രാവ് പങ്കിടാൻ എത്തിയ പെണ്ണവൾ
രാധയെന്നാണ് പേര് പറഞ്ഞത്
രാവുദിച്ചു വെളുക്കുന്നതിൻമുൻപേ
പോകണം എനിക്കെന്റെ മാളത്തിലായ്.
വശ്യമായുള്ള ചേലൊത്തമേനിയിൽ
വർണ്ണവസ്ത്രങ്ങൾ മെല്ലെയഴിച്ചവൾ,
വാക്കുകൾക്കൊന്നും കാതു
കൊടുക്കാതെ
കർമ്മകാണ്ഡം കടക്കുവാൻ
വെമ്പുന്നു.
അല്‌പശ്രംഗാര ലാസ്യഭാവത്തിലെൻ
വാക്കുകൾ വ്യർത്ഥമാണെന്നറിയുന്നു,
എങ്കിലും
എനിക്കെന്നിലേക്കെത്തുവാൻ
ഏറെദൂരം കടക്കുവാൻ നേരമായ്.
എത്രയോ ശക്തി
ചോർത്തിക്കളഞ്ഞവൾ
എത്രയോ
ശൈലശ്രംഗത്തിലേറ്റിയോൾ
നഗ്നമേനിയിൽ പെറ്റവയറിന്റെ
നേർത്തപാടുകൾ കാട്ടിത്തരുന്നവൾ.
കണ്ടു നിൽക്കേ കരുത്തിന്റെകാമ്പിലെ –
ശക്തിയാരോ വലിച്ചങ്ങെടുത്തപോൽ
പെറ്റപെണ്ണിന്റെ നെഞ്ചിൽ മുലപ്പാല് –
മർദ്ദമേൽക്കാതെ ഇറ്റിറ്റുവീഴുന്നു.
അമ്മയെന്നുളള ചിന്തയാലെന്നുടെ
ചുണ്ടിലേക്കിറ്റു പാൽച്ചുരത്തീടുന്ന –
നന്മനാളുകൾ ഓർമ്മയിലെത്തുന്നു –
നഷ്ടബാല്യങ്ങൾ മുന്നിൽ നിറയുന്നു.
പോകണം എനിക്കെത്രയും പെട്ടെന്ന്
എന്റെ കുഞ്ഞിൻ കരച്ചിലടക്കണം,
കാത്തിരിക്കുന്നു രോഗിയാംഭർത്താവ്
അന്നമൂട്ടിക്കൊടുക്കണം ചെന്നിട്ട്.
മെല്ലെ വാതിൽത്തുറന്നു കൊടുത്തു
ഞാൻ
നിന്റെ നഗ്നത വേഗം മറയ്ക്കുക
എന്റെ വാക്കിന്റെ
ശക്തിയാലെന്നപോൽ
പിൻതിരിഞ്ഞിട്ട് വേഗം മറഞ്ഞവൾ.