ഖാനും(15) അക്ഷയ് എസ്.എസുമാണ്(7) ക്രീസില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments