ബാംഗ്ലൂർ : ബെന്നാർഘട്ട റോഡിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. പേരാവൂർ പെരുന്തോടി അത്തൂർ കല്ലംപറമ്പിൽ വീട്ടിൽ കെ എസ് മുഹമ്മദ് സഹദ് (20), തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. രണ്ട് മണിയോടെ ബെന്നാർഘട്ട റോഡിലെ കമ്മനഹള്ളി ജങ്ഷനിൽ ഇരുവരും സഞ്ചരിച്ച ബൈക്ക് ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിനെ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റുകിടന്ന ഇരുവരെയും പോലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
പോലീസ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ വെച്ച് സഹദ് മരിച്ചു. റിഷ്ണുവിനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും അധികം താമസിയാതെ മരിച്ചു.
സഹദ് ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ഡിഗ്രി വിദ്യാർഥിയാണ്. റിഷ്ണു സ്വകാര്യ കമ്പനി ജീവനക്കാരനുമാണ്.
ഷംസുദ്ധീനാണ് മുഹമ്മദ് സഹദിന്റെ പിതാവ്. മാതാവ്, ഹസീന. സഹോദരൻ പരേതനായ യസീദ്.
പരേതനായ ശശീന്ദ്രനാണ് റിഷ്ണുവിന്റെ അച്ഛൻ. മാലൂർ പഞ്ചായത്ത് മുൻ അംഗവും സി പി എം. മാലൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജി ശശീന്ദ്രനാണ് അമ്മ. സഹോദരങ്ങൾ: അജന്യ, വിഷ്ണു. സെയ്ന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവന്നു. സഹദിന്റെ ഖബറടക്കം പെരിന്തോട് ജുമ മസ്ജിദിൽ നടക്കും.
ബെംഗളൂരു നഗരത്തിൽ ബൈക്കപകടങ്ങൾ പെരുകുകയാണ്. മഴ എത്തിയതോടെ അപകടങ്ങൾ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഐടി ജീവനക്കാരനായ മലയാളി ഡൊംലൂർ മേൽപാലത്തിനു സമീപം ബൈക്ക് അപകടത്തിൽ മരിച്ചത്. ബൈക്ക് ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ നസീർ (24) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശി പ്രണവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സമാനമായ രീതിയിൽ മറ്റൊരു മരണം കൂടി നടന്നു. കൊത്തന്നൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. ആലപ്പുഴ മാവേലിക്കര ചെറുകോൽ മുണ്ടുവേലിൽ അനീഷ് എം. ഇടിക്കുള (33) ഈ അപകടത്തിൽ മരിച്ചു.